Entertainment

ചെല്ലുന്നിടത്തെല്ലാം ‘തല’ സൂപ്പർസ്റ്റാർ ; റേസിങ്ങിൽ വിജയം നേടി അജിത്തിന്റെ ടീം

തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അജിത് കുമാർ. എന്നാൽ ഇന്ത്യൻ സിനിമയിലെ മറ്റാർക്കും ഇല്ലാത്ത ഒട്ടേറെ പ്രത്യേകതകൾ താരത്തിനുണ്ട്. പൊതുവെ താൻ അഭിനയിച്ച ചിത്രങ്ങളുടെ പ്രമോഷൻ പരിപാടികളിലോ അല്ലെങ്കിൽ അഭിമുഖങ്ങളിലോ പോലും നമുക്ക് അജിതിനെ കാണാൻ കഴിയില്ല. എങ്കിലും തന്റെ പാഷനുകൾ നേടിയെടുക്കാനും അതിനായി സമയം കണ്ടെത്താനും അജിത് എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ വേണ്ടിയും കൂടുതൽ യാത്രകൾ പോവാൻ വേണ്ടിയും സിനിമകളിൽ നിന്ന് ബ്രേക്ക് എടുക്കുന്ന സ്വഭാവവുമുണ്ട് താരത്തിന്. വർഷത്തിൽ ഒരു സിനിമ എന്ന തോതിൽ മാത്രമാണ് ഇപ്പോൾ അജിത് ചെയ്‌തു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അടുത്തിടെ താരത്തിന്റെ കാർ റേസിംഗിനിടെ തകർന്നു തരിപ്പണമായ സംഭവം വലിയ രീതിയിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു. എന്നാൽ താരത്തിന്റെ റേസിങ് പ്രിയം അതുകൊണ്ടൊന്നും തീരുന്നില്ല. 24 എച്ച് ദുബായ് 2025 എൻഡ്യൂറൻസ് റേസിൽ മൂന്നാം സ്ഥാനം നേടി. 991 വിഭാഗത്തിൽ തമിഴ് ടീം അജിത് കുമാർ റേസിംഗ് ഡ്രൈവറായ ബൈ ബാസ് കോറ്റൻ മൂന്നാം സ്ഥാനം കരസ്ഥമാക്കിയെന്നാണ് വിവരം. അദ്ദേഹത്തിൻ്റെ മാനേജർ സുരേഷ് ചന്ദ്ര എക്‌സിൽ ഈ വിവരം കുറിച്ചു.

ജിടി 4 വിഭാഗത്തിൽ സ്പിരിറ്റ് ഓഫ് ദി റേസ് അംഗീകാരവും താരത്തിന് ലഭിച്ചു. നേരത്തെ പരിശീലനത്തിനിടെ ബ്രേക്ക് തകരാർ മൂലമുണ്ടായ അപകടത്തിന് ശേഷം അജിത്ത് കുമാറിന്‍റെയും ടീമിന്‍റെയും ശക്തമായ തിരിച്ചുവരവാണ് ഇത്. അതേ സമയം ദുബായിലെ റൈസിംഗിന് ശേഷം ദേശീയ പതാകയുമായി ആഘോഷിക്കുന്ന അജിത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലാണ്. അജിത്തിന്‍റെ ഭാര്യ ശാലിനിയും മക്കളായ അനൗഷ്കയും റേസിംഗ് വേദിയില്‍ എത്തിയിരുന്നു. തനിക്ക് പ്രചോദനമായി നിന്നതിന് ശാലിനിക്ക് നന്ദിയും അജിത് പറഞ്ഞു. തമിഴിലെ നിരവധി നടന്മാരാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെക്കുന്നത്.

അജിത്തിന്‍റെ ചിത്രം ഗുഡ് ബാഡ് അഗ്ലിയുടെ സംവിധായകന്‍ ആദിക് രവിചന്ദ്രന്‍ അജിത്ത് റേസിന് ശേഷം പുരസ്കാരം വാങ്ങുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അജിത്തിന്‍റെ നേട്ടം രാജ്യത്തിന് അഭിമാനം എന്നാണ് ആദിക് കുറിച്ചത്. ആദിക്കും റേസ് കാണുവാനായി ദുബായില്‍ ഉണ്ടായിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അജിത്ത് ഒരു കാർ അപകടത്തിൽ പെട്ടതായി കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ക്ലിപ്പിൽ അതിവേഗം പായുന്ന ഒരു കാർ ഒരു റേസ് ട്രാക്കിന്‍റെ സൈഡ് സേഫ്റ്റി ഗാർഡിലേക്ക് ഇടിച്ച് കറങ്ങുകയായിരുന്നു. എന്നാൽ സംഭവത്തിൽ നിന്ന് പരിക്കേൽക്കാതെ അജിത്ത് സുരക്ഷിതനായി.