Movie News

സൂക്ഷ്മദർശിനി ഒടിടിയിലേക്ക്; ഇന്നുമുതൽ ഡിസ്നി പ്ലസ്സ് ഹോട്ട്സ്റ്റാറിൽ ലഭ്യമാകും| OTT release

ബേസിൽ ജോസഫ്- നസ്രിയ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമാണ് സൂക്ഷ്മദർശിനി

ബേസിൽ ജോസഫ്- നസ്രിയ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമാണ് സൂക്ഷ്മദർശിനി. ചിത്രം ഒ.ടി.ടിയിൽ എത്തുന്നു. ജനുവരി 11ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രത്തിന്റെ സ്ട്രീമിങ് ഹോട്സ്റ്റാർ ഔദ്യോഗികമായി പ്രഖാപിച്ചിട്ടുണ്ട്.

2024 ൽ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു സൂക്ഷ്മദർശിനി. എം.സി ജിതിന്റെ സംവിധാനത്തിൽ നവംബർ 22 ന് തിയറ്ററുകളിലെത്തിയ ചിത്രം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു.

അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ നസ്രിയയും ബേസിലും അവതരിപ്പിച്ചിരിക്കുന്നത്.ഇവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന കൗതുകവും ഉദ്വേഗജനകവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.

സൂക്ഷ്മദർശിനിയിൽ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

 

content highlight : sookshmadarshini-ott-release-date-announced