Kozhikode

ലോറിക്കും ബസ്സിനുമിടയിൽ കാർ കുടുങ്ങിയത് ഓവർടേക്ക് ചെയ്യുന്നതിനിടെ; താമരശ്ശേരിയിൽ യുവാവ് മരിച്ചു, 11 പേർക്ക് പരിക്ക് | car-stuck-between-lorry-and-bus

ഇന്നലെ രാത്രി മസൂദും സംഘവും സഞ്ചരിച്ച കാര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കെഎസ്ആര്‍ടിസി ബസ്സിനും ലോറിക്കും ഇടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു

കോഴിക്കോട്: താമരശ്ശേരി ഓടക്കുന്നില്‍ ഇന്നലെ അര്‍ധരാത്രിയുണ്ടായ വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാര്‍ ഡ്രൈവര്‍ മരിച്ചു. കോഴിക്കോട് എലത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദ് (34)ആണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആറോടെയാണ് മരണം സംഭവിച്ചത്.

ഇന്നലെ രാത്രി മസൂദും സംഘവും സഞ്ചരിച്ച കാര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കെഎസ്ആര്‍ടിസി ബസ്സിനും ലോറിക്കും ഇടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. അപകടത്തില്‍ ബസ് യാത്രക്കാരായിരുന്ന ഒന്‍പത് പേര്‍ക്കും കാറില്‍ മസൂദിനൊപ്പം ഉണ്ടായിരുന്ന അബൂബക്കര്‍ സിദ്ദീഖ്, ഷഫീര്‍ എന്നിവര്‍ക്കും പരിക്കേറ്റു. നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിയില്‍ നിന്നും ഡ്രൈവര്‍ പുറത്തേക്ക് തെറിച്ചു വീണെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറുമായിരുന്ന കെഎസ്ആര്‍ടിസി ബസ്, ഡ്രൈവറുടെ സമയോചിത ഇടപെടലിനാല്‍ വലിയ അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

ബസ്സ് യാത്രക്കാരായ ധന്യ കരികുളം, സില്‍ജ വെണ്ടേക്കുംചാല്‍ ചമല്‍, മുക്ത ചമല്‍, ചന്ദ്ര ബോസ് ചമല്‍, ലുബിന ഫര്‍ഹത്ത് കാന്തപുരം, നൗഷാദ് കാന്തപുരം, അഫ്‌സത്ത് പിണങ്ങോട് വയനാട് എന്നിവര്‍ക്കും ഡ്രൈവര്‍ വിജയകുമാര്‍, കണ്ടക്ടര്‍ സിജു എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. പരേതനായ എലത്തൂര്‍ പടന്നയില്‍ അബൂബക്കറിന്റെയും വാടിയില്‍ സൂപ്പിക്കാ വീട്ടില്‍ നജ്മയുടെയും മകനാണ് മുഹമ്മദ് മസൂദ്. ഭാര്യ: കോഴിക്കോടന്‍ വീട്ടില്‍ ഫാത്തിമ ഹന്ന. മകന്‍: മുഹമ്മദ് ഹൂദ് അബൂബക്കര്‍. സഹോദരങ്ങള്‍: മൊഹിയുദ്ദീന്‍ മക്തും, മര്‍ഷിത.

content highlight: car-stuck-between-lorry-and-bus