നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സമയത്തെ തന്റെ പ്രതികരണത്തിൽ മാപ്പ് ചോദിച്ച് നടി ഉർവശി റൗട്ടേല. വീടിനുള്ളിൽവച്ച് സെയ്ഫ് അലി ഖാൻ കുത്തേറ്റതിന്റെ ഞെട്ടലിൽ സിനിമാ ലോകം നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ അനുചിതമായ പ്രതികരണം. ആഭരണങ്ങൾ ധരിച്ച് മാധ്യമത്തിന് മുന്നിലെത്തിയ ഉര്‍വശി സെയ്ഫിനേക്കാള്‍ സംസാരിച്ചത് തന്റെ പുതിയ ചിത്രം ദാക്കു മഹരാജിനെ പറ്റിയും വജ്ര ആഭരണങ്ങളെ പറ്റിയുമാണ്. സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയ മാധ്യമങ്ങളോട് തന്റെ സിനിമയെക്കുറിച്ചായിരുന്നു ഉർവശി റൗട്ടേലയുടെ മറുപടി. സാഹചര്യത്തിന് വിപരീതമായ താരത്തിന്റെ മറുപടി വിമര്‍ശനത്തിന് കാരണമായി. സാഹചര്യത്തിന്റെ യഥാര്‍ഥ തീവ്രത മനസിലാക്കാതെയാണ് പ്രതികരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ താരം ക്ഷമ ചോദിക്കുന്നത്.
മാധ്യമങ്ങളുടെ ചോദ്യത്തിന് താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. – ‘വളരെ ദൗര്‍ഭാഗ്യകരമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത്. ദാക്കു മഹാരാജ് ഇപ്പോള്‍ 105 കോടി ബോക്‌സ് ഓഫീസ് വിജയം നേടിയിരിക്കുകയാണ്. സമ്മാനമായി അമ്മ വജ്രങ്ങള്‍ പതിപ്പിച്ച റോളക്‌സ് വാച്ചും അച്ഛന്‍ റിങ് വാച്ചും സമ്മാനിച്ചിരുന്നു. ഇതെല്ലാം ധരിച്ച് ആത്മവിശ്വാസത്തോടെ പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. ആര്‍ക്കും ഞങ്ങളെ ആക്രമിക്കാമെന്ന് അരക്ഷിതാവസ്ഥ ഞങ്ങളെ ബാധിച്ചിട്ടുണ്ട്.’ എന്നിങ്ങനെയായിരുന്നു ഉർവശിയുടെ മറുപടി. സെയ്ഫിന്റെ വിഷയം വീണ്ടും ചോദിച്ചപ്പോൾ സെയ്ഫിനും കുടുംബത്തിനുമായി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നാണ് ഉർവശി മറുപടി നല്‍കിയത്. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിൽ ഖേദ പ്രകടനവുമായിട്ടാണ് താരം രംഗത്ത് എത്തുന്നത്.
ഞാന്‍ പശ്ചാത്താപത്തോടെയാണ് ഇതെഴുതുന്നത്. നിങ്ങള്‍ നേരിട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെ കുറിച്ച് എനിക്ക് ഒരു ബോധ്യവുമുണ്ടായിരുന്നില്ല. ആ സാഹചര്യങ്ങളെ മനസിലാക്കാന്‍ ശ്രമിക്കുന്നതിന് പകരം ഞാന്‍ ദാക്കു മഹാരാജിന്റെ ആവേശത്തിലായിരുന്നു, എനിക്ക് ലഭിച്ച സമ്മാനങ്ങളുടെയും. അതില്‍ ഞാന്‍ ലജ്ജിക്കുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് നിങ്ങള്‍ കാണിച്ച സഹിഷ്ണുത പ്രശംസനീയമാണ്. നിങ്ങളുടെ കരുത്തിനെ ബഹുമാനിക്കുന്നു.- എന്നിങ്ങനെയാണ് ഉർവശി റൗട്ടേലയുടെ ക്ഷമാപണം.
കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. കുട്ടികളുടെ മുറിയില്‍ കള്ളന്‍ കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്. വീട്ടുജോലിക്കാരിയുടെ കൈയിലും പരിക്കേറ്റിട്ടുണ്ട്.