Health

മധുര പ്രിയർ അറിയാൻ ; ഡയറ്റിൽ നിന്ന് പഞ്ചസാര ഒഴിവാക്കൂ… ​ഗുണങ്ങൾ നിരവധി

മധുരം അധികം കഴിക്കുന്നത് ശരീരത്തിനും ആരോ​ഗ്യത്തിനും അത്ര നല്ലതല്ല എന്ന് നമുക്ക് അറിയാമെങ്കിലും അത് ഒഴിവാക്കാൻ പലപ്പോളും തയ്യാറാകാറില്ല എന്നതാണ് സത്യം. ചായ പോലും പായസത്തോളം മധുരത്തിൽ കുടിച്ചാൽ മാത്രമേ സംത്യപ്തി ലഭിക്കൂ എന്നുള്ളവരാണ് പലരും. അതുകൊണ്ട് തന്നെ മധുരം പൂർണമായും ഒഴിവാക്കുന്നതിനെക്കുറിച്ച് പലർക്കും ആലോചിക്കാൻ കഴിയില്ല. എന്നാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം നമ്മുടെ ആരോഗ്യം വഷളാക്കും. പഞ്ചസാര പൂര്‍ണമായി ഒഴിവാക്കിയാലുള്ള ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.

പഞ്ചസാരയുടെ ഉപയോ​ഗം കൂടിയാൽ അത് ശരീരത്തിലെ കലോറി ഉയർത്തി അമിത വണ്ണം, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളിലേക്ക് നമ്മെ നയിക്കുന്നു. അതിനാൽ പഞ്ചസാര ഒഴിവാക്കിയാല്‍ കലോറി ഉപഭോഗത്തിലും കാര്യമായ കുറവ് വരും.ശരീരഭാരം കൂടുന്നതിന് തടയാനും ഇത് ഗുണം ചെയ്യും. ഒറ്റ ദിവസം കൊണ്ട് ആർക്കും മധുരം നിർത്താൻ കഴിയില്ല. ക്രമേണ അത് കുറച്ചുകൊണ്ടുവരാൻ മാത്രമേ കഴിയൂ.

അതിന്റെ ആദ്യഘട്ടം എന്നോണം മിഠായികൾ, മധുരപലഹാരങ്ങൾ, ശീതള പാനീയങ്ങൾ എന്നിവയുടെ ഉപയോ​ഗം കുറക്കുക. ഒന്നോ രണ്ടോ ആഴ്ച കൊണ്ട് നമുക്ക് വിജയം കാണാൻ കഴിയും. അതിന് പിന്നാലെ പാലുൽപ്പന്നങ്ങൾ, പഴച്ചാറുകളും ജ്യൂസുകളുമൊക്കെ പഞ്ചസാര സ്രോതസ്സുകളാണ്. അതിനാല്‍ ഇവയുടെ ഉപയോഗവും ഒഴിവാക്കുക. ചായയും കാപ്പിയും വേണമെന്ന് നിർബന്ധമുള്ളവരാണെങ്കിൽ മധുരം പരമാവധി കുറച്ച് ഉപയോ​ഗിക്കുക. പിന്നാലെ പതിയെ അത് പൂർണമായും ഒഴിവാക്കാൻ കഴിയും. പുറത്തു നിന്നും വാങ്ങുന്ന ഭക്ഷണ പാക്കറ്റുകളുടെ ലേബല്‍ പരിശോധിച്ച് പഞ്ചസാര അടങ്ങിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ കൂടി ശ്രമിക്കുക. ഈ ദൗത്യങ്ങൾ എല്ലാം വിജയിച്ചാൽ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ നമുക്ക് കണ്ടും അനുഭവിച്ചും തന്നെ മനസിലാക്കാൻ കഴിയും.

പഞ്ചസാരയുടെ കൂടുതലായി ഉപയോഗിക്കുന്നത് എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നീ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പഞ്ചസാര ഒഴിവാക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്താം. പഞ്ചസാര ഒഴിവാക്കിയാല്‍ ദന്തക്ഷയ സാധ്യത കുറയ്ക്കും. പല്ലുകളും മോണകളും ആരോഗ്യം മെച്ചപ്പെടും. പഞ്ചസാര ഒഴിവാക്കിയാല്‍ ചര്‍മത്തിന്റെ ആരോഗ്യവും മെച്ചപ്പെടും.

അമിതമായ പഞ്ചസാര ഉപഭോഗം ശരീരഭാരം കൂട്ടും. പഞ്ചസാര കുറയ്ക്കുന്നത് ശരീരഭാരം കൂടുന്നത് തടയാനും അമിതവണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കാനും ഉപകരിക്കും.ഉയര്‍ന്ന പഞ്ചസാരയുടെ ഉപഭോഗം ഇന്‍സുലിന്‍ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ അപകടസാധ്യത കൂട്ടും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നതിനും ഇടയാക്കും. പഞ്ചസാര ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇന്‍സുലിന്‍ പ്രതിരോധത്തിനുള്ള സാധ്യത കുറയ്ക്കാനും ​ഗുണം ചെയ്യും.