Celebrities

ഐശ്വര്യയില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല, പെണ്ണ് വെടക്കായി; അധിക്ഷേപ കമന്റിന് മറുപടി നല്‍കി നടി| aishwarya-lakshmi

ഹലോ മമ്മി എന്ന സിനിമയാണ് ഐശ്വര്യ നായികയായി അഭിനയിച്ച അവസാനം തിയറ്ററുകളിലേക്ക് എത്തിയ മലയാള സിനിമ

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ സിനിമ. പിന്നാലെ വന്ന മായാനദി സൂപ്പര്‍ ഹിറ്റായി മാറിയതോടെ ഐശ്വര്യ ലക്ഷ്മി താരമായി മാറുകയായിരുന്നു. മായാനദിയിലൂടെ അപ്പുവായി മലയാളികളുടെ മനസില്‍ എന്നെന്നും ഇടം നേടിയെടുക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.പിന്നാലെ വന്ന വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രങ്ങളും വിജയിച്ചതോടെ ഐശ്വര്യ തന്റെ സ്ഥാനം അതിവേഗം ഉറപ്പിച്ചു.  ഹലോ മമ്മി എന്ന സിനിമയാണ് ഐശ്വര്യ നായികയായി അഭിനയിച്ച അവസാനം തിയറ്ററുകളിലേക്ക് എത്തിയ മലയാള സിനിമ. ഇനി തെലുങ്കിലും തമിഴിലുമൊക്കെ ഐശ്വര്യയുടെ സിനിമകള്‍ വരാനിരിക്കുകയാണ്.

തഗ്ഗ് ലൈഫ് എന്ന സിനിമയാണ് ഐശ്വര്യയുടേതായി അടുത്ത് വരാനിരിക്കുന്ന സിനിമ. അടുത്ത വര്‍ഷമായിരിക്കും ഈ സിനിമ എത്തുക. ഇതിനൊപ്പം തെലുങ്കിലും തമിഴിലും രണ്ട് സിനിമകള്‍ കൂടി ഐശ്വര്യയുടേതായി വരുന്നുണ്ട്. മണിരത്‌നത്തിന്റെ പൊന്നിയന്‍ സെല്‍വനിലൂടെ ഗംഭീര പ്രകടനം കാഴ്ച വെച്ച ഐശ്വര്യ തമിഴ്‌നാട്ടിലും തിളങ്ങി നില്‍ക്കുകയാണ്.

ഇതിനിടയില്‍ ചില വിവാദങ്ങളിലും ഐശ്വര്യ പെട്ടിരുന്നു. അതിലൊന്ന് ഷേക്ക് ഹാന്‍ഡ് പ്രശ്‌നമാണ്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ സന്തോഷ് വര്‍ക്കി എന്നയാള്‍ നടിയുടെ അടുത്ത് ഷേക്ക് ഹാന്‍ഡ് ചോദിച്ചു വരികയും നടി അത് നല്‍കാതെ തിരിഞ്ഞു നില്‍ക്കുകയും ചെയ്തിരുന്നു. ഈ വീഡിയോ വളരെ പെട്ടെന്ന് സമൂഹ മാധ്യങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു.

വീഡിയോ ആദ്യം കണ്ടവരൊക്കെ നടി അഹങ്കാരി ആണെന്നും ഒരു ഷേക്ക് ഹാന്‍ഡ് കൊടുത്താല്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ചു. ഇത്തരത്തില്‍ നടിയ്‌ക്കെതിരെ വിമര്‍ശനങ്ങളുമായി പലരുമെത്തി. എന്നാല്‍ ഈ വ്യക്തി നിരന്തരം നടിയുടെ പിന്നാലെ നടന്ന് കൈനീട്ടുകയും ഷേക്ക് ഹാന്‍ഡ് ആവശ്യപ്പെടുകയുമായിരുന്നു. നടി അയാളെ പരിഗണിക്കുകയും ഷേക്ക് ഹാന്‍ഡ് നല്‍കുകയും ചെയ്തിരുന്നു.

ഒരു ദിവസം തന്നെ നാലഞ്ചു തവണ ഇത് ആവര്‍ത്തിച്ചതോടെയാണ് ഐശ്വര്യ അയാളെ ഗൗനിക്കാതിരുന്നത്.

 

ഇപ്പോഴിതാ ഐശ്വര്യ ലക്ഷ്മി പങ്കുവച്ച പുതിയ ചിത്രങ്ങളും വൈറലായി മാറിയിരിക്കുകയാണ്. പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് ധാരം ധരിച്ചിരിക്കുന്നത്. ബോള്‍ഡ് ലുക്കിലുള്ള ഐശ്വര്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

മോയ്‌സ്റ്ററൈസ്ഡ് ആയിരിക്കുക, സ്വന്തം കാര്യം നോക്കുക എന്ന ക്യാപ്ഷനോടെയാണ് ഐശ്വര്യ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. അതേസമയം സോഷ്യല്‍ മീഡിയയിലെ ചിലര്‍ ഐശ്വര്യയുടെ വസ്ത്രധാരണം കണ്ട് അസ്വസ്ഥരായിരിക്കുകയാണ്. നിരവധി പേരാണ് താരത്തെ വിമര്‍ശിച്ചും അധിക്ഷേപിച്ചും കമന്റുമായി എത്തിയിരിക്കുന്നത്. ഐശ്വര്യയില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നും പെണ്ണ് വെടക്കായി എന്നുമൊക്കെയാണ് ചിലരുടെ കമന്റുകള്‍. ചില വിമര്‍ശനങ്ങള്‍ക്ക് ഐശ്വര്യ തന്നെ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.

‘മാം പറയുന്നതില്‍ ക്ഷമിക്കണം. ഈ വസ്ത്രത്തില്‍ നിങ്ങളെ കാണാന്‍ ഭംഗിയില്ല. ഫുള്‍ വസ്ത്രത്തിലാണ് നിങ്ങളെ കാണാന്‍ ഭംഗി.’ എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ ഐശ്വര്യ മറുപടിയുമായി എത്തുകയായിരുന്നു. ‘ക്ഷമിക്കണം സഹോദരാ. അടുത്ത തവണ ഫുള്‍ ഡ്രസ് ഇട്ട് വരാം. ഓക്കെ?’ എന്നായിരുന്നു ഐശ്വര്യയുടെ മറുപടി. ‘എന്റെ ഐഷു ഇങ്ങനെ ഇല്ല. ഇത് എന്റെ ഐഷു അല്ല.’ എന്നായിരുന്നു മറ്റൊരു കമന്റ്. ‘അത് പിന്നെ ഞാന്‍. ഞാന്‍ പിന്നെ അത്. പിന്നെ അത് ഞാന്‍.’ എന്നാണ് അയാള്‍ക്ക് ഐശ്വര്യ നല്‍കിയ മറുപടി.

ഐശ്വര്യയുടെ പോസ്റ്റുകളും കമന്റുകളും സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. നടിമാരുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുമ്പോഴാണ് മൈന്റ് യുവര്‍ ബിസിനസ് എന്നു പറഞ്ഞു കൊണ്ട് ഐശ്വര്യ ലക്ഷ്മി ബോള്‍ഡ് ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

content highlight: aishwarya-lakshmi-goes-bold-in-latest-photoshoot