Entertainment

‘രോമാഞ്ചം’ കണ്ട ആളുകൾ എന്നോട് അങ്ങനെ പ്രതികരിച്ചു, എന്നാൽ ഭ്രമയു​ഗത്തിൽ അഭിനയിച്ചതോടെ അത് മാറി : അർജുൻ അശോകൻ

മലയാളികളുടെ പ്രിയപ്പെട്ട നടൻമാരുടെ ലിസ്റ്റിലേക്ക് വളരെ പെട്ടെന്ന് കടന്നുകയറിയ നടനാണ് അർജുൻ അശോകൻ. ചുരുക്കം ചിത്രങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകപ്രീതി പിടിച്ചു പറ്റാൻ നടന് കഴിഞ്ഞിട്ടുണ്ട്. അച്ഛൻ ഹരിശ്രീ അശോകനെ പോലെ തന്നെ കോമഡിയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട് അർജുൻ അശോകൻ. അർജുന്റെ ഏറെ ശ്രദ്ധിക്കപ്പെട്ടതും പ്രശംസ നേടിയതുമായി കഥാപാത്രം ഭ്രമയു​ഗത്തിലേതായിരുന്നു. അതുവരെയുള്ള കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഭ്രമയു​ഗത്തിലെ അർജുന്റെ കഥാപാത്രവും അഭിനയവും. ഇപ്പോൾ താൻ അഭിനയിച്ച ഭ്രമയുഗത്തെക്കുറിച്ചും രോമാഞ്ചത്തെക്കുറിച്ചും ഒരു അഭിമുഖത്തിൽ സംസാരിക്കുകയാണ് താരം.

ജിത്തു മാധവൻ ആദ്യമായി സംവിധാനം ചെയ്ത് തിയേറ്ററിൽ വൻ വിജയമായ ചിത്രമാണ് രോമാഞ്ചം. ഹൊറർ കോമഡി മോഡിൽ ഒരുക്കിയ ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ തന്നെയാണ് അർജുൻ അവതരിപ്പിച്ചത്. സിനു സോളമൻ എന്നായിരുന്നു ചിത്രത്തിൽ അർജുന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രം ഇറങ്ങിയ ശേഷം അതിലെ തലയാട്ടിക്കൊണ്ടുള്ള അർജുന്റെ ചിരി ഏറെ വൈറലായിരുന്നു. അതുകൊണ്ട് തന്നെ ആ ചിത്രത്തിന് ശേഷം പലരും തന്നെ കാണുമ്പോൾ തലയാട്ടി അതുപോലെ ചിരിക്കുമായിരുന്നു എന്നാണ് താരം പറയുന്നത്. എന്നാൽ ഭ്രമയു​ഗം ഇറങ്ങിയ ശേഷം ആളുകൾക്ക് തന്നോടുള്ള പെരുമാറ്റം മാറി കുറച്ച് ബഹുമാനം ഒക്കെ വന്നു എന്നാണ് അർജുൻ അശോകൻ പറയുന്നത്. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. മുൻപ് ഒരു ചാനൽ അഭിമുഖത്തിൽ ഭ്രമയു​ഗത്തിലെ അഭിനയം കണ്ട് അച്ഛൻ ഹരിശ്രീ അശോകൻ ഇത് നീ നന്നയി ചെയ്തിട്ടുണ്ട് എന്ന് അഭിപ്രായപ്പെട്ടതായും താരം പറഞ്ഞിരുന്നു.

ഇപ്പോൾ അർജുൻ അശോകന്റെതായി പുറത്തിറങ്ങിയ ചിത്രം എന്ന് സ്വന്തം പുണ്യാളൻ ആണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അഭിനയിച്ചിരിക്കുന്നത്.