Entertainment

തിയേറ്ററിൽ എത്തും മുമ്പേ സൂര്യ ചിത്രം ‘റെട്രോ’ക്ക് ഒടിടി പ്ലാറ്റ് ഫോം ആയി; അവകാശം സ്വന്തമാക്കിയത് വമ്പൻ തുകയ്ക്ക്

നടൻ സൂര്യ നായകനായി തിയേറ്ററുകളിൽ ഇറങ്ങാനിരിക്കുന്ന ചിത്രമാണ് റെട്രോ. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. കങ്കുവയുടെ പരാജയത്തിന് ശേഷം റെട്രോയിലൂടെ സൂര്യക്ക് തിരിച്ചുവരവിന് സാധിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ആക്ഷനും റൊമാൻസും കൂടിക്കലർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. കഴിഞ്ഞ മാസമായിരുന്നു സിനിമയുടെ ടൈറ്റിൽ റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ ടീസറിനും വലിയ സ്വീകാര്യത നേടാനായിരുന്നു. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. ജയറാം, ജോജു ജോര്‍ജ്, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക.

മെയ് ഒന്നിനാണ് റെട്രോയുടെ റിലീസ്. ചിത്രം തിയേറ്ററുകളിൽ എത്തും മുമ്പ് തന്നെ ഏത് പ്ലാറ്റ്ഫോമിലായിരിക്കും ഒടിടിയില്‍ എത്തുക എന്ന പ്രഖ്യാപനം വന്ന് കഴി‍ഞ്ഞു. നെറ്റ്ഫ്ലിക്സിനാണ് റെട്രോയുടെ ഒടിടി റൈറ്റ്സ് ലഭിച്ചിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് സിനിമയുടെ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്.

ജാക്കിയും മായപാണ്ടിയുമാണ് കലാസംവിധാനം നിര്‍വഹിക്കുക. വസ്ത്രാലങ്കാരം നിര്‍വഹിക്കുക പ്രവീണ്‍ രാജ. സ്റ്റണ്ട്സ് കെച്ച ഖംഫക്ഡേ ആണ്, 2 ഡി എന്‍റര്‍ടെയ്ന്‍‍മെന്‍റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം രാജശേഖര്‍ കര്‍പ്പൂരസുന്ദരപാണ്ഡ്യന്‍, കാര്‍ത്തികേയന്‍ സന്താനം, മേക്കപ്പ് വിനോദ് സുകുമാരന്‍, സൗണ്ട് ഡിസൈന്‍ സുറെന്‍ ജി, അഴകിയകൂത്തന്‍, നൃത്തസംവിധാനം ഷെരീഫ് എം, കോസ്റ്റ്യൂമര്‍ മുഹമ്മദ് സുബൈര്‍, സ്റ്റില്‍സ് ദിനേഷ് എം, പബ്ലിസിറ്റി ഡിസൈന്‍സ് ടൂണെ ജോണ്‍, കളറിസ്റ്റ് സുരേഷ് രവി, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബി സെന്തില്‍ കുമാര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഗണേഷ് പി എസ് എന്നിവരാണ്.

ഒടുവില്‍ സൂര്യ നായകനായി എത്തിയ ചിത്രം കങ്കുവ ആണ്. സൂര്യയുടെ കങ്കുവ ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിരുന്നു. സംവിധാനം സിരുത്തൈ ശിവയാണ് നിര്‍വഹിച്ചത്. ടൈറ്റില്‍ റോളിലായിരുന്നു കങ്കുവയില്‍ സൂര്യയുണ്ടായിരുന്നത്. വൻ ഹൈപ്പില്‍ എത്തിയ സൂര്യയുടെ ചിത്രം പ്രതീക്ഷിച്ച വിജയമായില്ല.