സംവിധായകൻ ശങ്കർ തെലുങ്ക് സൂപ്പർസ്റ്റാർ രാം ചരണിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ഗെയിം ചേഞ്ചർ. ലോകമെമ്പാടുമുള്ള തിയേറ്ററുകളിലായി ചിത്രം എത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ സിനിമയുടെ വ്യാജനും പുറത്തിറങ്ങിയിരുന്നു. തമിഴ്‌റോക്കേഴ്‌സ്, മൂവീറൂൾസ്, ഫിലിംസില, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് അനധികൃതമായി പകർപ്പുകൾ പ്രചരിച്ചത്. വമ്പൻ മുതൽ മുടക്കിൽ പുറത്തിറങ്ങുന്ന ചിത്രങ്ങളാണ് ഇപ്പോൾ ഓൺലൈൻ വ്യജൻമാരുടെ പ്രാധാന ലക്ഷ്യം. ഇപ്പോൾ ചിത്രത്തിന്റെ നിർമാതാക്കൾ മറ്റൊരു പരാതിയുമായി രംഗത്ത് എത്തിയരിക്കുകയാണ്. ചിത്രത്തിന്‍റെ വ്യാജ പ്രിന്‍റ് പുറത്തുവിട്ടവര്‍ തങ്ങളെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്നാണ് പരാതി.
കുറ്റകൃത്യത്തിന് പിന്നില്‍ ഉള്ളവരെന്ന് കരുതുന്ന 45 പേര്‍ക്കെതിരെയാണ് നിര്‍മ്മാതാക്കള്‍ സൈബര്‍ക്രൈം വിഭാഗത്തില്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിന്‍റെ റിലീസിന് മുന്‍പുതന്നെ സോഷ്യല്‍ മീഡിയയിലൂടയും മെസേജിംഗ് പ്ലാറ്റ്ഫോമുകളിലൂടെയും വ്യാജ പതിപ്പ് ചോര്‍ത്താതിരിക്കാന്‍ ഇവര്‍ നിര്‍മ്മാതാക്കളോട് പണം ആവശ്യപ്പെട്ടതായാണ് വിവരം. റിലീസിന് രണ്ട് ദിവസം മുന്‍പ് ചിത്രത്തിന്‍റെ ചില പ്രധാന കഥാസൂചനകളും ഇവര്‍ പുറത്തുവിട്ടു. ഈ 45 പേര്‍ ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമായി പ്രവര്‍ത്തിച്ചവരാണോ എന്നാണ് സൈബര്‍ ക്രൈം വിഭാഗത്തിന്റെ അന്വേഷണം. നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടുള്ള തെളിവുകള്‍ കേസന്വേഷണത്തില്‍ നിര്‍ണ്ണായകമാവുമെന്നും അറിയുന്നു. 400 കോടി ബജറ്റില്‍ എത്തിയ ചിത്രമാണ് ഗെയിം ചേഞ്ചര്‍.
ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. രാം ചരണിന് ദേശീയ പുരസ്കാരം ലഭിക്കുമെന്നാണ് സിനിമ കണ്ടതിന് ശേഷം സംവിധായകൻ സുകുമാർ പ്രതികരിച്ചത്. സിനിമയിലെ രാം ചരണിന്റെ അഭിനയം വലിയ പ്രശംസ നേടിയെങ്കിലും ചിത്രം പ്രതീക്ഷിച്ചത്ര ഉയർന്നില്ലെന്നാണ് പ്രേക്ഷകരുടെ നിരീക്ഷണം.
കേരളത്തിൽ ചിത്രം റിലീസിനെത്തിച്ചത് ഇ ഫോർ എന്റർടൈൻമെന്റ് ആണ്. അല്ലു അർജുന്റെ പുഷ്പ 2 കേരളത്തിൽ എത്തിച്ചതും ഇ ഫോർ എന്റർടൈൻമെന്റ് ആയിരുന്നു. രാം ചരൺ ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. വമ്പൻ ആക്ഷൻ രംഗങ്ങളും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കൊണ്ട് സമൃദ്ധമാണ് ഗെയും ചേഞ്ചർ. വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.