Entertainment

ആദ്യദിനം തന്നെ ഗെയിം ഓവർ ? രാം ചാരണിന്റെ ‘ഗെയിം ചേഞ്ചർ’ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടോ ?

തെലുങ്ക് സൂപ്പർസ്റ്റാർ രാം ചരണും സൂപ്പര്‍ സംവിധായകൻ ഷങ്കറും ഒന്നിച്ച ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ഗെയിം ചേഞ്ചർ’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലായി ഇന്ന് റിലീസ് ചെയ്തിരിക്കുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ ഉൾപ്പെടെ പല തിയേറ്ററുകളിലും അതിരാവിലെ തന്നെ ഷോ ആരംഭിച്ചു. 450 കോടിയിലേറെ മുടക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സിനിമയുടെ ആദ്യ ഷോകൾ അവസാനിക്കുമ്പോൾ മോശം പ്രതികരണങ്ങൾ ആണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ശങ്കറിന്റെ മുൻ ചിത്രമായ ഇന്ത്യൻ ടു വലിയ പരാജയം ഏറ്റുവാങ്ങിയതോടെ ഒരു വിജയം ശങ്കറിന് ആവശ്യമായിരുന്നു, എന്നാൽ അത് നേടാൻ കഴിഞ്ഞില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇന്ത്യൻ 2 വിനേക്കാൾ ഗെയിം ചേഞ്ചർ മികച്ചു നിൽക്കുന്നുവെങ്കിലും സംവിധായകന്റെ സ്ഥിരം സിനിമകളെ പോലെ ഉയരാൻ ചിത്രത്തിന് സാധിച്ചില്ലെന്നാണ് പ്രതികരണങ്ങൾ. അതിരാവിലെ ഷോ അവസാനിച്ചതോടെ എക്സ് അടക്കം സോഷ്യല്‍ മീഡിയകളില്‍ ചിത്രത്തിന്‍റെ അവലോകനങ്ങള്‍ നിറയുകയാണ്. ചിത്രത്തിന് ചില ആളുകള്‍ സമിശ്രമായ പ്രതികരണമാണ് നടത്തിയത്. ചിത്രം നല്‍കുന്ന സന്ദേശം മികച്ചതാണെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്.

സിനിമയിലെ ആദ്യ പകുതിയിലെ റൊമാൻസ് സീനുകളും കോമഡി ട്രാക്കും നിരാശപ്പെടുത്തിയെന്നും ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. സിനിമയുടെ രണ്ടാം പകുതി ആദ്യ പകുതിയേക്കാൾ ഭേദപ്പെട്ടതാണെന്നും എന്നാൽ ഷങ്കറിന്റെ തന്നെ മുൻ സിനിമകളെ ഓർമിപ്പിക്കും വിധം പ്രെഡിക്റ്റബിൾ ആണ് സിനിമയെന്നും അഭിപ്രായങ്ങളുണ്ട്. മോശം പ്രതികരണങ്ങൾക്കിടയിലും രാം ചരണിന്റെയും പ്രകടനത്തിനും തമന്റെ സംഗീതത്തിനും മികച്ച അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്.

അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് രാം ചരണ്‍ ചിത്രത്തില്‍ എത്തുന്നത്. ഷങ്കര്‍ ചിത്രങ്ങളില്‍ സാധാരണമായ വമ്പന്‍ കാന്‍വാസ് കാണാവുന്ന ചിത്രത്തില്‍ രാം ചരണിനൊപ്പം കിയാര അദ്വാനി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍, ജയറാം, നവീന്‍ ചന്ദ്ര, വെണ്ണല കിഷോര്‍, വിജയ കൃഷ്ണ നരേഷ്, ബ്രഹ്‍മാനന്ദം, രാജീവ് കനകല, രഘു ബാബു, പ്രിയദര്‍ശി പുലികൊണ്ട, സത്യ അക്കല, വെങ്കടേഷ് കകുമാനു, ചൈതന്യ കൃഷ്ണ, വിവ ഹര്‍ഷ, സുദര്‍ശന്‍, പൃഥ്വി രാജ്, റോക്കറ്റ് രാഘവ, പ്രവീണ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.