സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പ്രാവിൻകൂട് ഷാപ്പ്’ എന്ന ചിത്രത്തിലെ ആദ്യത്തെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. നായക് ശശികുമാർ എഴുതിയ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകർന്ന് അപർണ്ണ ഹരികുമാർ, പത്മജ ശശികുമാർ, ഇന്ദു സനാഥ്, വിഷ്ണു വിജയ് എന്നിവർ ആലപിച്ച ചെത്ത് സോംഗ് ആണ് റിലീസായിരിക്കുന്നത്. ജനുവരി 16 ന് ചിത്രം തിയേറ്ററിൽ എത്തും.
അൻവർ റഷീദ് എന്റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ചാന്ദ്‌നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ എസ് തുടങ്ങിയ പ്രമുഖരും വേഷമിടുന്നു. ഡാര്‍ക്ക് ഹ്യൂമര്‍ ശൈലിയിൽ ഒരുക്കുന്ന ഈ ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.
കൗതുകം ജനിപ്പിക്കുന്നതും ആകാംക്ഷ നിറയ്ക്കുന്നതുമായ സിനിമയുടെ ട്രെയിലർ അടുത്തിടെ തരംഗമായിരുന്നു. ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടർന്ന് നടക്കുന്ന അന്വേഷണവുമൊക്കെ ഉൾപ്പെട്ടതാണ് സിനിമയെന്നാണ് സൂചന. ‘മഞ്ഞുമ്മൽ ബോയ്‌സി’ന്‍റെ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്.
STORY HIGHLIGHT: pravinkoodu shappu cheth song out