ജയം രവിയും നിത്യ മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് കാതലിക്കാ നേരമില്ലൈ. സമീപകാലത്ത് വൻ വിജയങ്ങള്‍ നേടാനാകാത്തതിനാല്‍ ചിത്രത്തിന്റെ വിജയം ജയം രവിക്ക് അനിവാര്യമാണ്. ജനുവരി 14നായിരിക്കും റിലീസ്. ഇപ്പോൾ ബുക്ക് മൈ ഷോയില്‍ ട്രെൻഡിംഗായി ചിത്രം മാറിയിരിക്കുകയാണ്.
കിരുത്തിഗ ഉദയനിധിയുടെ സംവിധാനത്തില്‍ വരുന്ന ചിത്രം കാണാൻ 16600 പേരാണ് താല്‍പര്യപ്പെട്ടിരിക്കുന്നത്. നിത്യാ മേനന്റെ പേരാണ് ആദ്യം ചിത്രത്തില്‍ ഉപയോഗിക്കുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു ജയം രവി. നിത്യ മേനന്റെയും തന്റെയും കഥാപാത്രത്തിന് ചിത്രത്തില്‍ തുല്യ പ്രധാന്യമാണ് എന്ന് അഭിമുഖത്തില്‍ പറയുന്നു ജയം രവി. നിത്യാ മേനോന്റെ പേര് ചിത്രത്തില്‍ ആദ്യം ഉപയോഗിച്ചതിന് അതിനാലാണെന്നും വ്യക്തമാക്കിയിരുന്നു നടൻ.
ഒന്നിൽ അധികം പ്രണയ ബന്ധങ്ങളുമായി നടക്കുന്ന ജയം രവിയും ഗർഭിണിയായ നിത്യ മേനോനും തമ്മിലുള്ള രംഗങ്ങളും രസകരമായ മുഹൂർത്തങ്ങളുമായാണ് ചിത്രം മുന്നോട്ട് പോകുന്നതെന്ന് ട്രെയിലർ വ്യക്തമാക്കിയിരുന്നു. പറഞ്ഞു കേട്ട ചില കഥകളാണ് സിനിമയ്‍ക്ക് അടിസ്ഥാനമെന്ന് കിരുത്തിഗ ഉദയനിധി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ചില യഥാര്‍ഥ സംഭവങ്ങളും തന്റെ സിനിമയ്‍ക്ക് പ്രചോദനമായെന്നനും കിരുത്തിഗ ഉദയനിധി വെളിപ്പെടുത്തി.
റെഡ് ജെയ്ന്റ് മൂവിസാണ് നിര്‍മിക്കുന്നത്. എം. ഷേന്‍ഭാഗ മൂര്‍ത്തി, ആര്‍ അര്‍ജുന്‍ ദുരൈ എന്നിവരാണ് സഹനിര്‍മാതാക്കള്‍. ചിത്രത്തിലെ ഗാനത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ‘യെന്നൈ ഇഴുക്കതടി’ എന്ന ഗാനമാണ് പ്രേക്ഷക പ്രീതി നേടിയത്. എ.ആര്‍ റഹ്‌മാനും ഗാനം ആലപിച്ച ദീയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയം രവിയും നിത്യ മേനനുമെല്ലാം എത്തുന്ന രീതിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. വിവേകാണ് വരികളെഴുതിയിരിക്കുന്നത്. സര്‍ക്കസിന്റെ പശ്ചാത്തലത്തില്‍ നൂല്‍പ്പാവ രൂപത്തില്‍ നില്‍ക്കുന്ന ഡാന്‍സേഴ്‌സിനൊപ്പം ആട്ടവും പാട്ടുമായാണ് താരങ്ങളെത്തുന്നത്. ഗാനത്തിലെ ഹൂക്ക് സ്റ്റെപ്പും വരികളുമാണ് പ്രേക്ഷകരെ ആകർഷിച്ചത്.
ജയം രവിയും ഒരു കരിയർ ബ്രേക്കിന് ശേഷം എത്തുന്ന ചിത്രം എന്ന പ്രത്യേകത കാതലിക്ക നേരമില്ലൈ എന്ന പുത്തൻ ചിത്രത്തിനുണ്ട്. സമീപകാലത്ത് വൻ വിജയങ്ങള്‍ നേടാൻ താരത്തിന് സാധിച്ചിരുന്നില്ല. അതിനാൽ തന്നെ കാതലിക്കാ നേരമില്ലൈ ചിത്രത്തിലാണ് ജയം രവി ആരാധകരുടെ പ്രതീക്ഷ. അതേസമയം ദേശീയ പുരസ്‌കാരം നേടിയ ‘തിരുച്ചിത്രമ്പല’ത്തിന് ശേഷം നിത്യ മേനന്‍ തമിഴ് സ്‌ക്രീനുകളിലെത്തുന്ന ചിത്രമായിരിക്കും ഇത്.