മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡിലേക്ക് പ്രിയദർശൻ തിരിച്ചെത്തുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ഇന്‍ഡസ്ട്രിയും പ്രതീക്ഷിക്കുന്നില്ല. അതിനാൽ തന്നെ ബോളിവുഡില്‍ പ്രിയദര്‍ശനോളം ഹിറ്റുകള്‍ സൃഷ്ടിച്ച ഒരു മലയാളി സംവിധായകന്‍ ഇല്ല എന്ന് തന്നെ പറയാം. അക്ഷയ് കുമാര്‍ ആണ് ഇക്കുറി പ്രിയന്‍റെ നായകന്‍. ഭൂത് ബംഗ്ല എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ചിത്രത്തിൽ തബുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2026 ഏപ്രിലിലാവും ചിത്രം തിയറ്ററുകളില്‍ എത്തുക.
ഇപ്പോഴിതാ ചിത്രത്തില്‍ ജോയിന്‍ ചെയ്ത സന്തോഷം പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം. ലൊക്കേഷനില്‍ നിന്നുള്ള ക്ലാപ്പ് ബോര്‍ഡിന്‍റെ ചിത്രമാണ് തബു ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഞങ്ങള്‍ ഇവിടെ അകപ്പെട്ടിരിക്കുകയാണെന്നാണ് ചിത്രത്തിനൊപ്പം തബു കുറിച്ചിരിക്കുന്നത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തബു ഒരു പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. 2000 ല്‍ പുറത്തെത്തിയ സ്നേഹിതിയേ (രാക്കിളിപ്പാട്ടിന്‍റെ തമിഴ്, ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളം, ഹിന്ദി പതിപ്പുകള്‍ റിലീസ് ചെയ്യപ്പെട്ടത്) ആയിരുന്നു ഇരുവരും ഒന്നിച്ച അവസാനചിത്രം.
ജയ്പൂരിലെ ചോമു പാലസിലാണ് സിനിമയുടെ ചിത്രീകരണം നിലവില്‍ പുരോഗമിക്കുന്നത്. പ്രിയദര്‍ശനും അക്ഷയ് കുമാറും ഭൂല്‍ ഭുലയ്യ ചിത്രീകരിച്ചതും ഇതേ ലൊക്കേഷനിലാണ്. സിനിമയിലെ 60 ശതമാനം രംഗങ്ങളും ഇവിടെയാവും ചിത്രീകരിക്കുന്നത്. ഭൂത് ബംഗ്ലയിലെ ചില അതീന്ത്രീയ ശക്തികളുള്ള ബംഗ്ലാവായി ചിത്രത്തില്‍ എത്തുന്നത് ചോമു പാലസ് ആണ്. വമിഖ ഗബ്ബി, പരേഷ് റാവല്‍, അസ്രാണി, രാജ്‍പാല് യാദവ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജയ്പൂര്‍ കൂടാതെ മുംബൈയും ലണ്ടനും ചിത്രത്തിന്‍റെ ലൊക്കേഷനുകളാണ്.
STORY HIGHLIGHT: tabu joins bhooth bangla directed by priyadarshan