ഫിറ്റനസിന് ഏറെ പ്രാധാന്യം കൊടുക്കുന്ന സിനിമ താരമാണ് ദക്ഷിണേന്ത്യന്‍ സൂപ്പര്‍താരമായ നാഗാര്‍ജുന അക്കിനേനി. 65കാരനായ നാഗാര്‍ജുന ഈ പ്രായത്തിലും യുവത്വം കാത്തുസൂക്ഷിക്കുന്നത് പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. പലരും അദ്ദേഹത്തോട് ഈ ആരോഗ്യത്തിന്റെ രഹസ്യം ചോദിക്കാറുണ്ട്. ഇപ്പോഴിതാ ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
പതിവ് വ്യായാമവും സമീകൃതാഹാരവും ഉൾപ്പെടുന്ന അച്ചടക്കമുള്ള ജീവിതമാണ് താൻ പിന്തുടരുന്നതെന്ന് താരം പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി തന്റെ ദിനചര്യയിൽ ജിം ട്രെയിനിങ്ങും കാർഡിയോയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നാഗാർജുന പറഞ്ഞു. തന്റെ ജീവിതത്തിൽ ദിവസവും ഏതെങ്കിലും തരത്തിലുള്ള വ്യായാമം ഉൾപ്പെടുത്താൻ ഇഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘കഴിഞ്ഞ 30 മുതൽ 35 വർഷമായി ഇത് മുടങ്ങാതെ ചെയ്യുന്നു. സ്ഥിരമായി ഇത് തുടരുകയാണ് പ്രധാനം. ഞാൻ ദിവസം മുഴുവൻ സജീവമായിരിക്കും. ജിമ്മിൽ പോകുന്നില്ലെങ്കിൽ നടക്കാനോ നീന്താനോ പോകും’
ആഴ്ചയിൽ അഞ്ച് ദിവസം താൻ വ്യായാമം ചെയ്യാറുണ്ടെന്ന് താരം പറഞ്ഞു. ജിമ്മിൽ 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ നന്നായി വിയർക്കാറുണ്ട്. “കാർഡിയോ ആയാലും മറ്റ് പരിശീലനമായാലും, എല്ലായ്‌പ്പോഴും നിങ്ങളുടെ ഹൃദയമിടിപ്പ് നിങ്ങളുടെ പരമാവധി നിരക്കിന്റെ 70 ശതമാനത്തിന് മുകളിൽ നിലനിർത്തുക. നിങ്ങളുടെ വ്യായാമങ്ങൾക്കിടയിൽ അധികം വിശ്രമിക്കരുത്, ഇരിക്കരുത്’- അദ്ദേഹം പറഞ്ഞു.
നിങ്ങൾ ചെയ്യുന്ന വ്യായാമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, നിങ്ങളുടെ ഹൃദയമിടിപ്പ് ഒരു നിശ്ചിത ലെവലിനു മുകളിലാണെന്ന് ഉറപ്പാക്കുക, അത് ദിവസം മുഴുവൻ നിങ്ങളുടെ മെറ്റബോളിസം ഉയർന്ന നിലയിൽ നിലനിർത്തും… നിങ്ങളുടെ ശരീരത്തിനായി ദിവസവും ഒരു മണിക്കൂർ മുതൽ 45 മിനിറ്റ് വരെ നീക്കിവക്കുക- നാഗാർജുന പറഞ്ഞു. കായിക പരിശീലനത്തിന് പുറമെ, ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടതിന്റെ പ്രാധാന്യവും നാഗാർജുന ഊന്നിപ്പറഞ്ഞു. വൈകുന്നേരം 7 മണിക്കോ പരമാവധി 7.30 മണിക്കുള്ളിലോ അത്താഴം പൂർത്തിയാക്കാറുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
കൂടാതെ, വ്യായാമത്തിന് മുമ്പുള്ള തന്റെ പ്രഭാതഭക്ഷണത്തിൽ ‘കൊറിയൻ വിഭവമായ കിമ്മി, കാബേജ് കൊണ്ടുണ്ടാക്കിയ സോർക്രൗട്ട് എന്നിവ പോലുള്ള പ്രകൃതിദത്ത പ്രോബയോട്ടിക്കുകൾ’ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇവ ചൂടുവെള്ളത്തിനൊപ്പമോ കാപ്പിയുടെ കൂടേയെ കഴിക്കാമെന്നും അദ്ദേഹം പറഞ്ഞു.