Fashion

ചട്ടയും മുണ്ടുമായി സാമ്യമുള്ള വസ്ത്രം; ബോചെയുടെ ഐഡന്റിറ്റി ആയി മാറിയ സ്റ്റൈലിന് പിന്നിൽ | boche unique style

വില കൂടിയ വാച്ചുകളോ ആഡംബരം കാണിക്കുന്ന ആഭരണങ്ങളോ അദ്ദേഹം ധരിച്ചു കാണാറില്ല

കഴിഞ്ഞ കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്ന ആളാണ് വ്യവസായി ബോബി ചെമ്മണ്ണൂർ. നടി ഹണി റോസിനെതിരെ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയ കേസിൽ റിമാൻഡിൽ ആയിരുന്ന ബോബി കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. രീതികളിലും സ്വഭാവത്തിലും എന്തിനേറെ പറയുന്നു വസ്ത്രധാരണത്തിൽ പോലും വ്യത്യസ്തത പുലർത്തുന്ന ആളാണ് ബോച്ചെ. വലിയ ഒരു വിഭാഗം ആളുകൾ ഇദ്ദേഹത്തിന്റെ ആരാധകരാണ്. അതുകൊണ്ടുതന്നെ ഇദ്ദേഹം എന്ത് പറഞ്ഞാലും, എന്ത് പ്രവർത്തിച്ചാലും അതെല്ലാം അവർ സപ്പോർട്ട് ചെയ്യുന്നുണ്ട്.

റിമാൻഡിൽ കഴിയവെ ആറു കുറ്റവാളികൾക്കൊപ്പം ആയിരുന്നു ബോചെ കഴിഞ്ഞിരുന്നത്. സത്യം പറഞ്ഞാൽ ജയിലിൽ ജയിൽ യൂണിഫോമിനോട് സമാനമായ വസ്ത്രം ധരിച്ചിരുന്നത് ആറു പേരിൽ ബോചെ മാത്രമായിരിക്കും. കഴിഞ്ഞ 10 വർഷമായി വെള്ള വസ്ത്രം ആണ് താൻ ധരിക്കുന്നത് എന്ന് അദ്ദേഹം കഴിഞ്ഞ ഒരു ഇന്റർവ്യൂവിൽ പറയുകയുണ്ടായി. ബോച്ചെ അവലംബിക്കുന്ന സ്റ്റൈലിനു പിന്നിലും പല കാരണങ്ങളുണ്ട്. പലപ്പോഴും ഇവയെല്ലാം ട്രോളുകളുടെ രൂപത്തിൽ നമുക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ട്. ചട്ടയും മുണ്ടുമായി സാമ്യമുള്ള ഒരു വസ്ത്രമാണ് ഇദ്ദേഹം ധരിക്കുന്നത്. അത് ഇദ്ദേഹത്തിന്റെ ഐഡന്റിറ്റി ആയി മാറിയിട്ടും വർഷങ്ങളായി.

പല അഭിമുഖങ്ങളിലും ഇതേപ്പറ്റി അദ്ദേഹം പറഞ്ഞത്, വെള്ള വസ്ത്രം ധരിക്കുന്നത് തന്റെ ആത്മീയ ചിന്തകളെ പ്രതിഫലിപ്പിക്കുന്നത്തിന്റെ ഭാഗമാണെന്നാണ്. കൂടാതെ ഇക്കാര്യത്തിൽ മഹാത്മാ ഗാന്ധിയുടെ ആത്മീയ ആശയങ്ങളിൽ നിന്നും പ്രചോദനം ലഭിച്ചിരുന്നതായും അദ്ദേഹം മുൻപ് നൽകിയ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

വെള്ള വസ്ത്രം മാത്രമല്ല നീളൻ മുടിയും തലയിൽ മിക്കപ്പോഴും ബൊച്ചേ എന്നെഴുതിയ കറുത്ത ഒരു ബാൻഡും ഉണ്ടാവും. ഒപ്പം കൂളിങ് ഗ്ലാസും നിർബന്ധം. എന്നാൽ വില കൂടിയ വാച്ചുകളോ ആഡംബരം കാണിക്കുന്ന ആഭരണങ്ങളോ അദ്ദേഹം ധരിച്ചു കാണാറില്ല. ഏതൊരു ആൾക്കൂട്ടത്തിൽ നിന്നാലും ബോബി ചെമ്മണ്ണൂരിനെ ആളുകൾക്ക് മനസ്സിലാകുന്നതിന്റെ പ്രധാന കാരണം ഈ സ്റ്റൈൽ തന്നെയാണ്.

ചെമ്മണ്ണൂർ ഗ്രൂപ്പ് എന്ന ബിസിനസ് സ്ഥാപനത്തിനു പുറത്ത് ബോബി ചെമ്മണ്ണൂർ എന്ന ഒരു ബ്രാൻഡ് ഉണ്ടാക്കിയെടുക്കാൻ ഈ വസ്ത്രധാരണവും ശൈലിയും ബോബിയെ സഹായിച്ചിട്ടുണ്ട് . കോടികളുടെ ആസ്തിയുള്ള മനുഷ്യൻ ദിവസവും ഒരേ തരം വസ്ത്രം ധരിച്ചെത്തിയതോടെ അദ്ദേഹത്തിന്റെ ലാളിത്യത്തെ പ്രകീർത്തിക്കുന്ന ഒരുവിഭാഗവും ഉണ്ട്.

Latest News