Movie News

തീപാറും ആക്‌ഷനുമായി ഇതാ വരുന്നു; ‘റൈഫിൾ ക്ലബ്ബ്’ ഒടിടിയിലേക്ക് | rifle club to stream in netflix soon

തികച്ചും ഒരു റെട്രോ സ്റ്റൈൽ സിനിമയായാണ് ചിത്രം എത്തുന്നത്

ആഷിഖ് അബുവിന്റെ സംവിധാനത്തിലെത്തി തീപാറും ആക്‌ഷനുമായി തിയറ്ററുകളിൽ പ്രേക്ഷക പ്രീതി നേടിയ ‘റൈഫിൾ ക്ലബ്ബ്’ ഒടിടിയിലേക്ക്. ഈ മാസം 16 മുതൽ നെറ്റ്ഫ്ലിക്സിലൂടെയാണ് റൈഫിൾ ക്ലബ് സ്ട്രീം ചെയ്യുക. ചെറുത്തുനിൽപ്പിന്‍റേയും ഒത്തൊരുമയുടെയും തോക്കുകളുടേയുമൊക്കെ കഥയുമായെത്തിയ ‘റൈഫിൾ ക്ലബ്ബി’ന് പ്രേക്ഷകരേകിയത് ഗംഭീര വരവേൽപ്പാണ്.

തികച്ചും ഒരു റെട്രോ സ്റ്റൈൽ സിനിമയായാണ് ചിത്രം എത്തുന്നത്. ഗൺ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിക്കാനായി വിനീത് കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രം ദിലീഷ് പോത്തന്റെ അടുത്തെത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഒ പി എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് നിര്‍വഹിക്കുന്നത്.

വിജയരാഘവൻ, റാഫി, വിനീത് കുമാർ, സുരേഷ് കൃഷ്ണ, ഹനുമാന്‍ കൈന്‍ഡ്, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്സ്, സജീവ് കുമാർ, കിരൺ പീതാംബരൻ, ഉണ്ണി മുട്ടത്ത്, ബിബിൻ പെരുമ്പിള്ളി, ചിലമ്പൻ, ഇന്ത്യൻ എന്നിവരടക്കമുള്ള വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.

റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, സുഹാസ് എന്നിവർ ചേർന്നാണ്. മായാനദിക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘മഞ്ഞുമ്മല്‍ ബോയ്‌സി’ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ.

CONTENT HIGHLIGHT: rifle club to stream in netflix soon