Celebrities

‘ജയറാം വരികയാണെങ്കിൽ ഞങ്ങൾ വരില്ലെന്ന് അവർ പറഞ്ഞു; അതുകൊണ്ട് ആ പത്രം എന്നെ ഒഴിവാക്കി’; പരാതി മൂലം വിദ്യാരംഭ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ജയറാം | jayaram about his education qualification

ഞാൻ പ്ലസ് ടു പാസായി എന്ന് മാത്രമെയുള്ളു എന്നാണ് കാളിദാസ് പറഞ്ഞത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജയറാം. സിനിമയിലെത്തി പതിറ്റാണ്ടുകൾ പിന്നിട്ടു കഴിഞ്ഞിട്ടും ഇന്നും ജയറാം എന്ന നടന് പഴയ തലമുറയിലും പുതുതലമുറയിലും ആരാധകർ ഏറെയാണ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിവർക്കൊപ്പം തന്നെ ജയറാം എന്നുകൂടി കണ്ടും പറഞ്ഞും ശീലിച്ചവരാണ് നമ്മൾ. മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിയ താരം ഇപ്പോൾ തമിഴിലും തെലുങ്കിലുമാണ് സജീവം. മലയാളി മാമന് വണക്കം, മാളൂട്ടി, ധ്രുവം, എൻ്റെ വീട് അപ്പൂൻ്റേം, സന്ദേശം തുടങ്ങി നിരവധി സിനിമകളിലൂടെയാണ് ജയറാം മലയാളികൾക്ക് പ്രിയങ്കരനായത്. അദ്ദേഹം ചെയ്ത ഓരോ കഥാപാത്രങ്ങളും ഇന്നും ആരും മറന്നിട്ടില്ല. നിലവിൽ മലയാളത്തിൽ വളരെ സെലക്ടീവായി മാത്രമാണ് താരം അഭിനയിക്കുന്നത്. എന്നാൽ തമിഴ് അടക്കമുള്ള ഭാഷകളിലും ജയറാം തിളങ്ങി നിൽക്കുകയാണ്.

അബ്രഹാം ഓസ്ലർ എന്ന ചിത്രത്തിന് ശേഷം മറ്റ് മലയാള സിനിമകളൊന്നും ജയറാമിന്റേതായി പ്രേക്ഷകരിലേക്ക് എത്തിയിട്ടില്ല. സിനിമകൾ തുടരെ തുടരെ ചെയ്യുന്നില്ലെങ്കിലും അദ്ദേഹത്തോടും കുടുംബത്തോടുമുള്ള മലയാളികളുടെ സ്നേഹത്തിന് തെല്ലും കുറവ് വന്നിട്ടില്ല. മറ്റ് താരപുത്രന്മാരെ പോലെ തന്നെ അച്ഛന്റെ വഴിയാണ് കാളിദാസും സിനിമയിലെത്തിയത്. ഇപ്പോഴിതാ ഇരുവരും കഴിഞ്ഞ ദിവസം പങ്കെടുത്ത ഒരു ചടങ്ങിൽ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്.

വിദേശ പഠനത്തിന് സൗകര്യമൊരുക്കുന്ന കേരളത്തിലെ പ്രമുഖ സ്ഥാപനമായ സാൽവേ മരിയയുടെ ബ്രാൻഡ് അംബാസഡർമാരായി ജയറാമിനേയും മകൻ കാളിദാസ് ജയറാമിനേയും കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. കൊച്ചിയിലെ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ചടങ്ങിൽ വെച്ച് തന്നെ ഇരുവരും കരാറിൽ ഒപ്പുവെച്ചു. ശേഷം രണ്ടുപേരും നടത്തിയ പ്രസം​ഗമാണ് സോഷ്യൽമീഡിയ കീഴടക്കുന്നത്.

കരാറിൽ ഒപ്പുവെച്ചശേഷം കാളിദാസ് പറഞ്ഞത് ഇങ്ങനെയാണ്… ഏറ്റവും വലിയ കോമഡി രണ്ട് പഠിത്തമില്ലാത്ത ആളുകളാണ് ഇതിന്റെ ബ്രാന്റ് അംബാസിഡേഴ്സ് എന്നതാണ്. ഞാൻ പ്ലസ് ടു പാസായി എന്ന് മാത്രമെയുള്ളു എന്നാണ് കാളിദാസ് പറഞ്ഞത്. മകന്റെ വാക്കുകൾ കേട്ട് ജയറാമും വേദിയിലും സദസിലുമുള്ളവരുമെല്ലാം പൊട്ടിച്ചിരിച്ചു.

പിന്നാലെ പ്രസം​ഗിക്കാനെത്തിയ ജയറാം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് തനിക്ക് ഉള്ളൊരു അനുഭവവും പങ്കുവെച്ചു. കാളി പറഞ്ഞത് രണ്ട് വിദ്യാഭ്യാസമില്ലാത്തവരെയാണ് ഇവർ ബ്രാന്റ് അംബാസിഡേഴ്സായി എടുത്തിരിക്കുന്നതെന്നാണ്. മലയാളത്തിലെ പ്രശസ്തമായ പത്രം എറണാകുളത്ത് വിദ്യാരംഭത്തിന്റെ അന്ന് വിദ്യ കുറിക്കാൻ വേണ്ടി രണ്ട്, മൂന്ന് വർഷം എന്നെ വിളിക്കുമായിരുന്നു.

പിന്നീട് എനിയ്ക്കൊപ്പം ഹരിശ്രീ കുഞ്ഞുങ്ങളെ എഴുതിക്കാൻ ഇരിക്കുന്നവരൊക്കെ കംപ്ലെയ്ന്റ് ചെയ്തു. ഇനി മുതൽ ജയറാം വരികയാണെങ്കിൽ ഞങ്ങൾ വരില്ലെന്ന് അവർ പറഞ്ഞു. അതുകൊണ്ട് അവർ എന്നെ പിന്നെ അതിൽ നിന്നും ഒഴിവാക്കി. ആ മൂന്ന് വർഷം ഞാൻ ആ പരിപാടിയുടെ ഭാ​ഗമയപ്പോൾ, എനിക്കൊപ്പം ഉള്ളവരെല്ലാം അങ്ങേയറ്റം വിദ്യാഭ്യാസമുള്ളവരാണ്. ഐഎഎസ് ഉള്ളവർ വരെയുണ്ട്.

അവരുടെ കൂട്ടത്തിൽ ഞാനാണ് ഏറ്റവും വിദ്യാഭ്യാസം കുറഞ്ഞയാൾ. ഏകദേശം ആയിരം കുട്ടികളോളം അക്ഷരം കുറിക്കാൻ വരും. അതിൽ 800 കുട്ടികളും എന്റെ അടുത്ത് ഹരിശ്രീ കുറിക്കാൻ വരും. ബാക്കി 200 പേർ മറ്റുള്ളവരുടെ അടുത്തേക്ക് പോകും. എന്റെ അടുത്ത് ക്യൂ നീളുമ്പോൾ ബാക്കിയുള്ളവരുടെ അടുത്ത് ആരും ഇല്ല.

അവർ സ്വയം അരിയിൽ എഴുതിയും വരച്ചും ഇരിക്കുകയാണ്. അതുകൊണ്ടാണ് എന്നെ ഒഴിവാക്കിയത്. എന്റെ അടുത്ത് വരുന്ന കുട്ടികളുടെ മാതാപിതാക്കളോട് ഞാൻ ചോദിക്കും. അപ്പുറത്ത് ഒരുപാട് നല്ല വിദ്യാഭ്യാസമുള്ളവർ ഇരിക്കുന്നുണ്ടല്ലോ… കുട്ടികൾ നന്നായി പഠിക്കണ്ടേ?.

അവരുടെ അടുത്തേക്ക് കൊണ്ടുപോകാമായിരുന്നില്ലേയെന്ന്. അപ്പോൾ അവർ പറയും… ഞങ്ങളുടെ മോൻ ജയറാമായാൽ മതി. അത്രയും വിദ്യാഭ്യാസം ഞങ്ങളുടെ കുട്ടിക്ക് വേണ്ട… അതുകൊണ്ട് അവൻ ജയറാം ആകണേയെന്ന് പ്രാർത്ഥിക്കണെ തലയിൽ കൈവെച്ച് എന്ന് പറയും.

അതുകൊണ്ട് തന്നെ ഇത്രയും വിദ്യാഭ്യാസം മതി കണ്ണാ… എന്നാണ് ജയറാം പറഞ്ഞത്. അടുത്തിടെയായിരുന്നു കാളിദാസിന്റെ വിവാഹം. ​ഗുരുവായൂരിലായിരുന്നു താലികെട്ട് ചടങ്ങുകൾ. ശേഷം കുടുംബസമേതം ഫിൻലാന്റ് യാത്ര നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും താരകുടുംബം പങ്കുവെച്ചിരുന്നു.

CONTENT HIGHLIGHT: jayaram about his education qualification