കോഴിക്കോട്: താമരശേരി ചുരത്തിലെ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ ഒരുപടി കൂടി കടന്ന് സർക്കാർ. കോഴിക്കോട് ചുരം റോഡിലെ മൂന്ന് ഹെയർപിൻ വളവുകൾകൂടി വീതികൂട്ടി നിവർത്തും. ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകൾ നിവർത്തുന്നതിന് ഭരണാനുമതിയായി. കേരള പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന്റെ മേൽനോട്ടത്തിലാകും നടപടി.
പിഡബ്ള്യുഡി നൽകിയ എസ്റ്റിമേറ്റ് പ്രകാരം 37.16 കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ചു. താമരശേരി ചുരത്തിലെ മൂന്ന്, അഞ്ച് വളവുകളുടെ നവീകരണം നേരത്തേ പൂർത്തിയാക്കിയിരുന്നു. ടെൻഡർ വിളിച്ച് പണി നടത്തേണ്ട ചുമതല പൂർണമായും കേരള പൊതുമരാമത്ത് വകുപ്പിനാണ്. പണി പൂർത്തിയാകുന്ന നാൾ മുതൽ അഞ്ച് വർഷത്തേക്ക് ഡിഫക്ട് ലയബിലിറ്റി പിരിയഡ് നിശ്ചയിച്ചാണ് കരാർ നൽകുക.
കരാർ നടപടികൾ നിശ്ചിത സമയത്തിനുള്ളിൽ നടത്തി പണി എത്രയും വേഗം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. വനഭൂമിയിൽ ഉൾപ്പെടുന്ന ആറ്, ഏഴ്, എട്ട് വളവുകൾ സാധിക്കുന്നത്രയും നിവർത്താൻ ആവശ്യമായ മരം മുറിക്കുന്നതിനുള്ള അനുമതിയോടെ വനംവകുപ്പ് ഭൂമി കൈമാറിക്കഴിഞ്ഞിട്ടുണ്ട്. അഞ്ച് വളവുകൾ വിതികൂട്ടാൻ 2018 ഏപ്രിലിലാണ് 32 ലക്ഷംരൂപ നൽകി പൊതുമരാമത്ത് 0.92 ഹെക്ടർ വനഭൂമി ഏറ്റെടുത്തത്.
ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് പേവ്ഡ് ഷോൾഡറുകളോട് കൂടിയാണ് വളവുകൾ വീതി കൂട്ടി നിവർത്തുക. ഗതാഗതനിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തിക്കൊണ്ടായിരിക്കും പണി നടത്തുക. കോഴിക്കോട് – വയനാട് പാതയിൽ തിരക്കേറുന്ന സമയങ്ങളിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് താമരശേരി ചുരം റോഡിലെ വളവുകളുടെ വീതിക്കുറവ് ഉൾപ്പെടെയുള്ള കാര്യങ്ങൾമൂലം ഉണ്ടാകുന്നത്. കൂടുതൽ വളവുകൾ വീതികൂട്ടി നിവർത്തുന്നതോടെ ആ പ്രശ്നത്തിന് കുറേയേറെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകൾ നിവർത്തുന്നതോടെ ചുരത്തിൽ വാഹനങ്ങൾ കുടുങ്ങുന്ന അവസ്ഥ പരിഹരിക്കാനാകും. ചുരത്തിലെ മൂന്ന്, അഞ്ച് വളവുകളുടെ നവീകരണം പൂർത്തിയാക്കിയത് ചുരത്തിലെ യാത്ര സുഗമമാക്കാൻ സഹായിച്ചു. ദിവസവും ആയിരക്കണക്കിനാളുകളാണ് ചുരം കയറി വയനാട്ടിൽ എത്തുന്നത്. വിനോദസഞ്ചാരികളുടെ എണ്ണവും ഉയർന്ന തോതിലാണ്. ഇതുമൂലം ചുരത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതിന് പതിവാണ്. വളവുകൾ നിവർത്തി ചുരത്തിലെ യാത്രാ തടസ്സം പരിഹരിക്കപ്പെടുന്നതോടെ റോഡിൽ സമയം ചെലവഴിക്കാതെ വയനാട്ടിൽ എത്താനാകും.
content highlight : renovation-approved-in-thamarassery-three-hairpin-bends-and-minister-pa-muhammad-riyas