തെലുങ്കിന്റെ ആവേശമായ താരമാണ് ബാലയ്യ. നന്ദാമുരി ബാലകൃഷ്‍ണ നായകനായി വന്ന ചിത്രം ഡാക്യു മഹാരാജാണ്. മികച്ച ഓപ്പണിംഗാണ് ചിത്രത്തിന് ലഭിച്ചത്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ആഘോഷത്തിന്റെ ഭാഗമായി ആടിനെ ബലിയര്‍പ്പിച്ച സംഭവത്തിനെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. മൃഗസംരക്ഷണ സംഘടനയായ പെറ്റ (പീപ്പിള്‍ ഫോര്‍ ദി എത്തിക്കന്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അഞ്ചുപേര്‍ക്കെതിരേയാണ് കേസ്.
ആഘോഷത്തിന്റെ ഭാഗമായി ബാലകൃഷ്ണയുടെ ആരാധാകര്‍ ഒരു ആടിനെ കഴുത്തറുത്ത് കൊല്ലുന്നതും ആഹ്ലാദ പ്രകടനത്തിനിടെ ആടിന്റെ രക്തം സിനിമ പോസ്റ്ററില്‍ പുരട്ടുന്നതിന്റെയും ഉള്‍പ്പെടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവരികയും വൈറലാകുകയും ചെയ്തിരുന്നു. ആരാധകരുടെ ഈ പ്രവര്‍ത്തിയെ വിമര്‍ശിച്ച് നിരവധി ആളുകള്‍ രംഗത്തെത്തിയതോടെയാണ് പെറ്റ ഈ വിഷയം ഏറ്റെടുത്തതും നിയമനടപടി സ്വീകരിക്കുകയും ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന്റെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യയ സംഹിതയിലെ 325, 270 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിനുപുറമെ, ആന്ധ്രാപ്രദേശ് ആനിമല്‍ ആന്‍ഡ് ബേഡ്‌സ് സാക്രിഫൈസ് പ്രൊഹിബിഷന്‍ ആക്ട് 1950-ലെ അഞ്ച്, ആറ് വകുപ്പുകള്‍ അനുസരിച്ചും മൃഗങ്ങളോടുള്ള ക്രൂരതതടയല്‍ നിയമത്തിലെ 3,11(1)എ, 11(1)എല്‍ എന്നീ വകുപ്പുകള്‍ അനുസരിച്ചും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പെറ്റ അറിയിച്ചിരിക്കുന്നത്.
ഒരു മൃഗത്തെ കൊന്ന് അതിന്റെ രക്തം പോസ്റ്ററില്‍ തേക്കുന്നത് നിങ്ങളെ ഒരു സൂപ്പര്‍ ആരാധകനാക്കില്ല. മറിച്ച് ഒരു കുറ്റവാളിയും വില്ലനുമായിരിക്കും ആക്കുക. ഒരു ആരാധകന്‍ തന്റെ സൂപ്പര്‍ സ്റ്റാറിനെ ആരാധിക്കുന്നത് അയാളുടെ സിനിമയുടെ ടിക്കറ്റും ആയാളുടെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടുമായിരിക്കണം. അല്ലാതെ ക്രൂരതയും ആക്രമവും കൊണ്ടായിരിക്കരുതെന്ന് പെറ്റ ഇന്ത്യയുടെ കോഡിനേറ്റര്‍ സലോനി സ്‌കറിയ ന്യൂസ് 18-നോട് പ്രതികരിച്ചു.
വൻ ഹൈപ്പില്‍ എത്തിയ ചിത്രമായിരുന്നു. ഡാകു മഹാരാജിലെ നൃത്ത രംഗം വിവാദമായി മാറിയിരുന്നു. നന്ദാമുരി ബാലകൃഷ്‍ണയും ഉര്‍വശി റൗട്ടേലയുമാണ് രംഗത്ത് ഉള്ളത്. അനുചിതമായ സ്റ്റെപ്പുകാളാണ് വിവാദ ഗാന രംഗത്ത് എന്നാണ് വിമര്‍ശനം. ശേഖര്‍ മാസ്റ്ററാണ് നൃത്ത സംവിധാനം. സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സാണ് ചിത്രത്തിന്റെ നിര്‍മാണം. നന്ദാമുരി ബാലകൃഷ്‍ണ നായകനായി വന്ന ചിത്രത്തില്‍ പ്രഗ്യ ജെയ്‍സ്വാള്‍, ശ്രദ്ധ ശ്രീനാഥ്, ചാന്ദിനി ചൗധരി, റിഷി, നിതിൻ മേഹ്‍ത, ആടുകളം നരേൻ, ഷൈൻ ടോം ചാക്കോ, രവി കിഷൻ, സച്ചിൻ ഖേദേകര്‍, വിവിവി ഗണേഷ്, മകരനന്ദ് ദേശ്‍പാണ്ഡേ, ഹര്‍ഷ വര്‍ദ്ധൻ, സന്ദീപ് രാജ്, ദിവി വദ്ധ്യ, രവി കലേ, ശേഖര്‍, ബോബി കൊല്ലി എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. സംഗീതം നിര്‍വഹിച്ചത് റുബൻ ആണ്.
തെലുങ്കില്‍ മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ബാലയ്യ. തുടര്‍ച്ചയായി ബാലയ്യ മൂന്ന് 100 കോടി ക്ലബിലെത്തിയിരുന്നു. അഖണ്ട, വീര സിംഹ റെഡ്ഡി സിനിമകള്‍ക്ക് പുറമേ ഭഗവത് കേസരിയും 100 കോടി ക്ലബില്‍ എത്തിയിരുന്നു. ബാലയ്യ വീണ്ടും 100 കോടിയിലധികം കളക്ഷൻ നേടുമെന്നാണ് സൂചനകള്‍.