തീപാറും ആക്ഷനുമായി പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ സിനിമയാണ് റൈഫിൾ ക്ലബ്ബ്. ഈ ആക്ഷൻ ത്രില്ലർ ആയി ഒരുങ്ങിയ ചിത്രത്തിലാകട്ടെ വില്ലനായി എത്തിയത് പ്രശസ്ത ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് ആണ്. ചിത്രത്തിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ച് പ്രേക്ഷക മനം കവർന്നിരിക്കുകയാണ് അനുരാഗ് ഈ ചിത്രത്തിലൂടെ.
ഇപ്പോഴിതാ, ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു രസകരമായ വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ് സുരഭി. സിനിമയിലെ കോസ്റ്റ്യൂമിൽ സുരഭിയുടെ ക്യാമറയ്ക്ക് അനുസരണയോടെ പോസ് ചെയ്യുന്ന അനുരാഗിനെയാണ് വീഡിയോയിൽ കാണാനാവുക. സുരഭി തന്നെയാണ് വിഡിയോ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ‘ലോകത്തിന് ഇതുപോലുള്ള കൂടുതൽ മനുഷ്യരെ ആവശ്യമുണ്ട്… അദ്ദേഹത്തിന്റെ കുസൃതിയും വിചിത്രതയും. അദ്ദേഹം എന്തൊരു അത്ഭുതപ്പെടുത്തുന്ന ഫിലിം മേക്കറാണ്, അദ്ദേഹത്തോടൊപ്പം സ്പേസ് പങ്കിടാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നു, തികഞ്ഞ സന്തോഷവുമുണ്ട്. റൈഫിൾ ക്ലബ് എല്ലായ്‌പ്പോഴും ഒരു പ്രിയപ്പെട്ട ഓർമ്മയായി നിലനിൽക്കും.’ എന്നും വീഡിയോയ്‌ക്കൊപ്പം സുരഭി കുറിച്ചു.
നിരവധി ആരാധകരാണ് റീൽസിന് താഴെ കമെന്റുമായി എത്തുന്നത്. ഇജ്ജാതി ഒരു ഡയറക്ടർ ഇങ്ങളെ കുട്ടികളിക്കൊക്കെ നിന്ന് തരുന്നുണ്ടല്ലോ, ലെ ആഷിഖ് അബു : ഞാൻ ആക്ഷൻ പറയുമ്പോൾ എങ്കിലും ചിപ്സ് മാറ്റി തോക്ക് കൊടുക്കണേ, ബോളിവുഡ് വിറപ്പിക്കുന്ന മനുഷ്യനാണ്…എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് താഴെയുള്ള രസകരമായ കമന്റുകൾ.
STORY HIGHLIGHT: surabhi lakshmi anurag kashyap playful vibe