Movie News

റിലീസ് ചെയ്തിട്ട് അഞ്ച് ദിവസം മാത്രം; രാം ചരണ്‍ ചിത്രം ഗെയിം ചേഞ്ചര്‍ ടി.വി ചാനലില്‍ | game changer illegally aired on local tv channel

ചിത്രത്തിന്റെ വ്യാജ പതിപ്പ് നേരത്തെ ഓണ്‍ലൈനിലും പ്രചരിച്ചിരുന്നു

റിലീസ് ചെയ്ത് അഞ്ച് ദിവസം മാത്രം പിന്നിടവെ രാം ചരണ്‍ ചിത്രം ഗെയിം ചേഞ്ചര്‍ പ്രാദേശിക ടെലിവിഷൻ ചാനലില്‍ പ്രദര്‍ശിപ്പിച്ചു എന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ വ്യാജ പതിപ്പ് നേരത്തെ ഓണ്‍ലൈനിലും പ്രചരിച്ചിരുന്നു. ഇതേ പതിപ്പ് തന്നെയാണ് ഒരു പ്രാദേശിക ചാനലിലും പ്രദര്‍ശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് നിര്‍മാതാവ് രംഗത്ത് എത്തി.

ഒരു ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രം എ.പി ലോക്കല്‍ ടി.വി എന്ന ചാനലില്‍ പ്രദര്‍ശിപ്പിച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തത്. നിര്‍മാതാവ് ശ്രീനിവാസ കുമാറും ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്. ഒരു സിനിമ ആയിരക്കണക്കിന് പേരുടെ സ്വപ്‌നമാണെന്നും മൂന്ന് നാല് വര്‍ഷത്തെ അധ്വാനമാണെന്നും ശ്രീനിവാസ കുമാര്‍ എക്‌സില്‍ കുറിച്ചു. അതിനാല്‍ ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ ഇടപെട്ട് കൃത്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

എസ് ഷങ്കറിന്റെ സംവിധാനത്തില്‍ വന്ന ചിത്രത്തില്‍ നായകൻ രാം ചരണ്‍ ആണ്. ഛായാഗ്രഹണം എസ് തിരുനാവുക്കരശാണ് നിര്‍വഹിച്ചിരിക്കുന്നത്. നായകൻ രാം ചരണിന് പുറമേ ചിത്രത്തില്‍ കിയാര അദ്വാനി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍, ജയറാം, നവീന്‍ ചന്ദ്ര, വെണ്ണല കിഷോര്‍, വിജയ കൃഷ്‍ണ നരേഷ്, ബ്രഹ്‍മാനന്ദം, രാജീവ് കനകല, രഘു ബാബു, പ്രിയദര്‍ശി പുലികൊണ്ട, സത്യ അക്കല, വെങ്കടേഷ് കകുമാനു, ചൈതന്യ കൃഷ്‍ണ, വിവ ഹര്‍ഷ, സുദര്‍ശന്‍, പൃഥ്വി രാജ്, റോക്കറ്റ് രാഘവ, പ്രവീണ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

മുമ്പ് രാം ചരണ്‍ വേഷമിട്ട ചിത്രമായി തെലുങ്കിലെത്തിയത് ആചാര്യയാണ്. രാം ചരണിന്റെ അച്ഛൻ ചിരഞ്‍ജീവിയായിരുന്നു ചിത്രത്തില്‍ നായകൻ. രാം ചരണ്‍ സിദ്ധ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്. സംവിധാനം നിര്‍വഹിച്ചത് കൊരടാല ശിവയായിരുന്നു.

സംവിധായകൻ ബുച്ചി ബാബുവിന്റേതായി വരാനിരിക്കുന്ന ചിത്രത്തില്‍ നായകനായി രാം ചരണാണ് എത്തുന്നത്. ഏകദേശം 120 കോടിയോളമാണ് രാം ചരണിന് പ്രതിഫലമായി ലഭിക്കുക. രാം ചരണിന് ഏകദേശം100 കോടിയോളമായിരുന്നു മുമ്പ് പ്രതിഫലം. ബുച്ചി ബാബുവിന്റേ ചിത്രത്തില്‍ നായികാ കഥാപാത്രം ജാൻവി കപൂറാണ്. ചിത്രം എപ്പോഴായിരിക്കും പ്രദര്‍ശനത്തുക എന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഉപ്പേന എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ സംവിധായകൻ ബുച്ചി ബാബു കഴിവ് തെളിയിച്ചിരുന്നു. അതിനാല്‍ വലിയ പ്രതീക്ഷയുള്ള ചിത്രവുമാണ്.

CONTENT HIGHLIGHT: game changer illegally aired on local tv channel