Entertainment

‘ജയിലര്‍ 2’ ടീസറിലുള്ളത് രജനികാന്തിന്റെ ഡ്യൂപ്പ് ? വിമര്‍ശകര്‍ക്ക് മറുപടി നൽകി അണിയറപ്രവർത്തകർ

രജനികാന്തിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ജയിലറി’ന് രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത രജനി ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. ‘ജയിലര്‍ 2’വിന്‍റെ അനൗണ്‍സ്‌മെന്‍റ്‌ ടീസറും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ വൈറലാണ്. ആദ്യ ഭാഗത്തിലെ രംഗങ്ങള്‍ അനുസ്‌മരിപ്പിക്കും വിധമാണ് രണ്ടാം ഭാഗത്തിന്‍റെ ടീസര്‍ ഒരുക്കിയിരിക്കുന്നത്. പൊങ്കല്‍ ദിനത്തിലാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ചിത്രത്തിന്‍റെ ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നാലെയാണ് ചിലർ ടീസറിലുള്ളത് രജനികാന്ത് അല്ല ഡ്യൂപ്പ് ആണെന്ന കണ്ടുപിടുത്തവുമായി രം​ഗത്ത് എത്തിയത്. എന്നാൽ ഇപ്പോൾ ഇതിന് പ്രതികരണമെന്ന നിലയില്‍ ടീസറിന്‍റെ ബിടിഎസ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

4 മിനിറ്റ് 22 സെക്കന്‍ഡ് ദൈർഘ്യമുള്ള ബിടിഎസ് വീഡിയോയില്‍ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയ എല്ലാ ഷോട്ടുകളിലും സാക്ഷാല്‍ രജനികാന്ത് തന്നെയാണ് അഭിനയിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. ഈ വീഡിയോക്ക് മാത്രം കോടികളാണ് മുടക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സമീപകാല തമിഴ് സിനിമയില്‍ ഏറ്റവും ട്രെന്‍ഡ് സൃഷ്ടിച്ച ചിത്രങ്ങളിലൊന്നായിരുന്നു രജനികാന്ത് നായകനായ ജയിലര്‍. നെല്‍സണ്‍ ദിലീപ്‍കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിലെ മറ്റ് കാസ്റ്റിംഗും ശ്രദ്ധേയമായിരുന്നു. രജനികാന്തിനൊപ്പം നില്‍ക്കുന്ന വില്ലന്‍ റോളിലൂടെ വിനായകന്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങിയവരുടെ അതിഥിവേഷങ്ങളും വലിയ കൈയടി നേടി. അതുകൊണ്ട് തന്നെ ‘ജയിലര്‍ 2’ വരുമ്പോള്‍ ആദ്യ ഭാഗത്തില്‍ അതിഥി വേഷത്തില്‍ എത്തിയ മോഹന്‍ലാല്‍, ശിവരാജ്‌കുമാര്‍ അടക്കമുള്ള താരങ്ങള്‍ ചിത്രത്തിലുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

രജനികാന്തിന്‍റെ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെ കൂടുതല്‍ ആഴത്തില്‍ സമീപിക്കുന്നതാവും രണ്ടാം ഭാ​ഗമെന്നാണ് അറിയുന്നത്. തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിം​ഗ് വരാന്‍ സാധ്യതയുള്ള അപ്കമിം​ഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2.