തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായിരുന്നു 2023ൽ പുറത്തെത്തിയ ജയിലര്‍. പേട്ടയ്ക്ക് ശേഷം രജനികാന്തിന്‍റെ താരമൂല്യത്തെ ഉപയോഗപ്പെടുത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍ തുടങ്ങിയവരുടെ അതിഥിവേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. പ്രതിനായകനായി എത്തിയ വിനായകനും വലിയ കൈയടി ലഭിച്ചു. ബീസ്റ്റ് എന്ന സിനിമയ്ക്ക് ശേഷം സംവിധായകൻ നെൽസൺ ദിലീപ് കുമാറിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ജയിലർ. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആ സമയം മുതല്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രഖ്യാപനത്തെക്കുറിച്ചുള്ള ചെറിയൊരു സൂചന നൽകിയിരിക്കുകയാണ് നിർമാതാക്കളായ സൺ പിക്ചേഴ്സ്.
‘സൺ പിക്‌ചേഴ്‌സിന്റെ അടുത്ത സൂപ്പർ സാഗ. ഒരു ഗംഭീര അന്നൗൺസ്‌മെന്റിനായി ഒരുങ്ങിക്കോളൂ’, എന്ന ക്യാപ്ഷനോടൊപ്പം ഒരു വീഡിയോ നിർമാതാക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സൺ പിക്‌ചേഴ്‌സിന്റെ ഇതുവരെയുള്ള സിനിമകളുടെ ഒരു മാഷപ്പ് വീഡിയോ ആണ് ഉള്ളടക്കം. വീഡിയോയുടെ അവസാനം ദി നെക്സ്റ്റ് സൂപ്പർ സാഗ എന്നെഴുതി കാണിക്കുന്നുമുണ്ട്. ഇതോടെയാണ് ഇത് ജയിലർ 2 വിന്റെ അപ്ഡേറ്റ് ആണെന്ന് സോഷ്യൽ മീഡിയ ഉറപ്പിച്ചത്.
ഇതിന് മുൻപായി ചിത്രത്തിന്റെ പേര് ജെയിലർ 2 എന്ന പേര് നൽകാൻ നെൽസൺ തീരുമാനിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ജയിലര്‍ 2 ന് ഇടാന്‍ രണ്ട് പേരുകളാണ് നെല്‍സണ്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പ്രോജക്റ്റുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തത്. ജയിലര്‍ 2, ഹുക്കും എന്നിവയാണ് ആ പേരുകള്‍. ഇതില്‍ ജയിലറില്‍ രജനികാന്തിന്‍റെ പഞ്ച് ഡയലോഗിനൊപ്പം വന്ന ഹുക്കും എന്ന വാക്ക് പേരായി വരുന്നതിനോടാണ് അണിയറക്കാരില്‍ കൂടുതല്‍ പേര്‍ക്കും താല്‍പര്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റ് നെല്‍സണ്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും രജനികാന്തിന്‍റെ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെ കൂടുതല്‍ ആഴത്തില്‍ സമീപിക്കുന്നതാവും രണ്ടാം ഭാഗമെന്നുമൊക്കെയായിരുന്നു റിപ്പോർട്ടുകൾ.
ജയിലറിൽ വിനായകൻ, രമ്യ കൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന, വി ടി വി ഗണേഷ് എന്നിവർക്കൊപ്പം മോഹൻലാലും കന്നഡ നടൻ ശിവരാജ് കുമാറും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ വേഷത്തിന് മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആയിരുന്നു ചിത്രം നിർമിച്ചത്. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ആർ നിർമൽ ആയിരുന്നു.
അനിരുദ്ധ് ആയിരുന്നു സിനിമയ്ക്കായി സംഗീതം നിർവഹിച്ചത്. സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിക്കുന്നത്. ഇതിന്റെ ഷൂട്ടിംഗ് കഴിഞ്ഞാലുടൻ താരം ജയിലർ 2 വിൽ ജോയിൻ ചെയ്യും.