Entertainment

ലാൽ ജോസ് ചിത്രം കരിയർ മാറ്റിമറിച്ചു, ആ കഥാപാത്രം വലിയ ആത്മവിശ്വാസം നൽകി : ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാർക്കോ സൂപ്പർ ഹിറ്റായിരുന്നു. മലയാളത്തിന് പുറത്തും മികച്ച പ്രതികരണങ്ങൾ നേടിയതോടെ പാൻ ഇന്ത്യൻ സ്റ്റാറായി ഉണ്ണി മാറിക്കഴിഞ്ഞു. ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ എന്ന ഒറ്റ സിനിമയോടെ ഉണ്ണി മുകുന്ദന്റെ കരിയർ ​ഗ്രാഫ് വലിയ രീതിയിൽ ഉയർന്നു. മാർക്കോയിലൂടെ ഉണ്ണി മുകുന്ദന് സൂപ്പർ സ്റ്റാർ പട്ടം തന്നെ ലഭിച്ചുകഴിഞ്ഞു. മോഹൻലാൽ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, നസ്ലിൻ ​ഗഫൂർ, ടോവിനോ എന്നിവർക്ക് ശേഷം സോളോ 100 കോടി നേടുന്ന താരം കൂടായായി മാറി കഴിഞ്ഞു ഉണ്ണി മുകുന്ദൻ. മാർക്കോ കൊറിയയിൽ കൂടി റിലീസ് ചെയ്യുന്നതോടെ ഉണ്ണി മുകുന്ദന്റെ ഫാൻസ് ഇന്റർ നാഷ്ണൽ ലെവൽ ആകാനും സാധ്യതയുണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ കരിയറിന്റെ ആദ്യ നാളുകളെക്കുറിച്ച് തുറന്ന് പറയുകയാണ് താരം.

അഭിനയ രം​ഗത്ത് എത്തിയ ആദ്യ ഘട്ടത്തിൽ കിട്ടുന്ന വേഷങ്ങൾ എല്ലാം ചെയ്തിരുന്നു എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. അതുകൊണ്ട് തന്നെ ഒരു നടൻ എന്ന നിലയിൽ തനിക്ക് വലിയ ആത്മവിശ്വാസം തോന്നിയിരുന്നില്ല എന്നും താരം പറയുന്നു. പിന്നീട് ലാൽ ജോസ് ചിത്രമായ വിക്രമാദിത്യനിലെ വേഷമാണ് വഴിത്തിരവായതെന്നും ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു. പാൻ ഇന്ത്യൻ ആക്ടേഴ്‌സ് റൗണ്ട് ടേബിളിൽസംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.

ഉണ്ണി മുകുന്ദന്റെ വാക്കുകൾ ഇങ്ങനെയാണ്. – ‘കയ്യിൽ വരുന്ന വേഷങ്ങളെല്ലാം ചെയ്യുന്ന രീതിയിലായിരുന്നു കരിയറിലെ ആദ്യ മൂന്ന് വർഷങ്ങൾ കടന്നുപോയത്. അതിനുശേഷം ലാൽ ജോസ് സാർ സംവിധാനം ചെയ്ത വിക്രമാദിത്യൻ എന്ന ചിത്രമാണ് നടനെന്ന നിലയിൽ എനിക്ക് ആത്മവിശ്വാസം നൽകിയത്. സെക്യുറായ ഒരു ഫീൽ നൽകിയത്. ഷൂട്ട് നടക്കുമ്പോഴും എനിക്ക് പകരം മറ്റാരെയെങ്കിലും കാസ്റ്റ് ചെയ്യുമോ എന്നെല്ലാം തോന്നുമായിരുന്നു. പക്ഷെ ആ സിനിമക്ക് ശേഷം നടനായി തന്നെ തുടരാമെന്ന് എനിക്ക് തോന്നി.’ എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്.