Travel

മധുരപതിനഞ്ചില്‍ എത്തി ബുർജ് ഖലീഫ; ശരിക്കും ആരാണ് ഈ നിർമ്മിതിയുടെ ഉടമ ? | who owns burj khalifa

ഒട്ടേറെ ലോക റെക്കോർഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട് ദുബായുടെ സ്വന്തം ബു‍ർജ് ഖലീഫ

ദുബായ് എന്ന പേരു കേൾക്കുമ്പോൾ മരുഭൂമിയല്ല, മറിച്ച് മറ്റൊരു പേരാണ് മനസിലേക്ക് വരിക… ലോകത്തെ ഏറ്റവും ഉയരമുളള കെട്ടിടമായ ബുർജ് ഖലീഫ. പ്രായം 15 ആയാലും ആ തലയെടുപ്പിന് ഒരു കുറവും വന്നിട്ടില്ല. 2004 ൽ ആരംഭിച്ച ബുർജ് ഖലീഫ നിർമ്മാണം പൂർത്തിയായത് 2010ലാണ്. 2010 ജനുവരി നാലിനാണ് ബുർജ് ഖലീഫ ഉദ്ഘാടനം ചെയ്തത്. ഈ 15 വർഷത്തിനിടയ്ക്ക് ഒട്ടേറെ ലോക റെക്കോർഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട് ദുബായുടെ സ്വന്തം ബു‍ർജ് ഖലീഫ.

828 മീറ്ററാണ് ഉയരം. 163 നിലകളാണ് കെട്ടിടത്തിലുള്ളത്.1.5 ബില്ല്യണ്‍ ഡോളറാണ് നിർമ്മാണ ചെലവ്. ബായിലേക്ക് എത്തുന്ന സഞ്ചാരികളെല്ലാം ഏറ്റവും ആദ്യം ഓടിയെത്തുന്നത് ബുർജ് ഖലീഫ കാണാനാണ്. ബുർജ് ഖലീഫയിലെ വെടിക്കെട്ട് കാണാതെ ലോകത്തിന്‍റെ പുതുവർഷ ആഘോഷം പൂർണമാകില്ല. ഇന്ത്യയുള്‍പ്പടെയുളള രാജ്യങ്ങളുടെ വിശേഷ അവസരങ്ങളില്‍ അതത് രാജ്യങ്ങളുടെ ദേശീയ പതാകയുടെ നിറമണിയും ബുർജ് ഖലീഫ. എന്നാൽ, ഇതിന്റെ ഉടമ ആരാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?

ബുർജ് ഖലീഫയുടെ യഥാർഥ ഉടമ യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കമ്പനിയായ എമാർ പ്രോപ്പർട്ടീസാണ്. മുഹമ്മദ് അലബ്ബാർ ആണ് എമാർ പ്രോപ്പർട്ടീസിന്റെ ചെയർമാൻ. ബുർജ് ഖലീഫ എന്ന സ്വപ്നപദ്ധതിക്കു ജീവൻ നൽകുന്നതിൽ നിർണായക പങ്കു വഹിച്ച ദീർഘവീക്ഷണമുള്ള നേതാവ് കൂടിയാണ് അദ്ദേഹം.

ഇങ്ങനെയൊക്കെ ആണെങ്കിൽ കൂടി ബുർജ് ഖലീഫയുടെ നിർമാണം ഒരു സഹകരണ ശ്രമമായിരുന്നു. പ്രധാനമായും 3 കമ്പനികളാണ് ബുർജ് ഖലീഫ നിർമാണത്തിൽ പങ്കാളികളായത്. സാംസങ് സി ആൻഡ് ടി, ബെസിക്സ്, അറബ് ടെക് എന്നിവയായിരുന്നു ആ കമ്പനികൾ. ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള സാംസങ് സി ആൻഡ് ടി നൂതന എൻജിനിയറിങ് വൈദഗ്ധ്യത്തിൽ പേരു കേട്ട കമ്പനിയാണ്. ബുർജ് ഖലീഫ ടവറിന്റെ രൂപകൽപനയിലും നിർമാണത്തിലും പ്രധാനപ്പെട്ട പങ്കായിരുന്നു ഈ കമ്പനി വഹിച്ചത്.

ബെൽജിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബെസിക്സ് ആണ് മറ്റൊരു കമ്പനി. സാങ്കേതിക വൈദഗ്ദ്യവും റിസോഴ്സസും എത്തിക്കുന്നതിൽ നിർണായക പങ്ക് ഈ കൺസ്ട്രക്ഷൻ കമ്പനി നിർവഹിച്ചു. യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന അറബ് ടെക് ആണ് മൂന്നാമത്തെ കമ്പനി. യുഎഇ യിലെ മുൻനിര നിർമാണ കമ്പനികളിൽ ഒന്നാണ് അറബ് ടെക്. ബുർജ് ഖലീഫയുടെ നിർമാണ് പ്രക്രിയയിൽ ഗണ്യമായ സംഭാവനയാണ് ഈ കമ്പനി നൽകിയത്.

ബുർജ് ഖലീഫയെ കൂടുതൽ വ്യത്യസ്തമാക്കുന്നത് അത് വളരെ ദൂരെ നിന്ന് തന്നെ കാണാൻ കഴിയുമെന്നതാണ്. തെളിഞ്ഞ ആകാശമുള്ള ദിവസങ്ങളിൽ 95 കിലോമീറ്റർ ദൂരെ നിന്നു വരെ ബുർജ് ഖലീഫ കാണാൻ കഴിയും. എൻജിനിയറിങ്ങിന്റെയും രൂപകൽപനയുടെയും ഈ അവിശ്വസനീയ നേട്ടം മാനവസമൂഹത്തിന്റെ നവീകരണത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായി നിലകൊള്ളുന്നു.

ലോകം മുഴുവൻ ആകർഷിക്കുന്ന ബുർജ് ഖലീഫ നിരവധി റെക്കോർഡുകളാണ് കരസ്ഥമാക്കിയിട്ടുള്ളത്. ഏറ്റവും ഉയരം കൂടിയ കെട്ടിടം, ഏറ്റവും ഉയരം കൂടിയ ഫ്രീ സ്റ്റാൻഡിങ്ങ് ഘടന, ഏറ്റവും കൂടുതൽ നിലകൾ, ഏറ്റവും ഉയർന്ന ആൾ താമസമുള്ള നില, ഏറ്റവും ഉയർന്ന ഔട്ട് ഡോർ നിരീക്ഷണ ഡെക്ക്, ഏറ്റവും ദൈർഘ്യമേറിയ യാത്രാ ദൂരമുള്ള ലിഫ്റ്റ്, ഏറ്റവും ഉയർന്ന സർവീസ് ലിഫ്റ്റ് എന്നിങ്ങനെ നിരവധി ലോക റെക്കോർഡുകളാണ് ബുർജ് ഖലീഫയ്ക്ക് സ്വന്തമായിട്ടുള്ളത്.

സുസ്ഥിരത മനസ്സിൽ കണ്ടു കൊണ്ടാണ് ബുർജ് ഖലീഫ പണി കഴിപ്പിച്ചത്. എല്ലാ വർഷവും ഇത് 15 ദശലക്ഷം ഗാലൺ വെള്ളം ശേഖരിക്കുന്നു. പ്രധാനമായും കെട്ടിടത്തിലെ സസ്യങ്ങൾക്ക് ജലസേചനം നടത്തുന്നതിന് വേണ്ടിയാണ് ഈ വെള്ളം ഉപയോഗിക്കുന്നത്. ഒരു കെട്ടിടം എന്നതിനപ്പുറം ദുബായുടെ ദ്രുതഗതിയിലുള്ള വളർച്ചയുടെ പ്രതീകം കൂടിയാണ് ബുർജ് ഖലീഫ. ഒപ്പം, മനുഷ്യന്റെ നിശ്ചയദാർഡ്യത്തിന്റെയും സർഗാത്മകതയുടെയും പ്രതിഫലനം കൂടിയാണ് ബുർജ് ഖലീഫ.

2011 ലെ മിഷൻ: ഇംപോസിബിൾ സിനിമയ്ക്കായി ട്രോം ക്രൂസ് ബുർജ് ഖലീഫയുടെ മുകളിലെത്തിയിരുന്നു. ടോം ക്രൂസിന്‍റെ കഥാപാത്രം ബുർജ് ഖലീഫയുടെ 130 മത് നിലയിലേക്ക് കയറുന്നതായിരുന്നു രംഗം. അത്ഭുതപ്പെടുത്തുന്ന ആക്ഷന്‍ രംഗങ്ങള്‍ വൈറലായി. അതിനുശേഷം ബുർജ് ഖലീഫ പശ്ചാത്തലമായി നിരവധി വൈറല്‍ വീഡിയോകള്‍ പിറന്നു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ബുർജ് ഖലീഫയ്ക്ക് മുകളില്‍ നിന്ന് പകർത്തിയ വീഡിയോയും വൈറല്‍ പട്ടികയില്‍ മുന്നിലാണ്.

പ്രിയപ്പെട്ടവരോട് പറയാനുളള സ്നേഹസന്ദേശങ്ങള്‍ ബുർജ് ഖലീഫയിലൂടെ പറയാനുളള അവസരവുമുണ്ട്. അതൊരു പ്രണയസന്ദേശമായാലും, വിവാഹഭ്യർത്ഥനയായാലും പിറന്നാള്‍ സന്ദേശമായാലും, ബുർജ് ഖലീഫയിലുടെ ലോകമറിയും. മലയാളസിനിമ ഉള്‍പ്പടെയുളള സിനിമകളുടെ പ്രമോഷനുകളും ബുർജ് ഖലീഫയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മൂന്ന് മിനിറ്റ് ഡിസ്‌പ്ലേയ്‌ക്ക് ഏകദേശം 250,000 ദിർഹമാണ് ചെലവ്.

ലോകത്തെ വിസ്മയിപ്പിക്കുന്ന ബുർജ് ഖലീഫയ്ക്ക് ചുറ്റും ഒരു മോതിരവളയം വന്നാലോ. അഞ്ച് നിലകളില്‍ മോതിരവളയനിർമ്മിതി, ഡൗൺടൗൺ സർക്കിള്‍ നിർമ്മിക്കാനുളള ആലോചനകള്‍ പുരോഗമിക്കുകയാണ്. ദുബായുടെ വിനോദസഞ്ചാരഭൂപടത്തില്‍ 15 വർഷമായി തലയുയർത്തി നില്‍ക്കുകയാണ് ബുർജ് ഖലീഫ.

CONTENT HIGHLIGHT: who owns burj khalifa