Celebrities

അമിത മദ്യപാനിയും ലഹരി മരുന്നിന് അടിമയും; കാനഡയിൽ നിന്ന് വരെ കോളുകൾ; വീഡിയോ വൈറലായതോടെ ഒടുവിൽ പ്രതികരിച്ച് വിശാൽ | vishal reacted to his health issues

സംസാരിക്കാന്‍ പോലും കഴിയാത്ത അത്രയും അവസ്ഥയില്‍ വിശാല്‍ വിറക്കുന്നുണ്ടായിരുന്നു

തമിഴ് സിനിമാ ലോകത്തും കേരളത്തിലുമടക്കം നിരവധി ആരാധകർ ഉള്ള നടൻ ആണ് വിശാൽ. എന്നാൽ അടുത്തകാലത്തായി താരത്തെ പൊതുപരിപാടികളിൽ അധികം കാണാറില്ല. അതിന് പിന്നാലെ വിശാലിന്റെ ആരോഗ്യം മോശമാണ് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയാക്കിയ വിശാലിന്റെ മധ ഗജ രാജ എന്ന ചിത്രം ഈ ജനുവരി 12 ന് ആണ് തിയേറ്ററുകളിൽ എത്തിയത്.

അതിന്റെ ഭാഗമായി കുറച്ച് ദിവസങ്ങൾക്കു മുൻപ് ഒരു പൊതുപരിപാടി നടന്നിരുന്നു. ആ ചടങ്ങിന് എത്തിയ വിശാലിന്റെ അവസ്ഥയാണ് ഏറെ ദാരുണം ആയിരുന്നു. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച്, ക്ലീന്‍ ഷേവിലാണ് വിശാല്‍ എത്തിയത്. ആരോഗ്യം നന്നായി ക്ഷീണിച്ചതായി കാണാം. സംസാരിക്കാന്‍ പോലും കഴിയാത്ത അത്രയും അവസ്ഥയില്‍ വിശാല്‍ വിറക്കുന്നുണ്ടായിരുന്നു. വിശാലിനെ സുരക്ഷിതമായി കസേരയിൽ ഇരുത്തിയത് നടൻ കൂടിയായ ഈ ചിത്രത്തിന്‍റെ സംഗീതസംവിധായകൻ വിജയ് ആന്‍റണിയാണ്. അന്ന് വീഡിയോ കണ്ടവരെല്ലാം ഇത് വിശാൽ തന്നെയാണോയെന്ന് പോലും സംശയിച്ചു.

വൃദ്ധരുടേതിന് സമാനമായിരുന്നു വിശാലിന്റെ ശാരീരികാവസ്ഥ. എപ്പോഴും ആരോ​ഗ്യവാനായ വിശാലിനെ മാത്രമെ പ്രേക്ഷകർ കണ്ടിട്ടുള്ളു. ആക്ഷൻ ഹീറോയായാണ് നടൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായത് തന്നെ. അതിനാൽ വിശാലിന്റെ അവശത നിറഞ്ഞ അവസ്ഥ ആരാധകരെയും സങ്കടപ്പെടുത്തി. വിശാലിന്റെ വീഡിയോ വൈറലായതിന് പിന്നാലെ നടനുമായി ബന്ധപ്പെട്ടും ശാരീരികാവസ്ഥയുമായി ബന്ധപ്പെട്ടും നിരവധി കഥകൾ പ്രചരിച്ചു.

വിശാൽ അമിത മദ്യപാനിയും ലഹരി മരുന്നിന് അടിമയാണെന്നും വരെ പ്രചരിച്ചിരുന്നു. തമിഴ് സിനിമയുമായി ചേർന്ന് നിൽക്കുന്നവർ തന്നെയാണ് നടനെ കുറിച്ച് കഴമ്പില്ലാത്ത കാര്യങ്ങൾ പറഞ്ഞ് പരത്തിയവരിൽ ഏറെയും. ഇപ്പോഴിതാ ഒരാഴ്ചയ്ക്കുശേഷം വീണ്ടും മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് വിശാൽ. വിറയലും അവശതകളും എല്ലാം മാറി ആരോ​ഗ്യവാനായ നടനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

മധ ഗജ രാജയുടെ പ്രീമിയറിന് എത്തിയതായിരുന്നു താരം. സിനിമയെ കുറിച്ച് സംസാരിക്കുന്നതിനൊപ്പം തന്റെ പേരിൽ പ്രചരിക്കുന്ന കഥകളൊന്നും സത്യമല്ലെന്നും താൻ ഇപ്പോൾ പൂർണ ആരോ​ഗ്യവാനാണെന്നും വിശാൽ പറഞ്ഞു. വൈറൽ വീഡിയോ ചർച്ചയായശേഷം ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും കോളുകളും മെസേജുകളും കുമിഞ്ഞ് കൂടുകയാണെന്നും വിശാൽ പറയുന്നു.

പന്ത്രണ്ട് വർഷം കഴിഞ്ഞ് സിനിമ റിലീസ് ചെയ്യാൻ പോകുന്നു. പന്ത്രണ്ട് വർഷം മുമ്പുള്ള സിനിമയാണെന്ന് തോന്നുകയേയില്ല. പൊങ്കൽ എല്ലാവരും സന്തോഷത്തോടെ വീട്ടിൽ ആഘോഷിക്കുമെന്ന് ഞാൻ കരുതുന്നു. ഈ സിനിമയെ പറ്റിയല്ലാതെ മറ്റൊരു വിഷയം പ്രധാനമായും ഇന്ന് ഇവിടെ പറയാൻ ഞാൻ ആ​ഗ്രഹിക്കുന്നു. തമിഴ്നാട്ടിൽ നിന്നും മാത്രമല്ല കാനഡയിൽ നിന്ന് വരെ എനിക്ക് ഫോൺ കോളുകൾ വരുന്നു. എന്റെ ആരോ​ഗ്യവുമായി ബന്ധപ്പെട്ട് എല്ലാവരും തെറ്റായ ചില കാര്യങ്ങൾ പ്രചരിപ്പിച്ചു.

ഞാൻ അപ്പോളോ ആശുപത്രിയിൽ അഡ്മിറ്റായതുമായി ബന്ധപ്പെട്ടല്ലാം വാർത്തകൾ വന്നു. യഥാർത്ഥത്തിൽ അങ്ങനെയൊന്നും തന്നെയില്ല. എനിക്ക് അന്ന് കടുത്ത പനിയായിരുന്നു. ശാരീരികമായി ഒട്ടും കഴിയാത്ത അവസ്ഥയിലായിരുന്നു. ഇത്ര വർഷം കഴിഞ്ഞ് സിനിമ റിലീസാവുകയാണെന്ന് ചിന്തിച്ചപ്പോഴും സുന്ദർ സാറിന്റെ മുഖം കണ്ടപ്പോഴും ആ ഫങ്ഷൻ മിസ് ചെയ്യാതെ പങ്കെടുക്കണമെന്ന് എനിക്ക് തോന്നി.

അതുകൊണ്ടാണ് എന്നാൽ കഴിയും വിധം ചടങ്ങിന് പങ്കെടുത്തതും സംസാരിച്ചതും. അല്ലാതെ മറ്റൊരു പ്രശ്നങ്ങളുമില്ല. എനിക്ക് വേണ്ടി ഒരുപാട് പേർ പ്രാർത്ഥിച്ചു, ക്ഷേത്രത്തിൽ നേർച്ച കഴിപ്പിച്ചുവെന്നെല്ലാം അറിയാൻ കഴിഞ്ഞു. അതിന് ഞാൻ നിങ്ങളോട് എന്നും കടപ്പെട്ടിരിക്കും. ഇനിയും റിപ്ലെ കൊടുക്കാനുള്ള മെസേജുകൾ നിരവധി കുമിഞ്ഞ് കിടക്കുന്നുണ്ട്.

വേ​ഗം സുഖം പ്രാപിക്കൂവെന്ന് ആശംസിച്ച് വന്ന മെസേജുകളാണ് എന്നെ ഇന്ന് ഇവിടെ സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുന്നത് എന്നാണ് വിശാൽ പറഞ്ഞത്. 1989ൽ ഒരു തെലുങ്ക് ചിത്രത്തിൽ ബാലതാരമായിട്ടാണ് വിശാല്‍ കരിയർ ആരംഭിച്ചത്. 2004ൽ ഗാന്ധി കൃഷ്ണ സംവിധാനം ചെയ്ത ചെല്ലമേ എന്ന ചിത്രത്തിലൂടെയാണ് നായകനായി ഇദ്ദേഹം അരങ്ങേറിയത്. അതിനുശേഷം സണ്ടക്കോഴി, തിമിര്, ശിലപ്പതികാരം, താമിരഭരണി, മലൈക്കോട്ടൈ, സത്യം തുടങ്ങിയ തുടര്‍ച്ചയായ വിജയങ്ങള്‍ വിശാല്‍ നേടി.

ആക്ഷന്‍ റോളുകളില്‍ തന്‍റെ കഴിവ് തെളിയിച്ച വിശാല്‍ തമിഴ് നടികര്‍ സംഘത്തിന്‍റെ പ്രസിഡന്‍റായും നിര്‍മ്മാതാക്കളുടെ സംഘടന നേതാവായും ഒക്കെ പ്രവര്‍ത്തിച്ചിരുന്നു.

CONTENT HIGHLIGHT: vishal reacted to his health issues