അടുക്കളയിലെ പാൽ മതി; കണ്ണിനടിയിലെ കറുപ്പ് പമ്പ കടക്കും | tips to reduce darkcircles with milk

പാലിന് മോയ്സ്ച്യുറൈസിങ് ഗുണങ്ങളുമുണ്ട്

ചർമ്മ പ്രശ്നങ്ങൾ എല്ലാവർക്കും ഉണ്ട്. അതിനായി പ്രകൃതിദത്ത പരിഹാരമാർ​ഗങ്ങൾ ചെയ്യുന്നതാണ് നല്ലത്. അതിനായി ഉപയോ​ഗിക്കാൻ കഴിയുന്ന ഒന്നാണ് പാൽ. പാലിൽ വിറ്റാമിൻ, ധാതുക്കൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അവ ചർമ്മാരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്. കണ്ണിനടിയിൽ ഉണ്ടാകുന്ന കറുപ്പ് നിറം മാറാനും പാൽ നല്ലതാണ്.

പാലിൽ ചേർന്നിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തെ വളരെ മൃദുവായി എക്സ്ഫോളിയേറ്റ് ചെയ്യുന്നു. ഇത് മൃത കോശങ്ങളെ നീക്കം ചെയ്ത് ചർമ്മത്തിന് പുനരുജ്ജീവനം നൽകുന്നു. പാലിന് മോയ്സ്ച്യുറൈസിങ് ഗുണങ്ങളുമുണ്ട്. അതിനാൽ വീക്കം, വരൾച്ച എന്നിങ്ങനെ കറുപ്പ് നിറത്തിലേയ്ക്ക് നയിക്കുന്ന സാഹചര്യങ്ങൾ തടയുന്നു.

  • തണുത്തപാലിൽ ഒരു പഞ്ഞി മുക്കി കണ്ണിനു മുകളിൽ വയ്ക്കാം. 15 മിനിറ്റിനു ശേഷം നീക്കം ചെയ്ത് മൃദുവായി മസാജ് ചെയ്യാം. ഇത് സ്ഥിരമായി ചെയ്യുന്നത് വീക്കം, നിറ വ്യത്യാസം എന്നിവ കുറയ്ക്കാൻ സഹായിക്കും.
  • ഒരു ടീസ്പൂൺ പാലിലേയ്ക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം കണ്ണിനു ചുറ്റും പുരട്ടി 10 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. മഞ്ഞൾപ്പൊടിക്ക് ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളുണ്ട്.
  • ഒരു ടീസ്പൂൺ പാലിലേയ്ക്ക് ഒരു ടീസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പഞ്ഞി ഈ മിശ്രിതത്തിൽ മുക്കി കണ്ണിനു മുകളിൽ വയ്ക്കാം. 20 മിനിറ്റിനു ശേഷം പഞ്ഞി മാറ്റി വിരലുകൾ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യാം.
  • ഏതാനും തുള്ളി ബദാം എണ്ണ ഒരു ടേബിൾസ്പൂൺ പാലിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. ഇത് രാത്രി ഉറങ്ങുന്നതിനു മുമ്പ് കണ്ണിനു ചുറ്റും പുരട്ടാം. ബദാം എണ്ണയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അത് ചർമ്മത്തിലുണ്ടാകുന്ന പിഗ്മൻ്റേഷൻ കുറയ്ക്കാൻ സഹായിക്കും.