അക്ഷരങ്ങളുടെ അദൃശ്യരാഗങ്ങള്‍ അലയടിക്കുന്നു മൂന്നാമത് നിയമസഭ പുസ്തകോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ യുവാക്കളുടെ നിറഞ്ഞ സാന്നിധ്യം ശ്രദ്ധേയമായി. അവധി ദിവസങ്ങളായ ശനിയാഴ്ചയും ഞായറാഴ്ചയും യുവാക്കളുടെ നീണ്ട നിരയാണ് പുസ്തകോത്സവ വേദിയില്‍ ദൃശ്യമായത്. വായന അന്യം നിന്നു പോയെന്ന് വിലപിക്കുന്നവര്‍ക്ക് നല്‍കിയ ചുട്ട മറുപടിയാണ് യുവജനതയുടെ ഈ പങ്കാളിത്തം.
ഒട്ടുമിക്ക സ്റ്റാളുകളിലും യുവാക്കളുടെ തിരക്ക് അനുഭവപ്പെട്ടു. മേളയുടെ ആറാം ദിനം നാലുമണി മുതല്‍ വേദി ഒന്നില്‍ നടന്ന കെ.എല്‍.ഐ.ബി.എഫ് ഡയലോഗില്‍ പ്രശസ്ത യുവ എഴുത്തുകാരനും, കോളമിസ്റ്റും, ചരിത്രകാരനുമായ മനു എസ് പിള്ളയും എന്‍.ഇ. സുധീറും തമ്മില്‍ ‘ചരിത്രത്തിലെ ഹിന്ദു’ എന്ന വിഷയത്തില്‍ ഒരു സെഷന്‍ നടന്നിരുന്നു. വേദി ഒന്നും മുഴുവന്‍ മനുവിനെ കേള്‍ക്കാന്‍ യുവാക്കളുടെ നല്ലൊരു നിരയെത്തി. ഐവറി ത്രോണ്‍: ക്രോണിക്കിള്‍സ് ഓഫ് ദി ഹൗസ് ഓഫ് ദി ട്രാവന്‍കൂര്‍, റിബല്‍ സുല്‍ത്താന്‍സ്: ദി ഡെക്കാന്‍ ഫ്രം ഖില്‍ജി ടു ശിവാജി, ദി കോര്‍ട്ടെസാന്‍, ദി മഹാത്മ ആന്‍ഡ് ദി ഇറ്റാലിയന്‍ ബ്രാഹ്‌മിണ്‍, ഗോഡ്‌സ് ഗണ്‍സ് ആന്റ് മിഷണറീസ് മേക്കിങ് ഓഫ് മോഡേണ്‍ ഹിന്ദു ഐഡന്റിറ്റി എന്നീ പുസ്തകങ്ങളിലൂടെ യുവഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച മനു എസ്. പിള്ളയെ കേള്‍ക്കാനും, അദ്ദേഹത്തിന്റെ കൈയൊപ്പ് വാങ്ങുവാനും യുവാക്കളുടെ തന്നെ നിയമസഭയുടെ പ്രവേശന കവാടത്തില്‍ നിരന്നു.
വേദി ഏഴില്‍ നിയമസഭ പുസ്തകോത്സവ പ്രവേശന കവാടത്തിനടുത്തായി പ്രശസ്തരായ വ്യക്തികളുടെ സിഗ്നേച്ചര്‍ പുസ്തകങ്ങളില്‍ ഒപ്പിട്ടു വാങ്ങാന്‍ അവസരം ഒരുക്കിയിരുന്നു. ചെറിയ ചാറ്റല്‍ മഴയെ അവഗണിച്ച് നിരവധി പേരാണ് മനു എസ്. പിള്ളയെ അവിടെ കാത്തിരുന്നത്. ഗോഡ്‌സ് ഗണ്‍സ് ആന്റ് മിഷണറീസ് മേക്കിങ് ഓഫ് മോഡേണ്‍ ഹിന്ദു ഐഡന്റിറ്റി എന്ന പുസ്തകം വേദി ഏഴില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതിനു മുന്നില്‍ വന്ന് നിരവധി പേര്‍ സെല്‍ഫിയുമെടുത്തു.
ഇങ്ങനെ യുവ എഴുത്തുകാരെ രണ്ട് കൈ നീട്ടിയാണ് പുസ്തകോത്സവത്തിന് എത്തിയ യുവ നിര സ്വീകരിച്ചത്. കഴിഞ്ഞ ദിവസം വന്ന മറ്റൊരു യുവ എഴുത്തുകാരനും റാം c/o ആനന്ദിയുടെ എഴുത്തുകാരന്‍ അഖില്‍ പി. ധര്‍മ്മജനു ചുറ്റും യുവാക്കള്‍ കൂടിയിരുന്നു. ജോസഫ് അന്നംകുട്ടി ജോസിനെ കേള്‍ക്കാനും നിരവധി നിരവധി യുവാക്കളാണ് നിയമസഭ പുസ്തകോത്സവത്തില്‍ എത്തിയത്. ആംഗലേയ സാഹിത്യത്തിലെ ബെസ്റ്റ് സെല്ലറുകള്‍ വാങ്ങിക്കൂട്ടാനും ഇവര്‍ മറന്നില്ല. അതിനോടൊപ്പം മലയാളത്തിലെ മികച്ച പുസ്തകങ്ങളും ഇവര്‍ സ്വന്തമാക്കി. വായന മരിച്ചുപോകുന്നതും പുതിയ തലമുറയ്ക്ക് പുസ്തകത്തിനോട് താല്‍പര്യം ഇല്ലെന്നും പറയുന്നവര്‍ക്കുള്ള മറുപടിയാണ് മേളയിലെ വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെ സാന്നിധ്യം. വെറുതെ വന്ന് കാഴ്ചകള്‍ കണ്ടു പോകാതെ മികച്ച സെഷനുകളില്‍ പങ്കെടുക്കുകയും, പുസ്തക സ്റ്റാളുകള്‍ കയറി ഇറങ്ങി തങ്ങള്‍ക്കു വേണ്ട മികച്ച എഴുത്തുകള്‍ വാങ്ങിക്കുന്ന ഇവര്‍ മേളയുടെ വരുംകാല അംബാസഡര്‍മാരായി മാറുന്നു.