മനുഷ്യനെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നം അവനവനെകുറിച്ചും ആനന്ദങ്ങളെകുറിച്ചുമുള്ള ഭയമാണെന്ന് ആര്‍. രാജശ്രീ. മീറ്റ് ദി ഓതര്‍ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. ആനന്ദങ്ങളെയും ലോകത്തിന്റെ സൗന്ദര്യത്തെയും മനുഷ്യന് ഭയമാണ്. സ്ത്രീകളെ പരിശീലിപ്പിക്കുന്നത് പോലും എല്ലാ സൗന്ദര്യങ്ങളില്‍നിന്നും അടര്‍ത്തിയെടുത്ത് ജീവിക്കാനാണ്.
തന്റെ നോവലുകളിലെ ദേശം ഭൂപ്രദേശം മാത്രമല്ല. ആത്രേയകം രാഷ്ട്രീയ ഭൂമിക കൂടിയാണ്. സ്വാതന്ത്ര്യമുള്ള, നിരീക്ഷണങ്ങള്‍ക്ക് വിധേയമാകാത്ത ഇടം സാധ്യമാണ് എന്നതാണ് ആത്രേയകം എന്ന ദേശം പറഞ്ഞുവെക്കുന്നത്. ഭയമാണ് ഇന്നത്തെ ലോകത്തെ ഭരിക്കുന്നതെന്നതിനു എത്രയും ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. വംശഹത്യയുടെ സൂചനകള്‍ മഹാഭാരതത്തിലും കണ്ടെത്താനാകും. ഏകശിലാ ദേശീയതയ്ക്കുവേണ്ടിയുള്ള യുദ്ധമാണ് മഹാഭാരത്തിന്റേതെന്ന് പറയാന്‍ എഴുത്തുകാര്‍ തയ്യാറാകണം. പല കഥാപാത്രങ്ങളുടെ കാഴ്ചപ്പാടില്‍ ആറുതവണ തിരുത്തിയെഴുതിയാണ് ആത്രേയകം പൂര്‍ത്തിയാക്കിയത്. മാറ്റിയെഴുത്ത് തെറ്റല്ല, സര്‍ഗാത്മകതയുടെ കുറവുമില്ല. പൂര്‍ണതയിലെത്തിക്കാനുള്ള ഉത്തരവാദിത്തം മാത്രമാണതെന്നും രാജശ്രീ പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ കെ മധു പങ്കെടുത്തു.