Movie News

ജയിലര്‍ രണ്ടാം ഭാഗത്തിൽ മോഹൻലാൽ ഇല്ല ? പ്രൊമോ കേരളത്തിലെ 2 തിയറ്ററുകളില്‍ മാത്രം | jailer-2-announcement-promo

ചിത്രത്തിന്‍റെ അനൗണ്‍സ്മെന്‍റ് പ്രൊമോ ഇന്ന് വൈകിട്ട് ആറ് മണിക്ക് എത്തും

സമീപകാലത്ത് റിലീസ് ചെയ്ത് ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ ഏറ്റെടുത്ത സിനിമയാണ് രജനികാന്ത് നായകനായ ജയിലര്‍.നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും ശിവരാജ് കുമാറും വിനായകനും വേറിട്ട പ്രകടനം കാഴ്ചവച്ചു.  ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിയതാണ് ആരാധകര്‍. ഇന്നിതാ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം എത്തുകയാണ്.

ചിത്രത്തിന്‍റെ അനൗണ്‍സ്മെന്‍റ് പ്രൊമോ ഇന്ന് വൈകിട്ട് ആറ് മണിക്ക് എത്തും. സണ്‍ ടിവിയുടെ യുട്യൂബ് ചാനലുകളിലെ ഓണ്‍ലൈന്‍ റിലീസിനൊപ്പം തെര‍ഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിലും പ്രൊമോയുടെ പ്രദര്‍ശനമുണ്ട്. നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് പുറത്തുവിട്ട ലിസ്റ്റ് അനുസരിച്ച് രാജ്യത്തെ 15 നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിലാണ് പ്രൊമോയുടെ റിലീസ് ഉള്ളത്. കേരളത്തില്‍ തിരുവനന്തപുരത്തും പാലക്കാടുമായി രണ്ട് തിയറ്ററുകളിലാണ് പ്രൊമോ പ്രദര്‍ശിപ്പിക്കുക. തിരുവനന്തപുരം ഏരീസ് പ്ലെക്സ് ഓഡി 1 ലും പാലക്കാട് അരോമയിലും. അരോമയില്‍ മുപ്പതും ഏരീസില്‍ അന്‍പതുമാണ് പ്രൊമോയ്ക്കുള്ള ടിക്കറ്റ് നിരക്ക്. 4 മിനിറ്റ് 3 സെക്കന്‍ഡ് ആണ് പ്രൊമോ വീഡിയോയുടെ ദൈര്‍ഘ്യം.

അതേസമയം രണ്ടാം ഭാഗത്തില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം ഉണ്ടാവുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. ജയിലര്‍ 2 ന് ഇടാന്‍ രണ്ട് പേരുകളാണ് നെല്‍സണ്‍ തീരുമാനിച്ചിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ജയിലര്‍ 2, ഹുക്കും എന്നിവയാണ് ആ പേരുകള്‍. ഇതില്‍ ജയിലറില്‍ രജനികാന്തിന്‍റെ പഞ്ച് ഡയലോ​ഗിനൊപ്പം വന്ന ഹുക്കും എന്ന വാക്ക് പേരായി വരുന്നതിനോടാണ് അണിയറക്കാരില്‍ കൂടുതല്‍ പേര്‍ക്കും താല്‍പര്യമെന്നും ചില റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നു. രജനികാന്തിന്‍റെ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെ കൂടുതല്‍ ആഴത്തില്‍ സമീപിക്കുന്നതാവും രണ്ടാം ഭാ​ഗമെന്നാണ് അറിയുന്നത്.

content highlight: jailer-2-announcement-promo