Movie News

നിവിൻ പോളിയുടെ തിരിച്ചുവരവിന് സമയമായി; കാത്തിരിപ്പിന് വിരാമമിട്ട് ഏഴ് കടൽ ഏഴ് മലൈ’യുടെ ട്രെയ്‌ലർ എത്തുന്നു | nivin pauly yezhu kadal yezhu malai

46-ാമത് മോസ്കോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു

നിവിൻ പോളി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ഏഴ് കടൽ ഏഴ് മലൈ’. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. ‘പേരൻപ്’, ‘തങ്കമീൻകൾ’, ‘കട്രത് തമിഴ്’, ‘തരമണി’ എന്നീ ചിത്രങ്ങളെ പോലെ ഇതും ജനമനസ്സ് കീഴടക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോഴിതാ ഏറെ നാളായി റിലീസിന് കാത്തിരിക്കുന്ന സിനിമയുടെ ഒരു പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

സിനിമയുടെ ട്രെയ്‌ലർ ജനുവരി 20 ന് പുറത്തിറങ്ങും എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തമിഴ് നടൻ സൂരിയും ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക. റോട്ടർഡാം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്കാണ് ‘ഏഴ് കടൽ ഏഴ് മലൈ’ ഔദ്യോഗികമായി മത്സരിച്ചിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളായിരുന്നു ചിത്രത്തിന് അവിടെ നിന്നും ലഭിച്ചത്.

46-ാമത് മോസ്കോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ‘ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേള്ഡ്’ എന്ന കാറ്റഗറിയിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. ഛായാഗ്രഹണം എൻ കെ ഏകാംബരം, ചിത്രസംയോജനം: മതി വി എസ്, വസ്ത്രാലങ്കാരം: ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പ്രൊഡക്ഷൻ ഡിസൈനർ: ഉമേഷ് ജെ കുമാർ, ആക്ഷൻ: സ്റ്റണ്ട് സിൽവ, കൊറിയോഗ്രഫി: സാൻഡി തുടങ്ങിയവരാണ് മറ്റു അണിയറപ്രവർത്തകർ.

CONTENT HIGHLIGHT: nivin pauly yezhu kadal yezhu malai