Entertainment

ഹിറ്റുകളുടെ കൂട്ടുകെട്ടിൽ വീണ്ടും സിനിമയൊരുങ്ങുന്നു ; വെട്രിമാരൻ-ധനുഷ് കോംമ്പോ എത്തുന്നു

തെന്നിന്ത്യ മുഴുവനും അറിയപ്പെടുന്ന സിനിമാ സംവിധായകനാണ് വെട്രിമാരൻ. നടൻ ധനുഷിനെ വെച്ച് വെട്രിമാരൻ ഒരുക്കിയ എല്ലാ ചിത്രങ്ങളും വിജയമായിരുന്നു. ധനുഷ് – വെട്രിമാരൻ കോംമ്പോയിൽ ഒരു സിനിമ എത്തിയാൽ തന്നെ അത് ​ഗംഭീര ചിത്രമായിരിക്കും എന്ന് ആരാധകർ മുൻകൂട്ടി തീരുമാനിക്കും. ഇരുവരും കൈകോർത്തപ്പോഴെല്ലാം ഒരുപിടി നല്ല ചിത്രങ്ങളാണ് സിനിമാ ലോകത്തിന് ലഭിച്ചത്.

ധനുഷ് , മഞ്ജുവാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ അസുരൻ എന്ന സിനിമ വലിയ പ്രേക്ഷക പ്രീതി നേടിയിരുന്നു. ചിത്രം 100 കോടി ക്ലബിൽ സ്ഥാനവും പിടിച്ചു. നോർത്ത് ചെന്നൈ കേന്ദ്രീകരിച്ച് ധനുഷ്, ഐശ്വര്യ രാജേഷ്, ആൻഡ്രിയ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത വടച്ചെന്നൈയും വിജയമായിരുന്നു. കോഴിപ്പോരിനെ ആസ്പദമാക്കി മുന്നോട്ട് നീങ്ങിയ 2011ൽ പുറത്തിറങ്ങിയ ആടുകളവും ഇരുവരും ഒന്നിച്ച ഹിറ്റ് ചിത്രമായിരുന്നു. വെട്രിമാരന്റെ ആദ്യ സംവിധാന സംരംഭമായ പൊല്ലാതവനിലും ധനുഷ് ആയിരുന്നു നായകൻ. ചിത്രം വൻ വിജയമായിരുന്നു. രമ്യ ആയിരുന്നു നായിക. പിന്നീട് പല ഭാഷകളിലേക്കും പൊല്ലാതവൻ റീമേക്ക് ചെയ്തു. ധനുഷും വെട്രിമാരനും ഒന്നിച്ച് നിർമിച്ച 2014ൽ പുറത്തിറങ്ങിയ കാക്കമുട്ടൈ എന്ന ചിത്രത്തിന് വലിയ നിരൂപക പ്രശംസകൾ ലഭിച്ചിരുന്നു. 2016ൽ ഇന്ത്യയുടെ ഔദ്യോ​ഗിക ഓസ്കർ എൻട്രിയായി തിരഞ്ഞെടുത്ത വിസാരണൈ എന്ന ചിത്രവും നിർമിച്ചത് വെട്രിമാരൻ-ധനുഷ് കോംമ്പോ ആയിരുന്നു. ഇപ്പോൾ ഈ ഹിറ്റ് കോംമ്പോ വീണ്ടും ഒന്നിക്കുന്നു എന്നാണ് വിവരം.

ജനുവരി 13 ന് പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ വെട്രിമാരന്‍ ചിത്രം വിടുതലൈ: പാര്‍ട്ട് 2 നിര്‍മ്മാതാക്കളായ പ്രൊഡക്ഷൻ ഹൗസ് ആർഎസ് ഇൻഫോടെയ്മെന്‍റാണ് വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുന്നു എന്ന പ്രഖ്യാപനം നടത്തിയത്. വെട്രിമാരന്‍-ധനുഷ് കൂട്ടുകെട്ട് ഒന്നിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. മറക്കാനാവാത്ത ഒരു സിനിമാറ്റിക് അനുഭവമാവും ഉണ്ടാവാന്‍ പോകുന്നതെന്ന് ആര്‍.എസ് ഇന്‍ഫോടെയ്ന്‍മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പുതിയ ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അതേ സമയം സൂര്യയെ നായകനാക്കി വാടിവാസല്‍ എന്ന ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് വെട്രിമാരന്‍ എന്നാണ് സംസാരം. ആ ചിത്രത്തിന് മുന്‍പോ ശേഷമോ ധനുഷുമായുള്ള പ്രൊജക്ട് എന്നും വ്യക്തമല്ല.