യോ യോ ഹണി സിംഗ് അല്ലെങ്കിൽ ഹണി സിംഗ് എന്നറിയപ്പെടുന്ന ഹിർദേഷ് സിംഗ്, ഒരു ഇന്ത്യൻ ഗായകനും സംഗീത നിർമ്മാതാവും നടനുമാണ്. 2003-ൽ ഹിപ്-ഹോപ്പ് സംഗീത നിർമ്മാതാവായിട്ടാണ് അദ്ദേഹം തൻ്റെ കരിയർ ആരംഭിച്ചത്. തൻ്റെ ആദ്യ സ്റ്റുഡിയോ ആൽബമായ ഇൻ്റർനാഷണൽ വില്ലേജർ പുറത്തിറങ്ങുന്നത് വരെ സംഗീത രംഗത്ത് സെഷനും റെക്കോർഡിംഗ് ആർട്ടിസ്റ്റുമായി പ്രവർത്തിച്ചു. ഇപ്പോഴിതാ ബൈപോളാർ ഡിസോർഡറുമായി പൊരുതുന്നയാളാണ് താനെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. തനിക്ക് മാനസികവെല്ലുവിളിയുണ്ടെന്നു സ്വയം കരുതുന്നുവെന്നും വർഷങ്ങളായി അതിനോടു പോരാടുകയാണെന്നും ഗായകൻ പറഞ്ഞു. അടുത്തിടെ നടി റിയ ചക്രബർത്തിയുമായി ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ഹണി രോഗാവസ്ഥയെക്കുറിച്ചു വെളിപ്പെടുത്തിയത്.
‘കഴിഞ്ഞ 6 വർഷങ്ങളായി ബൈപ്പോളാർ ഡിസോർഡറിനോടു പോരാടുകയാണ് ഞാൻ. എന്റെ ചിന്തയിലും പെരുമാറ്റത്തിലുമെല്ലാം പലവിധ ക്രമക്കേടുകൾ ഉണ്ട്. അതൊക്കെ ഞാൻ ആഴത്തിൽ ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. ഞാൻ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. അത് എനിക്കു തന്നെയറിയാം. ഈ രോഗാവസ്ഥയോടുള്ള എന്റെ പോരാട്ടത്തിലെ ആദ്യ മൂന്ന് വർഷങ്ങൾ ഞാൻ മരിച്ചതിനു തുല്യമായിരുന്നു. ശരിക്കും ഞാൻ മരിച്ചു എന്നായിരുന്നു എന്റെ ധാരണ’, ഹണിസിങ് പറഞ്ഞു.
ഹണിയുടെ അവസ്ഥ തനിക്കു മനസ്സിലാകുമെന്നും ജോലിപരമായ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കാണുമ്പോൾ ഒരേസമയം തനിക്കു സന്തോഷവും സങ്കടവും തോന്നാറുണ്ടെന്നും റിയ ചക്രബർത്തി പ്രതികരിച്ചു. ‘അതിജീവിച്ചുകൊണ്ടിരിക്കുന്നതിൽ സന്തോഷം. നിങ്ങൾ വലിയൊരു ജേതാവ് ആണ്. ഈ അവസ്ഥ മാറിയില്ലെങ്കിലും കുഴപ്പമില്ല. ഞങ്ങൾ എല്ലാവരും എന്നും ഹണിയെ സ്നേഹിക്കുന്നു. നിങ്ങളുടെ പോരാട്ടത്തിനു വലിയ സല്യൂട്ട്’, റിയ പറഞ്ഞു.
അതേസമയം, സംഗീതലോകത്ത് സജീവമായി തുടരുകയാണ് ഹണി സിങ്. ‘മില്യനയര്‍ ടൂര്‍’ എന്ന പേരിൽ പാട്ടുമായി ഇന്ത്യൻ പര്യടനത്തിന് ഒരുങ്ങുകയാണ് ഗായകൻ. ഫെബ്രുവരി 22ന് മുംബൈയിൽ മില്യനയര്‍ ടൂറിന് തുടക്കമാകും. ല്കനൗ, ഡൽഹി, ഇൻഡോർ, പുണെ, അഹമ്മദാബാദ്, ബെംഗളൂരു, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിൽ പാട്ടുമായി ഹണി സിങ് എത്തും.
CONTENT HIGHLIGHT: honey singh says he is suffering from bipolar disorder