അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ കഥാപാത്രങ്ങൾ ലഭിച്ച നടിയാണ് നിത്യ മേനോൻ. തിരുച്ചിത്രമ്പലം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നിത്യയെ തേടി വന്നു. നിത്യയേക്കാൾ പുരസ്കാരത്തിന് അർഹരായ നടിമാരുണ്ടെന്നും തിരുച്ചിത്രമ്പലത്തിൽ ദേശീയ പുരസ്കാരം ലഭിക്കാൻ മാത്രം ഒന്നുമില്ലെന്നും വാദം വന്നു. ഗാർഗിയിലെ പ്രകടനത്തിന് സായ് പല്ലവിക്കാണ് പുരസ്കാരം ലഭിക്കേണ്ടിയിരുന്നത് എന്നും ചിലർ അഭിപ്രായപ്പെട്ടു. ഇതേക്കുറിച്ച് നിത്യ ഒരു അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി. തനിക്ക് ലൈറ്റ് ആയ സിനിമകൾ ചെയ്യാനാണിഷ്ടം. ഡാർക് സിനിമകൾ ഇഷ്‌ടമല്ല. തിരുച്ചിത്രമ്പലത്തിലെ പ്രകടനത്തിന് പുരസ്കാരം ലഭിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നും നിത്യ മേനോൻ വ്യക്തമാക്കി.
തുടക്ക കാലത്ത് മലയാള സിനിമാ രംഗത്ത് സജീവമായിരുന്നെങ്കിലും ഇപ്പോൾ വല്ലപ്പോഴുമേ നടി മലയാളത്തിൽ സാന്നിധ്യം അറിയിക്കാറുള്ളൂ. തുടരെ സിനിമകൾ ചെയ്താൽ കുറച്ച് കാലം നടി മാറി നിൽക്കാറുണ്ട്. ഈ ഇടവേളകൾ തനിക്ക് അനിവര്യമാണെന്നാണ് നിത്യ പറയാറുള്ളത്.
സിനിമാ രംഗത്തോട് നിത്യക്ക് താൽപര്യമില്ല. അവസരം കിട്ടിയാൽ ഈ രംഗം ഉപേക്ഷിച്ച് പോകുമെന്നാണ് നിത്യ പറയുന്നു. പുതിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
സിനിമാ രംഗത്തോട് തനിക്കുള്ള അനിഷ്ടത്തിന്റെ കാരണങ്ങൾ വ്യക്തമാക്കുകയാണ് നിത്യ മേനോനിപ്പോൾ. ഇൻഡസ്ട്രിയിലെ അധികാരശ്രേണി തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നെന്ന് നടി പറയുന്നു.
ഗലാട്ട പ്ലസുമായുള്ള അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ. ക്ലിയർ കട്ടായ ഹൈറാർക്കിയുണ്ട്. ഹീറോ, ഡയറക്ടർ, നായിക. അങ്ങനെയാണ് നിങ്ങളുടെ കാരവാനിടുക, സ്റ്റേജിലേക്ക് വിളിക്കുന്നതും അതിനനുസരിച്ചാണ്. ആരതി ഉഴിയുകയാാണെങ്കിൽ ഈ ക്രമത്തിലാണ് വരിക. ആളുകൾ നിൽക്കുന്ന ക്രമത്തിലല്ല ആരതി കൊടുക്കുക. ഇത് തന്നെ ഏറെ അലട്ടുന്നുണ്ട്. ഇത് പോലൊരു ജീവിതം ജീവിക്കണോ എന്ന് തോന്നും.
വളരെ ചെറിയ മനസുകളാണ്. സാധാരണ പോലെ പെരുമാറുക. ആളുകൾക്ക് അവരർഹിക്കുന്ന ക്രെഡിറ്റ് നൽകുക. അത് സ്ത്രീയായാലും പുരുഷനായാലും. പക്ഷെ കൊടുക്കില്ല. നടന് മാത്രമേ ക്രെഡിറ്റുള്ളൂ. നടൻമാർ പെർഫോം ചെയ്യുമ്പോൾ സെറ്റ് മുഴുവൻ ക്ലാപ്പ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. പക്ഷെ സാധാരണ പെർഫോമൻസായിരിക്കുമത്. അതേസമയം ഞാൻ പെർഫോം ചെയ്യുമ്പോൾ ഷോട്ട് അവർക്കിഷ്ടപ്പെടും. പക്ഷെ സെറ്റ് പൂർണ നിശബ്ദതയിലായിരിക്കും.
റിയാക്ട് ചെയ്യണോ എന്ന് ചിന്തിച്ച് എല്ലാവരും പരസ്പരം നോക്കും. എന്തിനാണത്?, ഇങ്ങനെ ചെയ്താൽ ആ വ്യക്തിക്ക് ഇഷ്ടപ്പെടുമോ എന്ന് ചിന്തിക്കുന്നെന്നും നിത്യ മേനോൻ തുറന്നടിച്ചു.
അതേസമയം സെറ്റുകളിലെ ഹൈറാർക്കിയെ ചോദ്യം ചെയ്യുന്ന നിത്യ കഴിഞ്ഞ ദിവസം അസിസ്റ്റന്റിനോട് വേർതിരിവ് കാണിച്ചെന്ന വിമർശനം വന്നിരുന്നു. പുതിയ ചിത്രം കാതലിക്ക നേരമില്ലെയുടെ ഇവന്റിന് എത്തിയതായിരുന്നു നിത്യ. വേദിയിലേക്ക് കയറവെ ഒരാൾ കൈ കാണിച്ചു.
എന്നാൽ കൈ കൊടുക്കാൻ നടി തയ്യാറായില്ല. തനിക്ക് സുഖമില്ലെന്നാണ് നിത്യ പറഞ്ഞത്. ഇതേ ചടങ്ങിൽ വെച്ച് നിത്യ സംവിധായകനും നടനുമായ മിസ്കിനെയുൾപ്പെടെ കെട്ടിപ്പിടിക്കുന്നുണ്ട്. നിത്യ ദേഷ്യക്കാരിയാണെന്ന സംസാരം സിനിമാ ലോകത്തുണ്ട്. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം നടി സംസാരിച്ചു. വർക്ക് കൃത്യമായി ചെയ്യാത്തപ്പോൾ ചൂണ്ടിക്കാട്ടും. ചിലർക്ക് തെറ്റ് ചൂണ്ടിക്കാണിച്ചാൽ ഇഷ്ടപ്പെടില്ല. ഈഗോയിസ്റ്റായ ഇത്തരം ആളുകൾ തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പറയുമെന്നും നിത്യ മേനോൻ തുറന്നടിച്ചു.
content highlight: nithya-menen-slams-the-hierarchy-in-film-set