അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ആനന്ദ് ശ്രീബാല’. തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ആനന്ദ് ശ്രീബാലയുടെ തിരക്കഥ രൂപപ്പെട്ടത് എന്ന് അണിയറ പ്രവർത്തകർ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ ലോ കോളേജിൽ നിന്നും നിയമവിദ്യാർത്ഥിനിയെ കാണാതാകുന്നതും തുടർന്ന് വിദ്യാർത്ഥിനിയുടെ മരണവും പിന്നീട് നടക്കുന്ന സമാന്തരമായ രണ്ട് അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലർ എലമെന്റ്സിനൊപ്പം കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങൾക്ക് കൂടി പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തിയേറ്ററുകളിൽ ചിത്രം ത്രില്ലർ ആസ്വാദകരും കുടുംബ പ്രേക്ഷകരും ഒരേ പോലെ ഏറ്റെടുത്തിരുന്നു. നവംബർ 15നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.
ആനന്ദ് ശ്രീബാല ഇപ്പോൾ ഒടിടിയിൽ എത്താൻ പോകുന്നു എന്നാണ് റിപ്പോർട്ടുകൾ. ആമസോൺ പ്രൈം വീഡിയോ, മനേരമ മാക്സ്, സിംപ്ലി സൗത്ത് എന്നീ പ്ലാറ്റ്ഫോമുകളിലൂടെ ആനന്ദ് ശ്രീബാല ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ട്. അതേസമയം, ചിത്രത്തിന്റെ ഒടിടി റിലീസ് തീയതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.
മാളികപ്പുറത്തിന്റെ തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാളികപ്പുറം, 2018 എന്നി ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് ആനന്ദ് ശ്രീബാല നിർമ്മിച്ചത്. അപർണ ദാസ് ആണ് ചിത്രത്തിലെ നായിക. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംഗീത ഏറെനാളുകൾക്കുശേഷം അഭിനയിച്ച മലയാളചിത്രം എന്ന പ്രത്യേകത കൂടി ആനന്ദ് ശ്രീബാലയ്ക്കുണ്ട്.
സൈജുകുറുപ്പ്, സിദ്ദിഖ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, നന്ദു, കോട്ടയം നസീർ, സലിം ഹസ്സൻ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. രഞ്ജിൻ രാജാണ് സംഗീതം. വിഷ്ണു നാരായണൻ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവ്വഹിച്ചു.