Celebrities

പ്രായം റിവേഴ്സ് ഗിയറിലോ? പുത്തൻ ചിത്രങ്ങളെ കുറിച്ച് മായ വിശ്വനാഥ്‌; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ – maya vishwanath makeover

ഒരു കാലത്ത് സിനിമ – സീരിയലുകളില്‍ നിറഞ്ഞു നിന്ന നടിയാണ് മായ വിശ്വനാഥ്. നായികയായും താരം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പ്രായം കൂടുന്തോറും കൂടി വരുന്ന മായയുടെ സൗന്ദര്യം പലപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ലേഡി മമ്മൂട്ടിയാണ് എന്ന വിശേഷണവും മായയ്ക്കുണ്ട്. പുതിയ മേക്കോവറിലെത്തിയ താരത്തിന്റെ പുത്തൻ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകരും. പ്രായം റിവേഴ്സ് ഗിയറിലാണോ എന്നാണ് ആരാധകരുടെ ചോദ്യം. ഇപ്പോഴിതാ പുതിയ മേക്കോവറിനെക്കുറിച്ച് പറയുകയാണ് താരം.

‘ഇതൊരു ലൊക്കേഷനില്‍ നിന്ന് എടുത്ത ചിത്രങ്ങളോ, ഫോട്ടോഷൂട്ട് ചിത്രങ്ങളോ ഒന്നുമല്ല. കൂട്ടുകാരികളായ നിഷ രാജിയും രോഹിണിയും പറഞ്ഞതു കൊണ്ട് മാത്രം, രാജിയുടെ ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങളാണ്. അവര്‍ പറഞ്ഞതനുസരിച്ച് ഞാന്‍ പോസ് കൊടുത്തു. മേക്കപ്പില്ല, ലിപ്സ്റ്റിക് മാത്രം. അവര്‍ക്കൊപ്പം ചെലവഴിച്ച സമയം എനിക്കിഷ്ടപ്പെട്ടു, ഞാന്‍ ഹാപ്പിയായിരുന്നു.’ മായ പറയുന്നു. ചുവന്ന സ്ലീവ്‌ലെസ് ടോപ്പും സ്റ്റോൺവാഷ് ബോട്ടവും അണിഞ്ഞ് സിംപിൾ മേക്കപ്പിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

‘ഇപ്പോൾ നല്ല രീതിയിൽ വർക്കൗട്ട് ചെയ്യുന്നുണ്ട്. വ്യായാമം ചെയ്തു തുടങ്ങിയാല്‍ തന്നെ മുഖത്തും ശരീരത്തും മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങും. അതുകൊണ്ട് ചെറുപ്പമായി മറ്റുള്ളവർക്കു തോന്നുന്നത്. പിന്നെ എന്റെ പ്രായവുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട്. തെറ്റായ പ്രായമാണ് സമൂഹ മാധ്യമങ്ങളിലൊക്ക എഴുതുന്നത്. എന്റെ മുതിർന്ന സഹോദരിക്ക് പോലും അത്രയും പ്രായമായിട്ടില്ല. മനുഷ്യർ സന്തോഷകരമായി ജീവിക്കുന്നത് കാണുമ്പോൾ എന്തുകൊണ്ടാണ് മറ്റുള്ളവർക്ക് നെഗറ്റീവ് കമന്റുകൾ പറയാൻ തോന്നുന്നത്.’ മായ വിശ്വനാഥ് പറയുന്നു.

ഒരുകാലത്ത് സജീവമായിരുന്ന മായ പെട്ടന്ന് സിനിമ – സീരിയല്‍ ലോകത്ത് നിന്ന് മാഞ്ഞു പോയിരുന്നു. പിന്നീട് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരിച്ചെത്തിയത്. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഗീതാ ഗോവിന്ദം എന്ന സീരിയലിലാണ് ഇപ്പോള്‍ താരം അഭിനയിക്കുന്നത്.

STORY HIGHLIGHT: maya vishwanath makeover