കോഴിക്കോട്: 90 ദിവസത്തിനുള്ളില്‍ 1928 പരിശോധനകൾ, പിഴ ചുമത്തിയത് 15 ലക്ഷം രൂപയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ കോഴിക്കോട് ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ നടത്തിയത് വ്യാപക പരിശോധനകൾ. ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിനായി 90 ദിവസത്തിനുള്ളില്‍ 1928 പരിശോധനകളാണ് ഉദ്യോഗസ്ഥര്‍ നടത്തിയത്.
ഇതില്‍ നിയമം ലംഘിച്ച് കച്ചവടം നടത്തിയ സംഭവങ്ങളിലായി 51 കേസ് രജിസ്റ്റര്‍ ചെയ്യുകയും 15.54 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തതായുമാണ് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഭക്ഷ്യസുരക്ഷാ ജില്ലാ അഡൈ്വസറി കമ്മിറ്റി യോഗം വ്യക്തമാക്കിയത്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ) നിഷ്‌കര്‍ശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്ത 233 സ്ഥാപനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. ഈ ഇനത്തില്‍ മാത്രം 7,75,500 രൂപ പിഴയിട്ടിട്ടുണ്ട്.
മൂന്ന് മാസം കൊണ്ട് മാത്രം 1333 സാംപിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. കൂടാതെ 7979 സ്ഥാപനങ്ങള്‍ക്ക് പുതിയ രജിസ്‌ട്രേഷനും 2191 ലൈസന്‍സും നല്‍കി. 960 ഹോട്ടല്‍ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അധ്യക്ഷനായ യോഗത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ്, ജില്ലാ സപ്ലൈ ഓഫീസ്, ജില്ലാ വ്യവസായ വകുപ്പ്, ക്രൈം ബ്രാഞ്ച്, കൃഷി വകുപ്പ്, ഡിഡിഇ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
content highlight : 1928-food-safety-inspection-90-days-in-kozhikode-16-january