മലയാളികൾ നെഞ്ചോട് ചേർത്ത് ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ നായകനായി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ആദ്യഭാഗത്തിന്റെ വൻ വിജയമാണ് ദൃശ്യം 2 ന് വേണ്ടിയുള്ള ആകാംക്ഷ വർധിപ്പിച്ചത്. ദൃശ്യം പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷരുടെ ഇടയിൽ ചിത്രം ചർച്ച വിഷയമാണ്. ആശിർവാദ് സിനിമാസിന്റെ വഴിത്തിരിവ് തന്നെയായിരുന്നു ഈ ചിത്രം എന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞിട്ടുണ്ട്. താൻ എവിടെപ്പോയാലും അഭിമാനത്തോടെ ഒപ്പം കൂട്ടുന്ന സിനിമ. ഭാഷയും സംസ്കാരവും ഭേദിച്ച് ഇന്ത്യയിൽ മാത്രമല്ല ചൈനീസ്, സിംഹള തുടങ്ങിയ വിവിധ ഭാഷകളിൽ വരെ ദൃശ്യം റീമേക്ക് ചെയ്തുവെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു.
ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനു വേണ്ടിയുള്ള ഗ്രൗണ്ട് വർക്കുകൾ ജിത്തു ജോസഫ് തുടങ്ങിയെന്നും മോഹൻലാലുമായും ആശിർവാദുമായും പങ്കുവെച്ചു കഴിഞ്ഞു എന്നുമാണ് ആന്റണി പെരുമ്പാവൂർ വെളിപ്പെടുത്തുന്നത്
‘‘ആശിർവാദ് സിനിമാസിന്റെ പതിനേഴാമത്തെ നിർമാണ ചിത്രമായ ‘ദൃശ്യം’ ഞങ്ങളുടെ യാത്രയിൽ ഒരു വഴിത്തിരിവായിരുന്നു. ഞാനും ജീത്തുവും ലാൽ സാറും ആദ്യമായി ഒന്നിച്ച ചിത്രമാണ്. 2013 ഡിസംബർ 19-ന് പുറത്തിറങ്ങിയ ‘ദൃശ്യം’ വെറുമൊരു സിനിമ മാത്രമല്ല, ഇന്ത്യൻ സിനിമയ്ക്ക് മൊത്തത്തിൽ ലഭിച്ച ഒരു സമ്മാനമായിരുന്നു.
ഞാൻ എവിടെപ്പോയാലും അഭിമാനത്തോടെ ഒപ്പം കൂട്ടുന്ന ചിത്രമാണ് ദൃശ്യം. ഭാഷാ, സാംസ്കാരിക അതിരുകൾ ഭേദിച്ച് തമിഴ് (പാപനാശം), തെലുങ്ക് (ദൃശ്യം), കന്നഡ (ദൃശ്യ), ഹിന്ദി (ദൃശ്യം), സിംഹള (വിതാനേജ്), ചൈനീസ് (ദ് വിറ്റ്നസ്) എന്നീ ഭാഷകളിലേക്ക് പുനർനിർമിച്ച ദൃശ്യം ആദ്യമായി 50 കോടി ക്ലബ്ബിൽ പ്രവേശിച്ച മലയാള ചിത്രമെന്ന ഖ്യാതിയും നേടി. ഓരോ റീമേക്കും ഒറിജിനലിന്റെ വൈകാരികതായും സസ്പെൻസും നിലനിർത്തിക്കൊണ്ട് സ്വന്തമായി ഹിറ്റ് ചിത്രങ്ങളായി മാറി. ഇന്നും, ദൃശ്യത്തിന്റെ റൈറ്റ്സിനു വേണ്ടി പലരും ശ്രമിക്കുന്നത് ദൃശ്യത്തിന് ലോകമെമ്പാടും സ്വീകാര്യതയുണ്ടെന്നതിന്റെ തെളിവാണ്.
ദൃശ്യത്തെ അവിസ്മരണീയമാക്കിയത് ജീത്തുവിന്റെ സമാനതകളില്ലാത്ത കഥപറച്ചിലും, ജോർജുകുട്ടിയെ അനായാസമായി അവതരിപ്പിച്ച ലാൽ സാറിന്റെ മിടുക്കും, മുഴുവൻ ടീമിന്റെയും സമന്വയവുമാണ്. ഓഗസ്റ്റ് 2 നെക്കുറിച്ചോ, ജോർജുട്ടിയുടെ കുടുംബത്തിന്റെ മനസ്സിൽ തൊടുന്ന കഥയെക്കുറിച്ചോ, തൊടുപുഴ എന്ന ചെറിയ പട്ടണത്തിൽ നടന്ന സംഭവങ്ങളെക്കുറിച്ചോ ചിന്തിക്കാത്ത ഒരു മലയാളിയും ഉണ്ടാകില്ല.
ദൃശ്യത്തിന് ശേഷം, ദൃശ്യം 2 ഞങ്ങൾ ചെയ്തു അത് ഒന്നാം ഭാഗത്തേക്കാൾ വലിയ വിജയമായി മാറി. ഇന്ന്, ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നത് മലയാളികൾ മാത്രമല്ല ആഗോളതലത്തിലും അത് ചർച്ചാ വിഷയമാണ്. ജീത്തു ഇതിനകം തന്നെ അതിന്റെ ഗ്രൗണ്ട് വർക്ക് നടത്തി, അക്കാര്യങ്ങൾ ലാൽ സാറും ആശിർവാദ് സിനിമാസുമായും ചർച്ച ചെയ്തുകഴിഞ്ഞു.
ഈ അസാധാരണമായ യാത്രയുടെ ഭാഗമായതിന് ലാൽ സാറിനും, ജീത്തുവിനും, മീന മാഡത്തിനും, ദൃശ്യത്തിന്റെ മുഴുവൻ ടീമിനും നന്ദി. ഈ ചിത്രം ഒരു നാഴികക്കല്ല് എന്നതിലുപരി, ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്ന വളർന്നു കൊണ്ടിരിക്കുന്ന ഒരു പാരമ്പര്യമാണ്.’’ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ.
CONTENT HIGHLIGHT: antony perumbavoor about drishyam 3