Entertainment

ആഘോഷിക്കാൻ വയ്യാത്ത അവസ്ഥ; മകളുടെ ആദ്യ വിവാഹ വാര്‍ഷികത്തിന് എത്താൻ കഴിയില്ലെന്ന് സുരേഷ് ഗോപി

കേരളം വലിയ രീതിയിൽ ആഘോഷിച്ച താര വിവാഹങ്ങളിൽ ഒന്നായിരുന്നു നടനും കേന്ദ്ര സഹമന്ത്രി കൂടിയായ സുരേഷ് ​ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം. സിനിമാ, രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ പ്രമുഖരെല്ലാം വിവാഹത്തിന് പങ്കെടുത്തിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിവെര വിവാഹ ആഘോഷത്തിന് പങ്കെടുക്കാൻ എത്തിയിരുന്നു. വിവാഹം നടന്നത് 2024 ജനുവരി 17ന് ആയിരുന്നു. ഇപ്പോൾ അതിന്റെ ഒന്നാം വാർഷികം കഴിഞ്ഞപ്പോൾ സുരേഷ് ​ഗോപി മകൾക്കും മരുമകനുമായി സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കുടുംബത്തിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരത്തിന്റെ കുറിപ്പ്.

സുരേഷ് ​ഗോപിയുടെ പോസ്റ്റ്

‘ഒരുമിച്ചുള്ള ഒരു വർഷം. ഒരു ജീവിതകാലം മുഴുവൻ ഓർക്കാനുള്ള ഓർമകൾ. എന്റെ പ്രിയപ്പെട്ട ഭാഗ്യയും ശ്രേയസും. നിങ്ങളുടെ ഒന്നാം വിവാഹ വാർഷികത്തിൽ നിങ്ങൾ പങ്കിടുന്ന മനോഹരമായ ബന്ധത്തിൽ ഞാൻ എത്ര അഭിമാനിക്കുന്നുവെന്ന് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ പ്രത്യേക ദിനം നമുക്ക് ഗംഭീരമായി ആഘോഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ നിർഭാഗ്യവശാൽ എന്റെ ആരോഗ്യം അതിനായി അടുത്തിടെയായി സഹകരിക്കുന്നില്ല. എന്റെ ആരോ​ഗ്യം മെച്ചപ്പെട്ടുവെന്ന് തോന്നുന്ന മറ്റൊരു ദിവസത്തേക്ക് ആഘോഷങ്ങൾ മാറ്റിവയ്ക്കാം. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സാഹസികതയുടെയും ഇനിയും നിരവധി വർഷങ്ങൾ ഒരുമിച്ച് ഉണ്ടാകട്ടെ. ഓരോ ദിവസം കഴിയുന്തോറും നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമായി വളരട്ടെ. വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയുന്നതിനേക്കാൾ ഞാൻ നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു. ഒന്നാം വാർഷിക ആശംസകൾ.’

സുരേഷ് ​ഗോപിയുടെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ നിരവധി പേരാണ് ഭാ​ഗ്യയ്ക്കും ശ്രേയസിനും വിവാഹ വാർഷിക ആശംസകളുമായി എത്തിയിരിക്കുന്നത്. ഭാ​ഗ്യയുടെ വളരെ നാളുകളായുള്ള സുഹൃത്തായിരുന്നു ശ്രേയസ്. നീണ്ട കാല സൗഹ്യദത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്.