ബോളിവുഡ് താരം കങ്കണ റണൗട്ട് സംവിധാനം ചെയ്ത് മുഖ്യവേഷത്തിലെത്തുന്ന എമർജൻസിയുടെ ബംഗ്ലാദേശിൽ റിലീസ് ചെയ്യുന്നത് നിരോധിച്ചതായി ഇന്ത്യ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്തു. സിനിമയുടെ ഉള്ളടക്കം സംബന്ധിച്ച് ബംഗ്ലാദേശ് സര്‍ക്കാറിന് ചില മുന്‍ധാരണകളുണ്ടെന്നാണ് സൂചന.
1975ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ പാശ്ചത്തലത്തില്‍ എടുത്ത ചിത്രമാണ് എമര്‍ജന്‍സി. ‘ബംഗ്ലാദേശിലെ എമര്‍ജന്‍സിയുടെ സ്‌ക്രീനിംഗ് നിരോധിക്കാനുള്ള തീരുമാനം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നിലവിലെ ബന്ധത്തില്‍ സംഭവിച്ച ഉലച്ചിലുമായി ബന്ധപ്പെട്ടതാണ്. നിരോധനം സിനിമയുടെ ഉള്ളടക്കം സംബന്ധിച്ച് ബംഗ്ലാദേശ് സര്‍ക്കാറിന് ചില മുന്‍ധാരണകളുണ്ടെന്നാണ് വിവരം.’ ഇന്ത്യ ടുഡേ പറയുന്നു.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം ജനുവരി 17ന് തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്നത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 മുതൽ 1977 വരെയുള്ള 21 മാസ കാലയളവിനെ അടിസ്ഥാനമാക്കിയാണ് എമര്‍ജന്‍സി കങ്കണ ഒരുക്കിയിരിക്കുന്നത്. ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സിനിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് നിര്‍മാണക്കമ്പനിയായ സീ സ്റ്റുഡിയോസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സിനിമയ്ക്ക് പ്രദർശനാനുമതി ലഭിച്ചത്.
എമർജൻസിയിൽ അടൽ ബിഹാരി വാജ്പേയിയായി ശ്രേയസ് തൽപഡെയും ഫീൽഡ് മാർഷൽ സാം മനേക് ഷാ ആയി മിലിന്ദ് സോമനും സഞ്ജയ് ഗാന്ധിയായി വിശാഖ് നായരും വേഷമിടുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും കങ്കണ തന്നെയാണ്. റിതേഷ് ഷായാണ് തിരക്കഥ. ജി.വി. പ്രകാശ് കുമാർ സംഗീതസംവിധാനം നിർവഹിക്കുന്നു. സീ സ്റ്റുഡിയോസും മണികർണിക ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
STORY HIGHLIGHT: kangana ranauts emergency banned in bangladesh