മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് പുരസ്‌കാരം. 2025-ലെ പ്രേംനസീർ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്‌കാരം നടൻ ജഗതി ശ്രീകുമാർ നേടി. പ്രേംനസീർ സുഹൃദ്സമിതി അരീക്കൽ ആയുർവേദാശുപത്രിയുടെ സഹകരണത്തോടെ ഹരിതം നിത്യഹരിതം എന്ന പേരിൽ 36-ാം ചരമവാർഷികമായ 16-ന് സംഘടിപ്പിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 6-ന് തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അനുസ്മരണം ഉദ്ഘാടനം ചെയ്യും. സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ചെയർമാൻ മധുപാൽ അധ്യക്ഷത വഹിക്കും. 75 വർഷം പിന്നിട്ട അണ്ടൂർക്കോണം എ.കെ.ജി.റിപ്പബ്ലിക് ലൈബ്രറിക്ക് മികച്ച ഗ്രന്ഥശാലയ്ക്കുള്ള പ്രേംനസീർ പുരസ്സകാരം ചടങ്ങിൽ സമർപ്പിക്കും. ജൂറി മെമ്പർമാരായ കുര്യാത്തി ഷാജി, പനച്ചമൂട് ഷാജഹാൻ, സ്മിത് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അതേസമയം പ്രഫസർ അമ്പിളിയായി സിനിമയിലേക്ക് തിരിച്ചിവരവിന് ഒരുങ്ങുകയായി ജഗതി. ജഗതിയുടെ എഴുപത്തിമൂന്നാം പിറന്നാൾ ദിനത്തിൽ പുതിയ സിനിമയായ വലയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. 2012-ൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് സിനിമകളിൽ സജീവമല്ലാതായ ജഗതി ശ്രീകുമാർ പ്രഫസർ അമ്പിളി എന്ന മുഴുനീള കഥാപാത്രമാണ് വലയിൽ അവതരിപ്പിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. സുരേഷ് ഗോപിയുടെ മക്കളായ ഗോകുല്‍ സുരേഷും മാധവ് സുരേഷും അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തത് അരുണ്‍ ചന്തുവാണ്.
2022 ല്‍ സിബിഐ 5- ദി ബ്രെയ്ന്‍ എന്ന ചിത്രത്തില്‍ ജഗതി മുഖം കാണിച്ചിരുന്നു. അതിനുശേഷം ഗംഭീര മേക്കോവറില്‍ താരം തിരിച്ചുവരവ് നടത്തുന്നത്. നരച്ച് പാറിപ്പറന്നുകിടക്കുന്ന തലമുടിയും കണ്ണടയും സ്യൂട്ട് ധരിച്ച് വീല്‍ ചെയറിലിരിക്കുന്ന ജഗതി ശ്രീകുമാറിന്‍റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവന്നത്. പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍ എന്ന പേരിലാണ് ജഗതി ശ്രീകുമാര്‍ എത്തുന്നത്. പങ്കുവച്ച് നിമിഷങ്ങള്‍ക്കകം പോസ്റ്റര്‍ സൈബറിടത്ത് വൈറലായിരുന്നു.