Explainers

വെടിയൊച്ച നിലയ്‌ക്കുന്ന ഗാസ: അധിനിവേശത്തിന്റെ ബുള്‍ഡോസറുകള്‍ക്കു മുകളില്‍ ജീവന്റെ തുടിപ്പുകള്‍; മധ്യസ്ഥ ചര്‍ച്ചകള്‍ വിജയം കാണുമ്പോള്‍ ഇസ്രയേലിന്റെ പ്രതികാരം അടങ്ങുമോ ?

പശ്ചിമേഷ്യകണ്ട ഏറ്റവും വലിയ കൂട്ടക്കുരുതിയാണ് ഗാസയില്‍ നടന്നത്. ഹമാസിനു വേണ്ടി ഇസ്രയേല്‍ നടത്തിയ കൊലപാതകങ്ങളില്‍ ഏറെയും പലസ്തീന്‍ ജനതയുടേതാണ്. കുട്ടികള്‍ മുതല്‍ സ്ത്രീകളും, വൃദ്ധരെയും വരെ കൊന്നു തള്ളിയുള്ള അധിനിവേശത്തില്‍ ഗാസയുടെ തെരുവോരങ്ങളും പട്ടണങ്ങളും മണ്‍കൂനകളായി മാറി. ഒരു വര്‍ഷവും മൂന്നു മാസവും കൊണ്ട് ഹമാസിനെ തോല്‍പ്പിക്കാനാകാതെ ഇസ്രയേല്‍ സൈന്യം പലസ്തീനികളെ കൊന്നു തള്ളുകയായിരുന്നു. അതിനാണ് വരുന്ന ഞായറാഴ്ച മുതല്‍ അവസാനമാകുന്നത്. അതും വെറും 42 ദിവസത്തേക്കു മാത്രമാണ്. ആദ്യഘട്ട വെടിനിര്‍ത്തല്‍ കഴിയുമ്പോള്‍ വീണ്ടും മധ്യസ്ഥ ചര്‍ച്ചകള്‍ ഉണ്ടാകുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്. എന്തായാലും നിരന്തരമായ ആക്രമണങ്ങള്‍ക്കും പേടിപ്പെടുത്തുന്ന ബോംബാക്രമണത്തിനും അന്തം കുറിക്കുന്നത് ഗാസയിലെ സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ് എന്നതില്‍ തര്‍ക്കമില്ല.

വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് പല കാര്യങ്ങളിലും ഇപ്പോഴും ആശയക്കുഴപ്പം തുടരുമ്പോഴും ഞായറാഴ്ച കരാര്‍ നിലവില്‍ വരുമെന്നുറപ്പായിട്ടുണ്ട്. ഇരു കൂട്ടരും കരാറില്‍ നിന്നും ഇതുവരെ പിന്‍മാറിയിട്ടില്ല എന്നതാണ് കരാറിനെ ഉറപ്പിക്കുന്നത്. 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായി എന്നു തന്നെയാണ് ലോകം വിശ്വസിക്കുന്നതും. ഇതിലും വലിയ വാര്‍ത്തയോ ആശ്വാസമോ ലോകത്തു കേള്‍ക്കാന്‍ വേറെയില്ല എന്നതാണ് വസ്തുത. ഏതു നിമഷവും തോക്കിന്‍ കുഴലുകളിലൂടെ മരണം കാത്തിരുന്ന ഒരു ജനതയുടെ മുഖത്ത് സന്തോഷത്തിന്റെ ചിരി പടരുന്നത് ലോകം സ്വപ്‌നം കാണുകയാണ്.

അമേരിക്കയുടെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയില്‍ ഒരാഴ്ചയിലേറെ നീണ്ട ചര്‍ച്ചകളെത്തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ ുണ്ടാകുന്നത്. മൂന്നുഘട്ട കരാറിനാണ് ധാരണയായിട്ടുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് ഈ മാസം ഇരുപതിന് സ്ഥാനം ഒഴിയുന്ന ജോബൈഡനെ സംബന്ധിച്ച് ഇത് അങ്ങേയറ്റം നേട്ടമാണ്. പലപ്പോഴും ദുര്‍ബലനായ പ്രസിഡന്റ് എന്ന പഴി ഏറെ കേട്ടിട്ടുള്ള ബൈഡനെ സംബന്ധിച്ച് പടിയിറങ്ങി പോകുമ്പോള്‍ ലോകത്ത് ഏറെ ചര്‍ച്ചാവിഷയമായ ഒരു കാര്യത്തിന് സമാധാനപരമായ അന്ത്യം കുറിക്കാന്‍ തനിക്ക് കഴിഞ്ഞു എന്ന് അദ്ദേഹത്തിന് അഭിമാനിക്കാനാകും. യു എസ് പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് അധികാരമേല്‍ക്കാന്‍ അഞ്ചുദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് കരാര്‍ യാഥാര്‍ത്ഥ്യമാകുന്നത്.

ഗാസയില്‍ വെടിനിര്‍ത്തലും ബന്ദി മോചനവും യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ ഹമാസിനെ നരകം കാണിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്കും ഫലമുണ്ടായി എന്ന് അദ്ദേഹത്തിനും ആശ്വസിക്കാം. അതേ സമയം ഇസ്രയേലിന്റെ യുദ്ധകാല കാബിനറ്റ് കരാറിന് അന്തിമ അംഗീകാരം നല്‍കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളിലും ഒത്തുതീര്‍പ്പായി എന്ന്് മധ്യസ്ഥരായ ഖത്തറും ഈജിപ്തും അമേരിക്കയും വ്യക്തമാക്കുമ്പോഴും ഇനിയും ചില കാര്യങ്ങളില്‍ വ്യക്തത വരാനുണ്ടെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്. ഏതൊക്കെ കാര്യങ്ങളിലാണ് വ്യക്തത എന്ന് അദ്ദേഹം കൃത്യമായി ഇനിയും പറഞ്ഞിട്ടില്ല. ഹമാസിന്റെ കൈവശമുള്ള ബന്ദികളില്‍ ആദ്യഘട്ടത്തില്‍ വിട്ടുകൊടുക്കാം എന്ന് ഉറപ്പ് നല്‍കിയവരുടെ പട്ടികയില്‍ എത്ര പേര്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഇനിയും ഉറപ്പില്ലാത്ത അവസ്ഥയാണ്.

ഹമാസ് നല്‍കിയ ബന്ദികളുടെ പട്ടിക, നേരത്തേ ഇസ്രയേല്‍ അവര്‍ക്ക് നല്‍കിയ പട്ടികയാണെന്നാണ് നെതന്യാഹു വ്യക്തമാക്കുന്നത്. കൂടാതെ പട്ടികയില്‍ പേരുള്ള രണ്ട് കുട്ടികള്‍ നേരത്തേ മരിച്ചു പോയതായി ഹമാസ് തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഹമാസിന്റെ ഭാഗത്ത് നിന്ന് ഇസ്മായില്‍ ഹനിയയോ യഹ്യാ സിന്‍വാറോ ഒന്നും തന്നെ ജീവിച്ചിരിപ്പില്ല എന്ന കാര്യവും പ്രധാനമാണ്. ഹമാസിന് വേണ്ടി നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എല്ലാം മുന്നോട്ട്് വെയ്ക്കുന്നതും നടപ്പിലാക്കുന്നതും ആരാണെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വധിച്ച ഹമാസ് തലവനായിരുന്ന യഹ്യാ സിന്‍വാറിന്റെ മൃതദേഹം വിട്ടു നല്‍കണമെന്ന ഭീകരസംഘടനയുടെ ആവശ്യവും നേരത്തേ ഇസ്രയേല്‍ തളളിക്കളഞ്ഞിരുന്നു.

ഇത്തരം അവ്യക്തതകള്‍ക്ക് വരുന്ന മൂന്നു ദിവസം കൊണ്ട് വ്യക്തത വരുത്തിയാകും വെടിനിര്‍ത്തല്‍ കരാറിന് അന്തിമ രൂപം നല്‍കുന്നത്. അതേസമയം, ഇസ്രയേല്‍ നയങ്ങള്‍ക്കെതിരെ അടിപതറാതെ നിലകൊണ്ട യഹ്യ സിന്‍വാറിന്റെ മരണത്തിന് ശേഷം ഇസ്രയേലിനെതിരെ പോരാടാന്‍ യഹ്യയുടെ സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ തയ്യാറെടുക്കുന്നു എന്നാണ് ഇറാന്‍ മാധ്യമമായ പ്രസ് ടിവി പുറത്തുവിട്ടിരിക്കുന്ന വാര്‍ത്ത മുഹമ്മദ് സിന്‍വാര്‍ ഗ്രൂപ്പിന്റെ പുതിയ കമാന്‍ഡര്‍-ഇന്‍-ചീഫ് ആയതായി വാള്‍ സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുദ്ധമുഖത്ത് ഇസ്രയേലിനെതിരെ ഒരിഞ്ചുപോലും പിന്നോട്ട് പോകാതെ ഗാസമുനമ്പില്‍ പ്രത്യാക്രമണവുമായി നിലകൊണ്ടതു കൊണ്ട് തന്നെയാണ് അദ്ദേഹത്തെ നേതാവായി ഗ്രൂപ്പ് അംഗീകരിച്ചത്.

മുഹമ്മദിന്റെ കമാന്‍ഡര്‍ഷിപ്പിന് കീഴില്‍ ആയിരക്കണക്കിന് പോരാളികളാണ് ഹമാസിനെ നയിക്കാനെത്തിയിരിക്കുന്നത്. ആക്രമണത്തിനെത്തുന്ന ഇസ്രയേല്‍ സേനയെ തറപറ്റിക്കുക എന്നത് തന്നെയാണ് അവരുടെ ലക്ഷ്യം. യുദ്ധത്തിലൂടനീളമുണ്ടായിരുന്ന ഹമാസ് സേനയുടെ വൈദഗ്ദ്യത്തില്‍ 840 ഓളം ഇസ്രയേല്‍ സൈനികരാണ് കൊല്ലപ്പെട്ടത്. മുഹമ്മദിന്റെ കീഴിലുള്ള സൈന്യം പുതിയ തന്ത്രങ്ങളിലൂടെ ഇസ്രയേല്‍ സൈന്യത്തെ ഒരു യുദ്ധത്തിലേക്ക് തന്നെ ക്ഷണിക്കുകയാണ്. ഇവര്‍ക്ക് നേരെയെത്തുന്ന ഇസ്രയേല്‍ പോരാളികളെ കാത്തിരിക്കുന്നത് കനത്ത പ്രഹരങ്ങളാണ്. കൂടാതെ സ്വന്തം തടവുകാരെ മോചിപ്പിക്കുക ഉള്‍പ്പെടെയുള്ള ഇസ്രയേലിന്റെ ലക്ഷ്യങ്ങളൊന്നും സാക്ഷാത്കരിക്കാന്‍ സാധിക്കാത്തതും ഇസ്രയേലിന് കിട്ടിയ വലിയ വെല്ലുവിളി തന്നെയാണ്.

അതേസമയം, ഹമാസ് ഒരു പാര്‍ട്ടിയാണെന്നും അത് അവിടുത്തെ ജനങ്ങളുടെ ഹൃദയത്തില്‍ വേരൂന്നിയതാണെന്നും ഇസ്രയേല്‍ ചാനലായ ചാനല്‍ 13ന് നല്‍കിയ അഭിമുഖത്തില്‍ ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറയുകയുണ്ടായി. ഹമാസിനെ ഇല്ലാതാക്കാന്‍ നമുക്ക് കഴിയുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും ഹമാസിനെ ഇല്ലാതാക്കാമെന്ന് പറഞ്ഞ് ഇസ്രയേല്‍ സ്വന്തം ജനങ്ങളുടെ മുഖത്ത് മണല്‍ എറിയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഹമാസ് എന്ന ശക്തിയെ ഇല്ലാതാക്കാമെന്ന ഇസ്രയേലിന്റെ അതിമോഹത്തിന് കൂച്ച് വിലങ്ങിടുന്നതാണ് ഇസ്രയേല്‍ സൈനിക വക്താവിന്റെ തന്നെ ഈ തുറന്ന് പറച്ചില്‍. ആത്മബലംകൊണ്ട് മാത്രം യുദ്ധത്തില്‍ വിജയിക്കാന്‍ സാധിക്കില്ല, അതിന് സൈനികവും, ആയുധപരമായും ഐക്യപരമായുമൊക്കെയുള്ള ബലം വേണം. എല്ലാമുണ്ടെന്ന് അഹങ്കരിച്ചിരുന്ന ഇസ്രയേലിന്റെ സൈനിക ശേഷി ചുരുങ്ങുന്നതായും ആത്മവിശ്വാസം ദുര്‍ബലപ്പെടുത്തുന്നതുമായ കാഴ്ച്ചയാണ് നിലവില്‍ ഇസ്രേയേലില്‍ നിന്ന് കാണാന്‍ സാധിക്കുന്നത്.

ഈ സാഹചര്യം കൂടി കണക്കിലെടുത്താണോ വെടിനിര്‍ത്തല്‍ കരാറിലേക്ക് ഇസ്രയേല്‍ എത്തിയതെന്നു ന്യായമായി സംശയിക്കാം. ചെങ്കടല്‍, അറബിക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളില്‍ ഇസ്രയേല്‍ ഭരണകൂടവുമായി ബന്ധമുള്ള എല്ലാ കപ്പലുകള്‍ക്കുമെതിരെ യമന്‍ ഉയര്‍ന്ന ഭീഷണിയാണ് നിലവില്‍ നല്‍കുന്നത്. ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള അധിനിവേശ പ്രദേശങ്ങള്‍ക്കുള്ളില്‍ യമന്‍ ദീര്‍ഘദൂര മിസൈല്‍ ആക്രമണങ്ങളും നടത്തിയിട്ടുണ്ട്. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍, 2,000 കിലോമീറ്റര്‍ അകലെ വരെയെത്താന്‍ കഴിയുന്ന ഡ്രോണുകള്‍ എന്നിവയെല്ലാമാണ് യെമന്റെ ആയുധപ്പുരയിലുള്ളത്. ഇസ്രയേലിന്റെ സൈനിക താവളങ്ങള്‍ കീഴ്‌പ്പെടുത്താന്‍ കെല്‍പ്പുള്ള ശേഖരം യമന്റെ കൈയ്യിലുണ്ടെന്ന് ഇസ്രയേലിനും നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് ആക്രണം നേരിട്ട ഉടന്‍ തന്നെ ഇസ്രയേല്‍ വാളെടുത്ത് ഇറങ്ങാത്തത്.

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കര-വിമാന ആക്രമണം അവസാനിക്കുന്നത് വരെ തങ്ങളുടെ ആക്രമണം അവസാനിപ്പിക്കില്ലെന്നാണ് യമന്‍ സായുധ സേനയുടെ തീരുമാനം. യമന്‍ മാത്രമല്ല ഇസ്രയേല്‍ ഏറ്റവും കൂടുതല്‍ യുദ്ധമുഖത്ത് ഭയക്കുന്നൊരെതിരാളി ഇറാനാണെന്നത് നിസംശയം പറയാം. നേരത്തെ തന്നെ ഇറാന്റെ ശക്തിയുടെ പ്രഹരം പലവട്ടം അനുഭവിച്ചറിഞ്ഞിട്ടുള്ളവരാണ് ഇസ്രയേല്‍. ഇസ്രയേലിനെതിരെ ഇപ്പോള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് വരുകയാണ് ഇറാന്‍. ഇറാനിയന്‍ ആര്‍മിയുടെ കോംബാറ്റ് ഓര്‍ഗനൈസേഷനില്‍ 1,000-ത്തോളം തന്ത്രപ്രധാനമായ, സ്റ്റെല്‍ത്ത്, ആന്റി-ഫോര്‍ട്ടിഫിക്കേഷന്‍ ആളില്ലാ വിമാനങ്ങള്‍ എന്നിവ കൂടി ഉള്‍പ്പെടുത്തിയതായി അറിയിച്ചിരിക്കുകയാണിപ്പോള്‍ ആര്‍മി ഫോര്‍ കോ ഓര്‍ഡിനേഷന്‍ ഡെപ്യൂട്ടി ചീഫ് റിയര്‍ അഡ്മിറല്‍ ഹബീബുള്ള സയാരി.

കരസേനയുടെ ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ അബ്ദുല്‍റഹിം മൗസവിയുടെ ഉത്തരവനുസരിച്ചാണ് സൈന്യത്തെ വീണ്ടും ഇറാന്‍ ശക്തമാക്കിയിരിക്കുന്നത്. പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അസീസ് നസിര്‍സാദേ, കര, വ്യോമ, നാവികസേനയുടെ കമാന്‍ഡര്‍മാര്‍ എന്നിവര്‍ ഇതിന് മേല്‍നോട്ടം വഹിക്കും. വിമാനത്തിന് 2,000 കിലോമീറ്ററിലധികം അതായത് 1,242 മൈല്‍ ദൂരമെത്താനുള്ള ശേഷിയുണ്ട്. കൂടാതെ, റഡാര്‍ ക്രോസ് സെക്ഷന്‍ ലെവലുകള്‍ ഉപയോഗിച്ച് ശത്രുക്കളുടെ പ്രതിരോധത്തെ മറികടക്കാനുള്ള കഴിവും ഇതിന് ഉണ്ട്. മാത്രമല്ല, രാജ്യത്തിന്റെ വടക്ക്, പടിഞ്ഞാറന്‍ മേഖലകളില്‍ അത്യാധുനിക ലേസര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വ്യോമ പ്രതിരോധ സംവിധാനവും രാജ്യം പുറത്തിറക്കിയിട്ടുണ്ട്.

ഇസ്രയേല്‍ കരുതുന്നതിനും അപ്പുറമാണ് ഇറാന്റെ ശക്തി. ഹമാസിനെപോലെ തന്നെ ഇറാന്റെ തീവ്രതയെയും ഇസ്രയേല്‍ വെറുതെ അളക്കാന്‍ പാടില്ല. അതറിയുന്നതു കൊണ്ട് തന്നെ ഒറ്റയടിക്കൊരു പടയൊരുക്കത്തിന് ഗാസയിലേക്കും ഇസ്രയേല്‍ ഇനി കടക്കില്ല. അങ്ങനെ കടന്നാലുണ്ടാകുന്ന ഭവിഷത്തുകളെപറ്റി ഇസ്രയേലിന് ഇപ്പോള്‍ ഏറെക്കുറെ ഒരു ധാരണ വന്നിട്ടുണ്ട്. ഇതിനിടയിലാണ് ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഖത്തറില്‍ നടക്കുന്ന ചര്‍ച്ചകള്‍ വിജയം കണ്ടത്. വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യാന്‍ ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍ ഖലീല്‍ അല്‍ ഹയ്യയെ സമീപിച്ചിരുന്നു. കൂടാതെ വെടിനിര്‍ത്തല്‍ നടപടിയെ പിന്തുണച്ച് അങ്കാറയുടെ ഇന്റലിജന്‍സ് മേധാവി ഇബ്രാഹിം കാലിനും ഹമാസുമായി ഫോണ്‍ സംഭാഷണം നടത്തിയതായി തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചര്‍ച്ചകള്‍ സജീവമായി നടന്നുകൊണ്ടിരിക്കുമ്പോള്‍ നിലവില്‍ വെടിനിര്‍ത്തല്‍ നടത്തേണ്ടതും തല്‍ക്കാലിക സമാധാനം കൈവരിക്കേണ്ടതും ഇസ്രയേലിന്റെ കൂടെ ആവശ്യമാണ്. കാരണം ഇസ്രയേലിന്റെ ബലം ഏറെ കുറെ ക്ഷയിച്ചുതുടങ്ങിയിരിക്കുകയാണ്. ആയുധബലവും, അമേരിക്കയുടെ പിന്തുണയും മാത്രം കൊണ്ടായില്ല, ഹമാസിനെതിരെ ആയുധമെടുത്താല്‍ നാലുഭാഗത്തുനിന്നും വരുന്ന ആക്രമണങ്ങളെ അങ്ങനെ ഒറ്റയടിക്ക് പ്രതിരോധിച്ച് നില്‍ക്കാന്‍ സാധിക്കില്ലെന്ന കാര്യം ഇസ്രയേലിന് കൃത്യമായി തന്നെ അറിയാം. ഇതെല്ലാമാണ് ഞായറാഴ്ച നിലവില്‍ വരുന്ന വെടിനിര്‍ത്തലിലേക്ക് പശ്ചിമേഷ്യയെ എത്തിച്ചിരിക്കുന്നത്.

CONTENT HIGH LIGHTS; Gaza under fire: Life throbs above occupation’s bulldozers; Will Israel’s retaliation stop when mediation talks succeed?

Latest News