Entertainment

‘​ഗെയിം ചേഞ്ചറിനെക്കുറിച്ച് ഞാൻ കേട്ടതെല്ലാം നല്ല റിവ്യൂസ്, സോഷ്യൽ മീഡിയ പ്രതികരണങ്ങൾ നോക്കാറില്ല’: ശങ്കർ

രാം ചരണ്‍ പ്രധാന വേഷത്തില്‍ എത്തി ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് ​ഗെയിം ചേഞ്ചർ. ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടാൻ കഴിഞ്ഞില്ല. ഇന്ത്യൻ-2 എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷമാണ് ശങ്കർ ​ഗെയിം ചേഞ്ചർ സംവിധാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷക പ്രതികരണങ്ങളും ചിത്രത്തെ ഇന്ത്യൻ-2വുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു. ഇന്ത്യൻ 2വിനെക്കാൾ കൊള്ളാമെങ്കിലും പ്രതീക്ഷിച്ച അത്ര എത്തിയില്ല എന്നായിരുന്നു പലരുടെയും നിരീക്ഷണം.

ചിത്രത്തിന്‍റെ കഥയും കഥ സന്ദര്‍ഭങ്ങളും തീര്‍ത്തും പഴഞ്ചന്‍ ആണെന്നും വിമർശനം ഉയർന്നിരുന്നു. ചില തമിഴ് റിവ്യൂകള്‍ ശങ്കറിന്‍റെ ഗെയിം ചേഞ്ചര്‍ അദ്ദേഹത്തിന്‍റെ ഗെയിം ഓവറാണ് എന്ന തരത്തിലാണ് റിവ്യൂ നല്‍കിയിരിക്കുന്നത്. ആദ്യ പകുതിയിലെ റൊമാൻസ് സീനുകളും കോമഡി ട്രാക്കും നിരാശപ്പെടുത്തിയെന്നും ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. സിനിമയുടെ രണ്ടാം പകുതി ആദ്യ പകുതിയേക്കാൾ ഭേദപ്പെട്ടതാണെന്നും എന്നാൽ ശങ്കറിന്റെ തന്നെ മുൻ സിനിമകളെ ഓർമിപ്പിക്കും വിധം പ്രെഡിക്റ്റബിൾ ആണ് സിനിമയെന്നും അഭിപ്രായങ്ങളുണ്ട്. ചിത്രം എന്തായാലും വലിയ തിരിച്ചടിയാണ് ബോക്സോഫീസില്‍ നേരിടുന്നത് എന്നാണ് വിവരം. പക്ഷെ ചിത്രത്തെക്കുറിച്ച് തനിക്ക് ലഭിച്ചത് എല്ലാം നല്ല പ്രതികരണങ്ങൾ ആണെന്നാണ് ശങ്കറിന്റെ പക്ഷം. സോഷ്യല്‍ മീഡിയയിലെ അഭിപ്രായങ്ങള്‍ താന്‍ ശ്രദ്ധിക്കാറില്ലെന്നും അദ്ദേഹം ഇന്ത്യ ഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.

ശങ്കറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. – ‘തുടർച്ചയായി ജോലി ചെയ്ത ഞാൻ സിനിമ റിലീസ് ആയപ്പോൾ റിലാക്സ്ഡ് ആണ്. നല്ല റിപ്പോര്‍ട്ടുകളാണ് സിനിമയെക്കുറിച്ച് കേള്‍ക്കുന്നത്.’ ചിത്രത്തെക്കുറിച്ചുള്ള യുട്യൂബ്, സോഷ്യല്‍ മീഡിയ റിവ്യൂസ് കണ്ടിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്ന് ശങ്കറിന്‍റെ പ്രതികരണം- ‘ഇല്ല. കണ്ടിട്ടില്ല. നേരിട്ട് കേള്‍ക്കുന്നത് മാത്രമേ ഞാന്‍ ശ്രദ്ധിക്കാറുള്ളൂ. ഞാന്‍ കേട്ടതൊക്കെ നല്ല റിവ്യൂസ് ആണ്.’ എന്നും ശങ്കർ പറഞ്ഞു.