Celebrities

‘അതിനാണ് എന്നെ വിലക്കിയത്; അന്യായമായ കാര്യങ്ങൾ നടക്കുമ്പോൾ അത് ചോദിക്കാതിരിക്കാൻ പറ്റില്ല’; വിലക്ക് നേരിടേണ്ടി വന്നതിനെ കുറിച്ച് ഷെയിൻ നി​ഗം | shane nigam recalls the crisis period in his career

ഒരുപക്ഷെ എനിക്ക് ഇനിയും വിലക്കുകൾ വന്നേക്കാം

മലയാളത്തിൽ ജനപ്രീതിയുള്ള യുവ നടൻമാരിൽ ഒരാളാണ് ഷെയിൻ നി​ഗം. അന്തരിച്ച നടൻ അബിയുടെ മകനായ ഷെയ്ൻ മലയാള സിനിമാ ലോകത്തേക്ക് കടന്ന് വന്നപ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകളേറെയായിരുന്നു. അബിക്ക് കരിയറിൽ ലഭിക്കാതെ പോയ അം​ഗീകാരങ്ങൾ ഷെയ്നിന് ലഭിക്കുമെന്ന് പലരും പ്രതീക്ഷിച്ചു. പക്ഷെ നായകനായുള്ള തുടക്ക കാലം മുതൽ ഷെയിൻ വിവാദങ്ങളിൽ അകപ്പെട്ടു. നിർമാതാക്കൾ നടനെതിരെ രം​ഗത്ത് വന്ന സാഹചര്യമുണ്ടായി. സിനിമാ രം​ഗത്ത് നിന്നും ചുരുക്കം ചിലരുടെ പിന്തുണ മാത്രമേ ഷെയിനിന് വിവാദങ്ങളുടെ സമയത്ത് ലഭിച്ചിട്ടുള്ളൂ. ഇന്നും നടന് നേരെ സോഷ്യൽ മീഡിയയിൽ കുറ്റപ്പെടുത്തലുകൾ ഉയരാറുണ്ട്.

മദ്രാസ്കാരൻ ആണ് ഷെയിനിന്റെ പുതിയ ചിത്രം. സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ മലയാള സിനിമാ രം​ഗത്ത് താൻ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഷെയിൻ നി​ഗം. രണ്ട് തവണ തനിക്ക് വിലക്ക് നേരിടേണ്ടി വന്നെന്ന് ചൂണ്ടിക്കാട്ടിയ ഷെയിൻ നി​ഗം ഇനിയും വിലക്ക് വന്നേക്കാമെന്നും പറഞ്ഞു. 2019 ലെ ആദ്യ ബാൻ വലിയ വാർത്തയായിരുന്നു.

ആ സമയത്ത് ഞാൻ റിബൽ മൂഡിലായിരുന്നു. വർക്കിം​ഗ് രീതി മനസിലാക്കുന്ന സമയം. ഒരുപാട് അനീതികൾ നടക്കുന്നുണ്ട്. അത് കണ്ട് ഓക്കെ സർ, ഓക്കെ സർ എന്ന് പറയണം. അത് വളരെ ബുദ്ധിമുട്ടാണ്. അന്യായമായ കാര്യങ്ങൾ നടക്കുമ്പോൾ അത് ചോദിക്കാതിരിക്കാൻ പറ്റില്ല. ഒരുപക്ഷെ എനിക്ക് ഇനിയും വിലക്കുകൾ വന്നേക്കാം. ഞാൻ കാര്യമാക്കുന്നില്ല. എന്ത് ചെയ്യാൻ പറ്റും. പ്രതികരിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോഴും ഞാൻ നേരിടുന്നുണ്ട്.

മദ്രാസ്കാരന്റെ റിലീസിന്റെ സമയത്തും ഞാനിത് കേരളത്തിൽ അഭിമുഖീകരിക്കുന്നു. എന്നെ മുന്നോട്ട് നയിക്കുന്ന ഒരേയൊരു കാര്യം ഞാൻ നൂറ് ശതമാനവും വർക്ക് ചെയ്യുന്നു എന്നതാണ്. ഈ കലയിൽ വിശ്വസിക്കുന്നു. ബിസിനസ് വശവും വേണം. അതുണ്ടെങ്കിലേ ഇൻഡ്സ്ട്രി സർവെെവ് ചെയ്യൂ. എന്നാൽ അതല്ല കല. കല വളരെ സോഫ്റ്റായ ഇമോഷനാണെന്നും ഷെയിൻ നി​ഗം വ്യക്തമാക്കി.

റിബലായിരുന്നെങ്കിലും ഈ പ്രശ്നങ്ങൾ വന്നേനെ. കാരണം രണ്ടാമത്തെ തവണയും എനിക്ക് വിലക്ക് വന്നു. അപ്പോൾ കാരണങ്ങളൊന്നുമില്ല. സിനിമയുടെ എഡിറ്റ് എനിക്ക് കാണണമായിരുന്നു. അതിനാണ് അവരെന്നെ ബാൻ ചെയ്തത്. ഒരു വ്യക്തിയും അസോസിയേഷനും തമ്മിലുള്ള പ്രശ്നമാകുമ്പോൾ അത് വളരെ ബുദ്ധിമുട്ടാണ്. ആ സമയത്ത് കുടുംബമായിരുന്നു പിന്തുണ.

ഇൻഡസ്ട്രിയിൽ നിന്ന് രാജീവ് രവി സാറുടെ പിന്തുണയുണ്ടായിരുന്നു. അദ്ദേഹമെനിക്ക് മെന്ററാണ്. അദ്ദേഹം കാരണമാണ് ഞാൻ സിനിമാ ലോകത്തെത്തിയത്. പ്രശ്നങ്ങൾ വന്നപ്പോഴും സിനിമാ രം​ഗം വിടണമെന്ന് തോന്നിയിട്ടില്ല. കാരണം സിനിമ ചെയ്യണമെന്ന് തീരുമാനിച്ച് വന്നതല്ല. എനിക്ക് രണ്ട് മുഖമില്ല. എന്തെങ്കിലും തോന്നിയാൽ ഈ മുഖത്തുണ്ടാകുമെന്നും ഷെയിൻ നി​ഗം വ്യക്തമാക്കി. ​ഗലാട്ട തമിഴുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

ലിറ്റിൽ ഹാർട്ട്സ് ആണ് ഷെയിൻ നി​ഗത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ. നടന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയെ ഷെയിൻ തള്ളിപ്പറഞ്ഞെന്ന വാദം സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വന്നിരുന്നു. വയലൻസ് ഒരുപാടുള്ള സിനിമ താൻ കാണാറില്ലെന്നാണ് ഷെയിൻ പറഞ്ഞത്.

CONTENT HIGHLIGHT: shane nigam recalls the crisis period in his career