Entertainment

എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത്, എനിക്ക് എന്റേതായ ഐഡന്റിറ്റിയുണ്ട് : ബേസിൽ ജോസഫ്

അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലെത്തി മലയാളി സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് ബേസിൽ ജോസഫ്. ബേസിൽ അഭിനയിക്കുന്ന സിനിമകൾ എല്ലാം ഇന്ന് വിജയ ചിത്രങ്ങളാണ്. 2024ൽ ബേസിൽ പ്രധാനകഥാപാത്രമായി എത്തിയ ജാനേമന്‍, പാല്‍ത്തൂജാന്‍വര്‍, ജയ ജയ ജയഹേ, ഫാലിമി, ഗുരുവായൂരമ്പല നടയില്‍, സൂക്ഷ്മദര്‍ശിനി എന്നീ ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളായ അജയന്റെ രണ്ടാം മോഷണം, വര്‍ഷങ്ങള്‍ക്ക് ശേഷം, വാഴ എന്നീ ചിത്രങ്ങളിലും ബേസില്‍ ജോസഫിന് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു. അതുകൊണ്ട് തന്നെ അടുത്ത കാലത്തായി ബേസിലിന് ചാർത്തിക്കിട്ടിയ പേരാണ് ജനപ്രിയ നായകൻ എന്നത്. ചിലപ്പോഴെങ്കിലും ജനപ്രിയ നായകൻ എന്ന ഈ വിശേഷണം നടൻ ദിലീപുമായുള്ള താരതമ്യത്തിന് വഴിവെക്കാറുണ്ട്. എന്നാൽ ആ താരതമ്യം തനിക്ക് ഇഷ്ടമല്ല എന്ന തുറന്ന് പറയുകയാണ് ബേസിൽ ജോസഫ്.

പ്രാവിൻകൂട് ഷാപ്പ് എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിലായിരുന്നു ബേസിലിന്റെ പ്രതികരണം. തന്നെ സ്നേഹിക്കുന്ന നിരവധി ആളുകൾ ഉണ്ട്. അതിൽ വലിയ സന്തോഷവും ഉണ്ട്. എന്നാൽ തന്നെ ആരുമായി താരതമ്യം ചെയ്യരുത് എന്നായിരുന്നു ബേസിൽ പറഞ്ഞത്. ബേസിലിന്റെ വാക്കുകൾ ഇങ്ങനെയാണ്. – ‘എന്നെ ആൾക്കാർ ഇഷ്ടപ്പെടുന്നു എന്ന് പറയുന്നതിൽ സന്തോഷം. പക്ഷേ എനിക്ക് എന്റേതായ ഐഡന്റിറ്റി ഉണ്ടാവണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. ദിലീപിന്റെ ആ ലെഗസി അദ്ദേഹം ഒറ്റയ്ക്ക് ഉണ്ടാക്കിയെടുത്തതാണ് അതുമായി താരതമ്യം ചെയ്യപ്പെടാൻ എനിക്ക് താത്പര്യമില്ല.’ എന്നിങ്ങനെയായിരുന്നു ബേസിലിന്റെ പ്രതികരണം.

ബേസിലിന്റേതായി ഇപ്പോൾ പുറത്തിറങ്ങിയ ചിത്രം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ സംവിധാനം ചെയ്ത പ്രാവിന്‍കൂട് ഷാപ്പ് ആണ്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ഇതുവരെ ലഭിച്ചത്. ബേസിലിനെ കൂടാതെ സൗബിന്‍ ഷാഹിര്‍, ചാന്ദ്നി ശ്രീധരന്‍, ശിവജിത് പത്മനാഭന്‍, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന്‍ കെ എസ് തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. ഡാര്‍ക്ക് ഹ്യൂമര്‍ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യദിനം തന്നെ ഭേദപ്പെട്ട പ്രതികരണം നേടാന്‍ ചിത്രത്തിനായിട്ടുണ്ട്.