Entertainment

രസവും സുഖവുമുള്ള വസ്ത്രം ധരിക്കൂ, ലൈംഗികദാരിദ്ര്യമുള്ള സമൂഹത്തെ ഓർക്കാൻ നേരമില്ല : റിമ കല്ലിങ്കൽ

നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ കഴിഞ്ഞ ദിവസമാണ് വ്യവസായി ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ നടിയെ പിന്തുണച്ചുകൊണ്ട് താര സംഘടന അമ്മയും വനിതകളുടെ സംഘടന, വിമൺ ഇൻ സിനിമ കളക്ടീവുമൊക്കെ ഹണി റോസിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഹണിയുടെ വസ്ത്രധാരണം ആണ് പ്രശ്നം എന്ന പേരിൽ വിമർശനങൾ ഉയർന്നിരുന്നു. അതിൽ പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കൽ.

സമകാലിക വിഷയങ്ങളിൽ പല രീതിയിലും റിമ കല്ലിങ്കൽ പ്രതികരിക്കാറുമുണ്ട്. ഇപ്പോഴിതാ സ്ത്രീകളോട് ഇഷ്‌ട വസ്‌ത്രം ധരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് റിമ കല്ലിങ്കൽ. ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ച ഒരു പോസ്‌റ്റിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം. വസ്‌ത്ര ധാരണത്തിൽ സമൂഹത്തെ ഭയക്കേണ്ടതില്ലെന്നും നമ്മുടെ താൽപര്യങ്ങളാണ് പ്രധാനമെന്നും താരം പറഞ്ഞുവയ്ക്കുന്നു. ഹണി റോസ്-ബോബി ചെമ്മണ്ണൂർ വിഷയം കത്തി നിൽക്കുന്ന വേളയിലാണ് റിമ കല്ലിങ്കലിന്റെ പോസ്‌റ്റ് എന്നതാണ് പ്രധാന കാര്യം.

റിമ കല്ലിങ്കലിന്റെ പോസ്റ്റ്‌ ഇങ്ങനെയാണ്.- ‘പ്രിയപ്പെട്ട സ്ത്രീകളേ, ഇടുമ്പോള്‍ നിങ്ങള്‍ക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക, ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകള്‍. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോര്‍ത്ത് ആശങ്കപ്പെടാന്‍ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്’ എന്നായിരുന്നു റിമ പോസ്‌റ്റിൽ കുറിച്ചത്.

 

രണ്ട് ദിവസം മുന്‍പായിരുന്നു ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് രംഗത്തെത്തിയത്. ഒരു ഉദ്ഘാടനത്തിനിടെ തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പിന്നാലെ ബോബിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ ബോബിയ്ക്ക് ജാമ്യമില്ലെന്ന വാര്‍ത്തകളും പുറത്തുവരികയാണ്. ജാമ്യാപേക്ഷ തള്ളിയതോടെ ബോബി ജയിലില്‍ പോകും. നിലവില്‍ 14 ദിവസത്തെ റിമാന്‍ഡിലാണ് ഇയാള്‍.

അതേസമയം, ‘ഡെലുലു’ എന്ന സിനിമയാണ് റിമ കല്ലിങ്കലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. അനുരാഗ് കശ്യപ് നായകനായി എത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. റൈഫില്‍ ക്ലബ്ബിന് ശേഷം അനുരാഗ് അഭിനയിക്കുന്ന മലയാള സിനിമ കൂടിയാകും ഇത്. റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, നിഖില വിമല്‍, ചന്ദു സലിംകുമാര്‍, ദാവീദ് പ്രക്കാട്ട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകും.