Entertainment

തലയുമായി ക്ലാഷിനില്ല ; ചിയാൻ വിക്രം ചിത്രം ‘വീര ധീര സൂരൻ’ റിലീസ് മാറ്റി

അജിത്ത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് വിഡാമുയര്‍ച്ചി. ചിത്രം അനിശ്ചിതമായി നീണ്ടുപോയത് ചര്‍ച്ചയായിരുന്നു. എന്നാൽ ഇപ്പോൾ ചിത്രം ജനുവരി 23 ന് തിയേറ്ററുകളിൽ എത്തിക്കാൻ നിർമാതാക്കൾ പദ്ധതിയിടുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ ഇത് ബാധിച്ചത് ചിയാൻ വിക്രം ചിത്രം ‘വീര ധീര സൂരൻ’ റിലീസിനെയാണ്. അജിത് സിനിമയുമായി ക്ലാഷ് ഒഴിവാക്കാൻ വീര ധീര സൂരൻ റിലീസ് മാറ്റിവെച്ചെന്നുള്ള വാർത്തകൾ ആണ് പുറത്തുവരുന്നത്.

ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് വീര ധീര സൂരൻ. വിക്രമിന്റെ കഴിഞ്ഞ ഏതാനും റിലീസുകൾക്ക് തിയേറ്ററുകളിൽ വലിയ വിജയം നേടാനായിട്ടില്ല. വലിയ പ്രതീക്ഷയോടെ എത്തിയ പാ രഞ്ജിത്ത് ചിത്രം തങ്കലാന്‍ പ്രശംസകള്‍ നേടിയെങ്കിലും സാമ്പത്തികമായി നിരാശയാണ് സമ്മാനിച്ചത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടെയാണ് വിക്രം ആരാധകർ ഈ സിനിമക്കായി കാത്തിരിക്കുന്നത്. ജനുവരി അവസാനത്തോടെ ചിത്രം തിയേറ്ററിലെത്തും എന്നായിരുന്നു റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. ഇപ്പോൾ മാർച്ച് 28 ന് വിക്രം സിനിമ റിലീസ് ചെയ്യുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്. വേറിട്ട മേയ്‍ക്കോവറിലാണ് വിക്രം വരാനിരിക്കുന്ന ചിത്രത്തില്‍ ഉണ്ടാകുക. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘ചിത്താ’ എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഒരു നാടൻ ആക്ഷൻ ത്രില്ലറാകും വീര ധീര സൂരൻ എന്ന ഉറപ്പ് നൽകുന്നതാണ് ടീസർ.

രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ പാർട്ട് 2 ആണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. ‘മല്ലിക കടൈ’ എന്നാണ് ഈ രണ്ടാമത്തെ ചാപ്റ്ററിന്റെ പേര്. തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറായിരിക്കും സിനിമയ്ക്കായി കാമറ ചലിപ്പിക്കുക. പേരൻപ്, കർണ്ണൻ, മാമന്നൻ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നൻപകൽ നേരത്ത് മയക്കം, ഓസ്ലർ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചത് തേനി ഈശ്വറായിരുന്നു. ദുഷാര വിജയനാണ് സിനിമയിൽ നായികാ വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.

അതേസമയം അജിത് ചിത്രം വിഡാമുയർച്ചി സെൻസറിംഗ് കഴിഞ്ഞിരിക്കുകയാണ്. യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ച അജിത്ത് ചിത്രം രണ്ട് മണിക്കൂറും 30 മിനിറ്റുമാണ് ദൈര്‍ഘ്യം. പൊങ്കല്‍ റിലീസായിരിക്കും ചിത്രം എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അനിവാര്യമായ ചില കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് നീട്ടിവയ്‍ക്കുകയാണെന്നാണ് നിര്‍മാതാക്കള്‍ വ്യക്തമാക്കിയത്. ഇത് ആരാധകരെ കടുത്ത നിരാശരാക്കിരുന്നു. അജിത്തിന്റെ വിഡാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയി.