മുംബൈ: നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച വാർത്ത ഞെട്ടലോടെ ആയിരുന്നു സിനിമാ ലോകം കേട്ടത്. നടന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് ആശുപത്രിയിൽ നിന്നും ലഭിച്ച റിപ്പോർട്ടുകൾ. നടൻ അപകടനില പൂര്‍ണമായും തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നടന്‍റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുമെന്നും ലീലാവതി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇപ്പോഴിതാ താരത്തെ ആക്രമിച്ചയാള്‍ ആദ്യം ലക്ഷ്യമിട്ടത് ഷാരൂഖ് ഖാനെയാണെന്ന് റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തുവരുന്നത്. ഷാരൂഖിന്റെ വസതിയായ മന്നത്ത് ബംഗ്ലാവില്‍ കയറാന്‍ ശ്രമിച്ചിരുന്നെങ്കിലും കനത്ത സുരക്ഷാസജ്ജീകരണങ്ങള്‍ ഉള്ളതിനാല്‍ ഈ ശ്രമം പരാജയപ്പെട്ടുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
സെയ്ഫിനെ അക്രമിച്ച കേസില്‍ ഒരാളെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യംചെയ്തുവരികയാണ്. ഇതിനിടെയാണ് അക്രമി ഷാരൂഖിനേയും ലക്ഷ്യമിട്ടിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ജൂലായ് 14ന് വീട്ടില്‍ കയറാനായിരുന്നു ശ്രമം. ഷാരൂഖിന്റെ വീടിന്റെ അടുത്ത് ഒരാള്‍ കൈയില്‍ 6-8 അടി നീളമുള്ള ഇരുമ്പ് ഏണിയുമായി ചുറ്റിത്തിരിയുന്നത് കണ്ടിരുന്നുവെന്നാണ് വിവരം. ഇതും സെയ്ഫ് അലി ഖാനെ അക്രമിച്ച പ്രതിയും ഒരാളെന്നാണ് പോലീസ് സംശയിക്കുന്നത്. സെയ്ഫിനെ ആക്രമിച്ചുവെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റിഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ബാന്ദ്ര വെസ്റ്റിലെ സദ്ഗുരു ശരണ്‍ കെട്ടിടത്തിലെ നടന്റെ വീട്ടില്‍ വെച്ചായിരുന്നു ആക്രമണം. നടന്റെ കൈയിലും കഴുത്തിലുമായി ആറ് മുറിവുകളുണ്ടായിരുന്നു. നട്ടെല്ലില്‍നിന്ന് രണ്ടര ഇഞ്ച് നീളമുള്ള കത്തി ശസ്ത്രക്രിയയിലൂടെ നീക്കിയതായി നേരത്തെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
CONTENT HIGHLIGHT: before saif attacker had targeted shah rukh khan