കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളക്കര ചർച്ച ചെയ്യുന്ന കാര്യമാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്‌റ്റും അതിലേക്ക് വഴിവെച്ച ഹണി റോസിന്റെ പരാതിയും. ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയ ബോചെ ജയിലിൽ പോയപ്പോൾ രണ്ട് അഭിപ്രായമാണ് ഉയർന്നുവന്നത്. ബോബിയെയും ഹണിയെയും അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേർ രംഗത്ത് വന്നു. സോഷ്യൽ മീഡിയയിൽ കത്തുകയാണ് വിഷയം.
ബോബിയെ അനുകൂലിച്ച് ചാനൽ ചർച്ചകൾ പങ്കെടുത്തത് രാഹുൽ ഈശ്വറായിരുന്നു. അതുകൊണ്ടു തന്നെ അതും ചർച്ചയായി. പല ചർച്ചകളിലും ഹണി റോസിന്റെ വസ്ത്രധാരണത്തെ രാഹുൽ പരസ്യമായ വിമർശിച്ചു. ഇതോടെ നടി അദ്ദേഹത്തിനെതിരെയും പരാതി നൽകിയിരുന്നു. ഇപ്പോഴിതാ രാഹുൽ ഈശ്വറിന്റെ ഭാര്യ ദീപ മുൻപ് വസ്ത്രധാരണ വിഷയത്തിൽ തന്റെ അഭിപ്രായം പങ്കുവച്ച വീഡിയോ വൈറൽ ആയിരിക്കുകയാണ്.
തങ്ങൾ ധരിക്കുന്ന വസ്ത്രത്തിന് അനുസരിച്ചുള്ള കമന്റുകൾ നേരിടേണ്ടി വരുമെന്നും അതിൽ നമ്മൾ വിഷമിച്ചിട്ട് കാര്യമില്ലെന്നുമാണ് ദീപ രാഹുൽ ഈശ്വർ പറയുന്നത്. നടി അമല പോൾ ഒരു പരിപാടിയിൽ ധരിച്ചുവന്ന വസ്ത്രത്തെ വിമർശിച്ച ദീപ ഇത്തരം വസ്ത്രങ്ങൾ ധരിക്കുമ്പോൾ ആളുകൾ വിമർശിക്കുമെന്ന കാര്യം മുൻകൂട്ടി അറിയണമെന്നും അതിനുള്ള അവകാശം അവർക്കുണ്ടെന്നുമാണ് പറയുന്നത്.
“സ്ത്രീയ്ക്ക് ആണെങ്കിലും പുരുഷന് ആണെങ്കിലും ഒരുപാട് സ്വാതന്ത്ര്യം നല്ലതല്ലെന്നാണ് എനിക്ക് തോന്നുന്നത്. റെസ്ട്രിക്ഷൻ രണ്ട് കൂട്ടർക്കും വേണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. സ്വാതന്ത്ര്യത്തിന് എവിടെ വര വരയ്ക്കണം എന്നുള്ളത് അടുത്ത ചോദ്യമായി മാറും. ഞാൻ തീരുമാനിക്കുന്നത് പോലെ എനിക്ക് എന്തും ചെയ്യാം എന്റെ സ്വാതന്ത്ര്യത്തിന്റെ പേരും പറഞ്ഞ് എന്നത് വലിയ വിഷയമാണ്. അപ്പോൾ നമ്മുടെ സമൂഹം എങ്ങോട്ടാണ് പോവുന്നത് എന്ന ചോദ്യം ഉയരും.
ഞാനൊരിക്കലും കുലസ്ത്രീ ആയതുകൊണ്ടല്ല. എന്റെ ആണ്മക്കളെയും ഞാൻ പറഞ്ഞു പഠിപ്പിക്കുന്നത് സ്ത്രീയെ ബഹുമാനിക്കണം എന്നാണ്. സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും കാണിക്കാമെന്നുള്ള നിലയിലേക്ക് സ്ത്രീയോ പുരുഷനോ പോവാൻ പാടില്ല. വസ്ത്രധാരണം മാത്രമാണോ ഇതിനൊക്കെ കാരണം എന്ന് ചോദിച്ചാൽ അല്ലെന്ന് പറയാം. സംസ്‌കാരവും അതിൽ പ്രധാന ഘടകമാണ്.
ഈ അടുത്ത കാലത്ത് അമല പോൾ ഒരു കോളേജിൽ പോയിട്ട് ഒരു പ്രശ്‌നമായി. അമലയുടെ സ്വാതന്ത്ര്യം അല്ലേ അതെന്ന് വേണമെങ്കിൽ നമുക്ക് ചോദിക്കാം. നമ്മൾ ഇടുന്ന വേഷത്തെ കുറിച്ച് വേറൊരാൾ പിന്നെ വന്ന് കമന്റ് ചെയ്യുമ്പോഴോ അഭിപ്രായം പറയുമ്പോഴോ ‘എന്നെ വെറുതെ ബോഡി ഷെയിം ചെയ്‌തു’ എന്ന് പറയുന്നത് എന്തിനാണെന്നാണ് എന്റെ
സംശയം.
ഞാനൊരു ഡ്രസ് എന്റെ ഇഷ്‌ടത്തിന് ഇടുന്നു, എന്നെ എല്ലാരും അത് കണ്ട് ബഹുമാനിച്ചേ പറ്റൂ എന്ന് പറയുന്നത് എങ്ങനെ ശരിയാവും. എല്ലാവർക്കും അവരവരുടെ ഒപ്പീനിയൻ ഉണ്ട്. എനിക്കുള്ള സ്വാതന്ത്ര്യം പോലെ തന്നെ വേറൊരാൾക്കും ഉണ്ട്. അതാണ് ശരിക്കും ഈ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം. നമ്മുടെ സ്വാതന്ത്ര്യം വെട്ടിച്ചുരുക്കിയാൽ മാത്രമേ മറ്റൊരാൾ എടുക്കുന്നത് അമിത സ്വാതന്ത്ര്യമാണ് എന്ന് നമുക്ക് പറയാൻ പറ്റൂ” എന്നും ദീപ പറഞ്ഞു.