ചർമത്തിന്റെ തിളക്കം വീണ്ടെടുക്കാനും പ്രായക്കൂടുതൽ തോന്നാതിരിക്കാനും പല വഴികളുണ്ട്. എന്നാൽ ചിലയാളുകളുടെ ചർമം വളരെ സെൻസിറ്റീവാകും. അതിനാൽ ചർമ സംരക്ഷണത്തിനുള്ള എല്ലാ ടിപ്സും അവർക്ക് കൃത്യമായി ഉപയോഗിക്കാൻ കഴിയില്ല. ഇത്തരക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അനുയോജ്യമായ ഉത്പന്നങ്ങൾ കൊണ്ട് എങ്ങനെ ചർമം സംരക്ഷിക്കാം എന്നത്.
കെമിക്കലുകൾ അടങ്ങിയ ചർമ സംരക്ഷണ വസ്തുക്കൾ മാത്രമല്ല പ്രകൃതിദത്ത വസ്തുക്കൾ പോലും ഇവർക്ക് പലപ്പോഴും അസ്വസ്ഥതയുണ്ടാക്കും. സെൻസിറ്റീവ് ചർമം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് യാതൊരു വിധ ബുദ്ധിമുട്ടുമില്ലാതെ ചർമം തിളങ്ങാനായൊരു ഫെയ്സ് മാസ്ക്ക് തയാറാക്കിയാലോ? എങ്ങനെയെന്നല്ലേ നോക്കാം.
അര ടേബിൾ സ്പൂണ്‍ മഞ്ഞൾ, ഒരു ടേബിള്‍ സ്പൂൺ അലൊവേര ജെൽ, ഏതാനും തുള്ളി റോസ് വാട്ടർ എന്നിവയാണ് ഫെയ്സ് മാസ്ക്കിന് ആവശ്യമുള്ളത്. ആദ്യം ഇവ മൂന്നും ഒരു പാത്രത്തിലെടുക്കുക. അതിനു ശേഷം മൂന്നുകൂടി നന്നായി മിക്സ് ചെയ്തെടുക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടി 10 മിനിറ്റിനുശേഷം കഴുകികളയാം.
കറ്റാർ വാഴ ജെൽ ചർമത്തിന് ആശ്വാസമേകും. റോസ് വാട്ടറും മഞ്ഞളും ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും കരുവാളിപ്പ് മാറ്റുകയും ചെയ്യും. സെൻസിറ്റിവ് ചർമം ഉള്ളവർക്ക് യാതൊരുവിധ പ്രശ്നങ്ങളുമില്ലാതെ ഫലപ്രദമായി ഉപയോഗിക്കാൻ പറ്റിയ ഫെയ്സ് മാസ്ക്കാണിത്.